ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ രമ്യാ ഹരിദാസ് എംഎൽഎയുടെ വാദങ്ങൾ മുഖവിലയ്ക്കെടുക്കാതെ ഔദ്യോഗിക രേഖകൾ. സംഭവസ്ഥലത്തുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന രമ്യയുടെ വാദമാണ് ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. നിയമസഭാ രേഖകളിലെ ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ പാളയം പ്രദീപിന്റെ പേരില്ല.
ബ്ലോക്ക് പഞ്ചായത്ത് യോഗത്തിനിടയിൽ പാളയം പ്രദീപ് പങ്കെടുത്തത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത എതിർപ്പിനും അസ്വസ്ഥതയ്ക്കും കാരണമായിരുന്നു. ഇതാണ് പിന്നീട് കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് പ്രദീപാണെന്നാണ് എതിർവിഭാഗത്തിന്റെ പ്രധാന പരാതി. എന്നാൽ തന്റെ ഔദ്യോഗിക സ്റ്റാഫിൽപ്പെട്ടയാളാണ് പ്രദീപെന്നായിരുന്നു എംഎൽഎയുടെ വാദം.
എം.എൽ.എമാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ളത് മൂന്ന് സ്റ്റാഫുകളെയാണ്. എന്നാൽ നിലവിൽ വിമൽ എന്ന ഒരാളുടെ പേര് മാത്രമാണ് രമ്യാ ഹരിദാസ് എംഎൽഎയുടെ ഔദ്യോഗിക സ്റ്റാഫ് പട്ടികയിലുള്ളത്.
അന്വേഷണം ഊർജിതം; കെ.പി.സി.സി യോഗം ഇന്ന്
സംഭവത്തിൽ ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സമിതി അധ്യക്ഷനും കെപിസിസി മുൻ പ്രസിഡന്റുമായ എംഎം ഹസ്സൻ വ്യക്തമാക്കി. പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതികരിച്ചു. രാഷ്ട്രീയ രംഗത്ത് തർക്കങ്ങളുണ്ടാകുമ്പോൾ നേതാക്കളും പ്രവർത്തകരും സംയമനം പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷയം ചർച്ച ചെയ്യുന്നതിനായി കെപിസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത ഇരു വിഭാഗങ്ങളുടെയും യോഗം പുരോഗമിക്കുകയാണ്.


