മുൻനിര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ സ്ഥാപനമായ ആന്ത്രോപിക്കിൽ നിന്ന് പ്രമുഖ ഗവേഷകൻ ജേക്കബ് കോക്സൺ രാജി വെച്ചതും അതിനുശേഷമുള്ള വെളിപ്പെടുത്തലുകളും സാങ്കേതിക ലോകത്ത് വലിയ ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. മുൻനിര എഐ ലാബുകൾ മനുഷ്യജീവനുകൾ വെച്ച് ചൂതാട്ടം നടത്തുകയാണെന്നും സ്വയം മെച്ചപ്പെടുന്ന സൂപ്പർ ഇന്റലിജൻസ് വികസിപ്പിക്കാനുള്ള അന്ധമായ മത്സരത്തിലാണ് ഇവയെന്നും കോക്സൺ ആരോപിച്ചു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ എഐ സിസ്റ്റങ്ങൾ മനുഷ്യരാശിയെ മുഴുവൻ കൊന്നൊടുക്കിയേക്കാം എന്ന് ഇത് വികസിപ്പിക്കുന്നവർ തന്നെ ആത്മാർഥമായി വിശ്വസിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വെളിപ്പെടുത്തൽ.
കഴിഞ്ഞ മൂന്ന് വർഷമായി ഓപ്പൺഎഐ (OpenAI), ആന്ത്രോപിക് എന്നീ പ്രമുഖ സ്ഥാപനങ്ങളിൽ പ്രീട്രെയിനിങ് ഗവേഷകനായി പ്രവർത്തിച്ചുവരികയായിരുന്നു ജേക്കബ് കോക്സൺ. എന്നാൽ, ഈ രണ്ട് കമ്പനികളും ഉത്തരവാദിത്തത്തോടെയല്ല പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ടെക് മേധാവികളും മുതിർന്ന ഗവേഷകരും മാധ്യമങ്ങൾക്ക് മുന്നിൽ വാക്കുകൾ മയപ്പെടുത്തി സംസാരിക്കാറുണ്ടെങ്കിലും, സ്വകാര്യമായി എഐ ഉണ്ടാക്കാവുന്ന ഭീഷണികളെക്കുറിച്ച് വലിയ ഭയം പുലർത്തുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. മനുഷ്യന്റെ മറ്റെല്ലാ പ്രവർത്തനങ്ങളേക്കാളും വലിയ അപകടമാണ് എഐ വികസനം വരുത്തിവെക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ സാങ്കേതികവിദ്യയുടെ വിനാശകരമായ ശേഷിയെ ആരും കുറച്ചുകാണരുതെന്ന് കോക്സൺ മുന്നറിയിപ്പ് നൽകുന്നു. എന്തിനെയും ഹാക്ക് ചെയ്യാനും, ഏതൊരു മേഖലയെയും ഒറ്റരാത്രികൊണ്ട് മാറ്റിമറിക്കാനും, യഥാർത്ഥ അധികാരവും വിഭവങ്ങളും കൈക്കലാക്കാനും കഴിയുന്ന അതിമാനുഷിക സംവിധാനങ്ങളായി (superhuman systems) എഐ ഉടൻ തന്നെ പരിണമിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. നിലവിൽ ഈ മേഖലയിലെ പുരോഗതി യാതൊരു തടസ്സവുമില്ലാതെ അതിവേഗം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എഐ റേസിലെ കമ്പനികളുടെ സമീപനത്തെക്കുറിച്ചും കോക്സൺ കൃത്യമായ നിരീക്ഷണം പങ്കുവെച്ചിട്ടുണ്ട്. ഓപ്പൺഎഐ നിലവിലെ അപകടത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. അതേസമയം ആന്ത്രോപിക് ഭീഷണി മനസ്സിലാക്കിയിട്ടുണ്ടെങ്കിലും, മത്സരത്തിൽ പിന്നിലായിപ്പോകുമോ എന്ന ഭയം കാരണം അപകടസാധ്യത മുന്നിൽക്കണ്ടുതന്നെ മുന്നോട്ടുപോകുകയാണ്. എഐ ഏജന്റുകൾ അടുത്തിടെ നടത്തിയ ഹഗ്ഗിങ് ഫേസ് (Hugging Face) ഹാക്കിങ് ഇതിനകം ഉയർന്നുവന്ന അപകടങ്ങൾക്ക് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കോക്സണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ശരിവെച്ച് ആന്ത്രോപിക്കിലെ അലൈൻമെന്റ് സയൻസ് ലീഡ് ഇവൻ ഹൂബിംഗറും രംഗത്തെത്തിയിട്ടുണ്ട്. എഐ സാങ്കേതികവിദ്യ മനുഷ്യരാശിയെ കൊന്നൊടുക്കിയേക്കാം എന്നത് തങ്ങളും ആത്മാർഥമായി വിശ്വസിക്കുന്നുണ്ടെന്ന് ഹൂബിംഗർ സ്ഥിരീകരിച്ചു. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത 10 ശതമാനത്തിൽ കൂടുതലാണെന്ന് കരുതുന്നതായും, ആന്ത്രോപ്പിക് ഇതിൽ പരമാവധി ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള സാധാരണ എഐ മോഡലുകളിൽ നിന്നുള്ള അപകടസാധ്യത കുറവാണെങ്കിലും, ആവർത്തിച്ചുള്ള സ്വയം മെച്ചപ്പെടുത്തലിലൂടെ (recursive self-improvement) ഉണ്ടാകുന്ന സൂപ്പർ ഇന്റലിജൻസിനെക്കുറിച്ചാണ് പ്രധാന ആശങ്കയെന്ന് ഹൂബിംഗർ വ്യക്തമാക്കി. മനുഷ്യൻ പ്രതീക്ഷിച്ചതിനേക്കാൾ വളരെ വേഗത്തിലാണ് സൂപ്പർ ഇന്റലിജൻസിലേക്കുള്ള എഐയുടെ മുന്നേറ്റം സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ മനുഷ്യനെ ഇല്ലാതാക്കും എന്ന് പറയുമ്പോൾ അത് റോബോട്ടുകൾ മനുഷ്യരെ വെടിവെച്ചു കൊല്ലുന്ന രീതിയിലാകണമെന്നില്ലെന്ന് ശാസ്ത്രലോകം വിശദീകരിക്കുന്നു. പകരം, സ്വയം വികസിക്കുന്ന സൂപ്പർ ഇന്റലിജൻസ് സിസ്റ്റങ്ങൾ മാരകമായ പുതിയ വൈറസുകളെ സൃഷ്ടിക്കുക, മനുഷ്യ നിയന്ത്രണമില്ലാത്ത ഓട്ടോണമസ് ഡ്രോണുകളും ആയുധങ്ങളും പ്രവർത്തിപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഹാക്കിങ്ങിലൂടെ വൈദ്യുതി വിതരണ ശൃംഖല, ജലശുദ്ധീകരണ സംവിധാനങ്ങൾ, ഗതാഗതം എന്നിവ തകർത്ത് വലിയ അപകടങ്ങൾ സൃഷ്ടിക്കാനും എഐക്ക് കഴിയും.
എഐ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ആഗോളതലത്തിൽ സജീവ ചർച്ചയാകുമ്പോഴും ഈ സാങ്കേതികവിദ്യയുടെ വികസനം വേഗത്തിൽ തുടരുകയാണ്. മുൻനിര എഐ വികസന സ്ഥാപനമെന്ന നിലയിൽ ആന്ത്രോപിക്കിനെ ഇലോൺ മസ്‌ക് അടുത്തിടെ പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഗവേഷകരുടെ രാജിയും എഐ ലബോറട്ടറികളുടെ അപകടകരമായ പോക്കും മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്നതിനെക്കുറിച്ച് വലിയ മുന്നറിയിപ്പാണ് നൽകുന്നത്.


