സിഎംആര്‍എല്‍- എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) നിര്‍ണായക നീക്കം. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്തയച്ചു. സെക്ഷന്‍ 66(2) പ്രകാരമാണ് കണ്ടെത്തലുകൾ കൈമാറിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ മുന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ്, എക്‌സാലോജിക് എംഡി വീണാ ടി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് ഇഡിയുടെ ആവശ്യം.
കണ്ടെത്തലുകളും വീണാ ടിക്കെതിരായ തെളിവുകളും
കേസില്‍ വീണാ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് ഇഡി നടത്തിയിട്ടുള്ളത്. വീണ വിദേശത്തേക്ക് പണം അയച്ചതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി ഇഡി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഇഡി ഇത്തരത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അസാധാരണമാണെന്ന് നേരത്തെ പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തിൽ കേസിന്റെ അന്വേഷണ പരിധി നേരിട്ട് പിണറായി വിജയനിലേക്കും കുടുംബത്തിലേക്കും എത്തിയിരിക്കുകയാണ്.
രാഷ്ട്രീയ പ്രതിരോധവും തിരിച്ചടിയും
കേസ് അന്വേഷണം പിണറായി വിജയനിലേക്കും പി.എ. മുഹമ്മദ് റിയാസിലേക്കും മറ്റു നേതാക്കളിലേക്കും എത്തിയ ഘട്ടത്തില്‍ ശക്തമായ പ്രതിരോധമാണ് സിപിഐഎം തീര്‍ത്തിരുന്നത്. ഇഡി കേസ് പുകമറ സൃഷ്ടിക്കാൻ മാത്രമുള്ളതാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. എങ്കിലും ഇഡിയുടെ ഭാഗത്തുനിന്നുള്ള ഈ പുതിയ നിയമനടപടി രാഷ്ട്രീയമായി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


