...
Home News Kerala ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാർത്ഥി കസ്റ്റഡിയിൽ

ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാർത്ഥി കസ്റ്റഡിയിൽ

ഫോട്ടോകൾ ശേഖരിച്ച് അശ്ലീല ചിത്രങ്ങളും വീഡിയോകളുമാക്കി മാറ്റിയ ശേഷം ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും വ്യാപകമായി പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്

3

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജിലെ വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ. ബിബിഎ ലോജിസ്റ്റിക്സ് രണ്ടാം വർഷ വിദ്യാർത്ഥിയായ ശ്രീഹരിയാണ് പിടിയിലായത്. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും വിശദമായ ചോദ്യം ചെയ്യൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ക്ലാസ് മുറികളിലെയും കോളേജിലെ വിവിധ പരിപാടികളിലെയും ഫോട്ടോകൾ ശേഖരിച്ച് അശ്ലീല ചിത്രങ്ങളും വീഡിയോകളുമാക്കി മാറ്റിയ ശേഷം ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും വ്യാപകമായി പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. സഹപാഠികൾ തന്നെയാണ് വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും.

സംഭവത്തിന് പിന്നാലെ കോളേജിൽ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. പ്രതിയായ ശ്രീഹരിയെ അറസ്റ്റ് ചെയ്യണമെന്നും കോളേജിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട വിദ്യാർത്ഥികൾ, മാനേജ്‌മെന്റ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചു.

കുറ്റാരോപിതനായ വിദ്യാർത്ഥി കെഎസ്‌യു മീഡിയ കമ്മിറ്റി അംഗമാണെന്നും ലോക്കൽ ഗാർഡിയനെ വരുത്തി കാമ്പസിൽ നിന്ന് രക്ഷപ്പെടുത്താൻ കോളേജ് അധികൃതർ കൂട്ടുനിന്നെന്നുമായിരുന്നു പ്രധാന ആരോപണം. വിവാദത്തിന് പിന്നാലെ ശ്രീഹരിയെ കെഎസ്‌യു സംഘടനയിൽ നിന്നും പുറത്താക്കി.

എന്നാൽ ആരോപണങ്ങൾ തള്ളി കോളേജ് പ്രിൻസിപ്പൽ സൗമ്യ രംഗത്തെത്തി. പ്രതിയായ വിദ്യാർത്ഥിയെ മാർച്ച് 1-ന് തന്നെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നതായും പരീക്ഷ എഴുതിച്ചെന്നത് വ്യാജ പ്രചാരണമാണെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. മുൻപ് ശ്രീഹരിക്കെതിരെ മറ്റ് പരാതികൾ ഒന്നും ലഭിച്ചിരുന്നില്ലെന്നും, കുട്ടിക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്ന് വീട്ടുകാർ അറിയിച്ചതുകൊണ്ടാണ് ലോക്കൽ ഗാർഡിയന്റെ കൂടെ വിട്ടയച്ചതെന്നും അവർ വിശദീകരിച്ചു.

കുട്ടിയുടെ ലാപ്‌ടോപ്പ് മാനേജ്‌മെന്റിന്റെ കൈവശമുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും ഫോൺ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കോളേജ് അധികൃതർ അറിയിച്ചു. ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കോണിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.