...
Home News International ‘പിക്ആക്സ്’ തകർക്കും; ഇറാന്റെ അതീവ രഹസ്യ ഭൂഗർഭ ആണവകേന്ദ്രത്തിനെതിരെ കടുത്ത മിസൈൽ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

‘പിക്ആക്സ്’ തകർക്കും; ഇറാന്റെ അതീവ രഹസ്യ ഭൂഗർഭ ആണവകേന്ദ്രത്തിനെതിരെ കടുത്ത മിസൈൽ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

പിക്ആക്സിൽ സംശയകരമായ പല പ്രവർത്തനങ്ങളും നടക്കുന്നതായി യു.എസ്. കണ്ടെത്തിയിട്ടുണ്ടെന്നും ഈ നിലയം തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം അതീവ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഒവൽ ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ട്രംപ് വെളിപ്പെടുത്തി.

3

ഇറാന്റെ അതീവ സുരക്ഷിതവും തന്ത്രപ്രധാനവുമായ ഭൂഗർഭ ആണവനിലയം സ്ഥിതി ചെയ്യുന്ന ‘പിക്ആക്സ്’ മല ഉടൻ തന്നെ യു.എസ് ആക്രമിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ അമേരിക്ക പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്.

ഇറാന്റെ ഈ അതീവ സുരക്ഷിതമായ രഹസ്യ ആണവനിലയം ലക്ഷ്യമിട്ടാണ് അമേരിക്കയുടെ പുതിയ നീക്കം. ശത്രുതാപരമായ പ്രവർത്തനങ്ങൾ ഇറാൻ തുടരുകയാണെങ്കിൽ ശക്തമായ രീതിയിലുള്ള ആക്രമണമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പിക്ആക്സിൽ സംശയകരമായ പല പ്രവർത്തനങ്ങളും നടക്കുന്നതായി യു.എസ്. കണ്ടെത്തിയിട്ടുണ്ടെന്നും ഈ നിലയം തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം അതീവ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഒവൽ ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ട്രംപ് വെളിപ്പെടുത്തി. ഇറാനിലുടനീളം എവിടെയൊക്കെ ആരൊക്കെ നീങ്ങുന്നുണ്ടെന്നതിനെക്കുറിച്ച് അമേരിക്കയ്ക്ക് കൃത്യമായ വിവരമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്തെങ്കിലും മോശമായ കാര്യങ്ങൾ സംഭവിക്കുകയാണെങ്കിൽ അവർക്കെതിരെ ശക്തമായ രീതിയിൽ തന്നെ തിരിച്ചടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാൻ ആണവായുധം നേടുന്നത് തടയുക എന്നതുമാത്രമാണ് തങ്ങളുടെ ഈ സൈനിക നടപടിയുടെ പ്രാഥമികവും ആത്യന്തികവുമായ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. അഞ്ച് മാസം കൊണ്ട് ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പുവരുത്താൻ യു.എസിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുടെ സൈനിക ഇടപെടൽ കാരണം മാത്രമാണ് പശ്ചിമേഷ്യയിൽ വലിയൊരു പ്രാദേശിക യുദ്ധം ഉണ്ടാകാതിരുന്നതെന്നും, അല്ലാത്തപക്ഷം ഇന്ന് ഇസ്രായേലോ പശ്ചിമേഷ്യയോ ഈ രീതിയിൽ നിലനിൽക്കുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. മാത്രമല്ല, അവർ യൂറോപ്യൻ നഗരങ്ങളെയും യു.എസ്. നഗരങ്ങളെയും ലക്ഷ്യമിടുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നേരത്തെ 2025 ജൂണിൽ ഇസ്രായേൽ നടത്തിയ പന്ത്രണ്ട് ദിവസത്തെ യുദ്ധത്തിൽ കക്ഷിചേർന്ന് ഇറാന്റെ പ്രധാന ആണവ നിലയങ്ങളായ നതാൻസ്, ഫൊർദോ, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യു.എസ്. ബോംബാക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെ, ഇറാന്റെ തന്ത്രപ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപത്തുവെച്ച് ഇറാനിയൻ കപ്പലിന് നേരെ യു.എസ്. ആക്രമണം നടത്തിയതായും ഇതിനുപിന്നിൽ അമേരിക്കയാണെന്ന് ഇറാൻ ആരോപിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ മുൻകാല സംഭവങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ ആണവനിലയത്തിന് നേരെ പുതിയ മിസൈൽ ഭീഷണി ഉയർന്നിരിക്കുന്നത്.

ഇസ്ഫഹാൻ പ്രവിശ്യയിലെ സഗ്രോസ് മലനിരകളുടെ ഭാഗമായ ‘പിക്ആക്സ്’, ഇറാന്റെ ഏറ്റവും വലിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് വെറും 1.5 കിലോമീറ്റർ അടുത്ത് മാത്രമാണ് സ്ഥിതിചെയ്യുന്നത്. ഭൂമിക്കടിയിൽ വളരെ ആഴത്തിൽ രണ്ട് വലിയ തുരങ്കങ്ങളിലായാണ് ഈ രഹസ്യ നിലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. യുദ്ധം തുടങ്ങിയതോടെ ഇറാൻ തങ്ങളുടെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഇവിടേക്ക് മാറ്റിയതായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു.

പാറതുരന്ന് ഭൂമിക്കടിയിൽ വളരെ ആഴത്തിൽ നിർമ്മിച്ചതിനാൽ സാധാരണ വ്യോമാക്രമണം കൊണ്ട് മാത്രം ഈ നിലയം തകർക്കാൻ സാധിക്കില്ലെന്നും, ഇതിനായി മുൻപ് ഫൊർദോയിൽ ഉപയോഗിച്ചതുപോലുള്ള വലിയ ബങ്കർബസ്റ്റർ ബോംബുകൾ തന്നെ വേണ്ടി വരുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ, വീണ്ടും അത്തരം സാഹസങ്ങൾക്ക് മുതിരുന്നത് നിലവിലെ സംഘർഷങ്ങൾ അനിയന്ത്രിതമാംവിധം സങ്കീർണ്ണമാക്കിയേക്കാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.