...
Home News വിദ്യാഭ്യാസ ചരിത്രം മാറ്റിയെഴുതിയ മഹാരഥന്മാർ: പുരാതന ഗുരുക്കന്മാർ മുതൽ ആധുനിക മാതൃകകൾ വരെ

വിദ്യാഭ്യാസ ചരിത്രം മാറ്റിയെഴുതിയ മഹാരഥന്മാർ: പുരാതന ഗുരുക്കന്മാർ മുതൽ ആധുനിക മാതൃകകൾ വരെ

പ്രമുഖരായ ചില വിദ്യാഭ്യാസ വിചക്ഷണരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും സംഭാവനകൾ

3

പഠനത്തെ കേവലം അറിവുനേടാനുള്ള മാർഗമായി കാണാതെ സാമൂഹിക മാറ്റത്തിനുള്ള ഒരു ശക്തിയായി ഉപയോഗിച്ച ധന്യരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചരിത്രമാണ് ഇന്ത്യയുടേത്. രാജ്യത്തിന്റെ ചിന്താഗതിയെയും വളർച്ചയെയും അടിമുടി മാറ്റിമറിച്ച പ്രമുഖരായ ചില വിദ്യാഭ്യാസ വിചക്ഷണരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും സംഭാവനകൾ:

  1. ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ

‘നമ്മളെ സ്വയം ചിന്തിക്കാൻ സഹായിക്കുന്നവരാണ് യഥാർത്ഥ അധ്യാപകർ’ എന്ന് വിശ്വസിച്ചിരുന്ന മഹാന വ്യക്തിത്വമാണ് ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ. നാം അധ്യാപക ദിനമായി ആചരിക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയുടെ ഈ ഉന്നത പാരമ്പര്യത്തെയാണ് ഓർമ്മിപ്പിക്കുന്നത്. രാഷ്ട്രപതി പദവിയിലെത്തുന്നതിന് മുൻപ് തത്ത്വചിന്തകൻ, അക്കാദമിക് വിദഗ്ദ്ധൻ, ചിന്തകൻ, അധ്യാപകൻ, നയതന്ത്രജ്ഞൻ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങി.

  1. സാവിത്രിഭായ് ഫൂലെ

പെൺകുട്ടികളുടെ വിദ്യാഭ്യാസം ഒരു മൗലികാവകാശമായി അംഗീകരിക്കപ്പെടുന്നതിന് വളരെ മുൻപ് തന്നെ സാമൂഹിക തടസ്സങ്ങളെ ധീരമായി നേരിട്ട വ്യക്തിയാണ് സാവിത്രിഭായ് ഫൂലെ. ഇന്ത്യയിലെ ആദ്യകാല വനിതാ അധ്യാപകരിൽ ഒരാളായ അവർ, സമൂഹം ശക്തമായി എതിർത്തിരുന്ന കാലഘട്ടത്തിലാണ് പെൺകുട്ടികൾക്കായി ഔപചാരിക വിദ്യാലയങ്ങളുടെ വാതിലുകൾ തുറന്നത്.

  1. രവീന്ദ്രനാഥ ടാഗോർ

വിദ്യാഭ്യാസം ഒരിക്കലും നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ട ഒന്നല്ലെന്ന കാഴ്ചപ്പാടായിരുന്നു ഗുരുദേവനായ രവീന്ദ്രനാഥ ടാഗോറിന്റേത്. പ്രകൃതി, സർഗാത്മകത, കലകൾ എന്നിവയുമായി ഇഴചേർന്നുള്ള ഒരു വിമോചനാനുഭവമായാണ് അദ്ദേഹം പഠനത്തെ കണ്ടത്. ശാന്തിനികേതനിൽ അദ്ദേഹം യാഥാർത്ഥ്യമാക്കിയ ഈ ദർശനമാണ് പിന്നീട് വിശ്വഭാരതി സർവകലാശാലയായി വളർന്നത്.

  1. ഡോ. എ.പി.ജെ. അബ്ദുൾ കലാം

ഇന്ത്യയുടെ ബഹിരാകാശ-പ്രതിരോധ മേഖലകളെ നയിക്കുകയും രാജ്യത്തിന്റെ പ്രഥമ പൗരനാകുകയും ചെയ്തപ്പോഴും താനൊരു അധ്യാപകനാണെന്ന് വിശ്വസിക്കാനാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇഷ്ടപ്പെട്ടത്. രാജ്യത്തുടനീളമുള്ള യുവാക്കളുമായി സംവദിക്കാൻ സമയം കണ്ടെത്തിയ അദ്ദേഹം, വലിയ ലക്ഷ്യങ്ങൾ സ്ഥാപിക്കാനും വെല്ലുവിളികളെ അതിജീവിച്ച് സമഗ്രതയോടെ ജീവിക്കാനും പുതിയ തലമുറയെ നിരന്തരം പ്രോത്സാഹിപ്പിച്ചു.

  1. ഗോപാല കൃഷ്ണ ഗോഖലെ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഭൂരിഭാഗം ആളുകൾക്കും അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ, പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങൾക്ക് പഠനത്തിലേക്ക് പ്രവേശനം ഉറപ്പാക്കാൻ ശക്തമായി വാദിച്ച ദേശീയവാദിയും പരിഷ്കർത്താവുമാണ് ഗോപാല കൃഷ്ണ ഗോഖലെ.

  1. സ്വാമി ദയാനന്ദ സരസ്വതി

വേദങ്ങളിലും സംസ്കൃതത്തിലും അഗ്രഗണ്യനായ പണ്ഡിതനും ആര്യസമാജത്തിന്റെ സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതി, സ്ത്രീകളുടെ തുല്യാവകാശങ്ങൾക്കൊപ്പം ഒരു വ്യക്തിയുടെ സമഗ്രവികസനത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് ഉറച്ചുവിശ്വസിച്ചു.

  1. ഡോ. സാക്കിർ ഹുസൈൻ

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ഡോ. സാക്കിർ ഹുസൈൻ പ്രശസ്തമായ ജാമിയ മില്ലിയ ഇസ്ലാമിയയുടെ അടിത്തറ പാകുന്നതിൽ നിർണായക പങ്കുവഹിച്ചു. പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങാതെ പ്രായോഗിക കഴിവുകളുടെയും തൊഴിൽ പരിശീലനത്തിന്റെയും പ്രാധാന്യത്തെ അദ്ദേഹം എപ്പോഴും പിന്തുണച്ചു.

  1. ഈശ്വർ ചന്ദ്ര വിദ്യാസാഗർ

പത്തൊൻപതാം നൂറ്റാണ്ടിലെ ബംഗാളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മികച്ച പണ്ഡിതനാണ് ഈശ്വർ ചന്ദ്ര വിദ്യാസാഗർ. വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കിക്കൊണ്ട് സമൂഹത്തെ കൂടുതൽ നീതിപൂർവമാക്കാൻ അദ്ദേഹം തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.