ആഗോള കാലാവസ്ഥാ ഇന്റലിജൻസ് ഏജൻസിയായ ‘ആൽഫാജിയോ’ (AlphaGeo) പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, കാലാവസ്ഥാ ആഘാതങ്ങൾ താങ്ങാനാകാത്ത ലോകത്തിലെ 20 നഗരങ്ങളുടെ പട്ടികയിൽ ഗുജറാത്തിലെ അഹമ്മദാബാദ് ഒന്നാം സ്ഥാനം നേടി. പാകിസ്താനിലെ ഹൈദരാബാദിനൊപ്പമാണ് അഹമ്മദാബാദ് ഈ ആശങ്കാജനകമായ ഒന്നാം സ്ഥാനം പങ്കിടുന്നത്. കോൺക്രീറ്റ് സൗധങ്ങളും തിളങ്ങുന്ന ടാറിട്ട പാതകളും കണ്ട് അഭിമാനിച്ച ഇന്ത്യയിലെ ‘സ്മാർട്ട്’ നഗരങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത ഭീഷണിയിലാണെന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥാ ഭീഷണി നേരിടുന്ന ലോകത്തിലെ 20 നഗരങ്ങളിൽ നാലെണ്ണം ഇന്ത്യയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അതിതീവ്രമായ ചൂട്, മിന്നൽ പ്രളയങ്ങൾ, വരൾച്ച എന്നിവയെ ചെറുക്കാൻ നഗരങ്ങളിൽ നിലവിലുള്ള സംവിധാനങ്ങൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഒന്നാം റാങ്കിലുള്ള അഹമ്മദാബാദിൽ അതിതീവ്ര താപതരംഗങ്ങളും സഹിക്കാനാകാത്ത ചൂടും കാരണം വരുംനാളുകളിൽ നഗരം തന്നെ വാസയോഗ്യമല്ലാതായി മാറുന്ന സാഹചര്യമാണുള്ളത്.
പട്ടികയിൽ ആറാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് സമുദ്രനിരപ്പ് ഉയരുന്നതും മിന്നൽ പ്രളയങ്ങളും അടിക്കടിയുണ്ടാകുന്ന ചുഴലിക്കാറ്റുകളും കടുത്ത ഭീഷണിയാകുന്നു. ഇന്ത്യയുടെ ഐ.ടി തലസ്ഥാനമായ ബെംഗളൂരു (റാങ്ക് 12) വേനൽക്കാലത്ത് കുടിവെള്ളമില്ലാതെ വലയുമ്പോൾ, പെയ്യുന്ന ഒറ്റ മഴയിൽ പ്രളയത്തിലാവുകയാണ് ചെയ്യുന്നത്. പതിനഞ്ചാം റാങ്കിലുള്ള ചെന്നൈയെ രൂക്ഷമായ കുടിവെള്ളക്ഷാമവും സമുദ്രനിരപ്പ് ഉയരുന്നതുമാണ് കാലാവസ്ഥാ ദുരന്തങ്ങളുടെ കേന്ദ്രമാക്കുന്നത്.
നഗരങ്ങളിലെ പച്ചപ്പ് നശിപ്പിച്ച് പടുത്തുയർത്തിയ കെട്ടിടങ്ങളും ടാറിട്ട റോഡുകളും പകൽ സമയത്തെ ചൂട് മുഴുവൻ വലിച്ചെടുക്കുകയും രാത്രിയിലും ഇത് പുറത്തുവിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ലോകബാങ്കിന്റെ പഠനപ്രകാരം, തൊട്ടടുത്തുള്ള ഗ്രാമപ്രദേശങ്ങളേക്കാൾ 3°C മുതൽ 4°C വരെ ഉയർന്ന ചൂടാണ് ഇന്ന് ഇത്തരം ഇന്ത്യൻ നഗരങ്ങളിൽ രേഖപ്പെടുത്തുന്നത്.
പ്രകൃതിദുരന്തങ്ങളെ ശാസ്ത്രീയമായി നേരിടാനുള്ള ഡ്രെയിനേജ് സംവിധാനങ്ങൾ ഇന്ത്യയിലെ നഗരങ്ങളിൽ ഇല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി ഒറ്റ മഴയിൽ തന്നെ രാജ്യത്തെ പ്രമുഖ ടെക് നഗരങ്ങൾ മിനിറ്റുകൾക്കുള്ളിൽ വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണുള്ളത്. പച്ചപ്പ് നശിപ്പിച്ചുള്ള നിർമ്മാണങ്ങളും ശാസ്ത്രീയ ആസൂത്രണമില്ലാത്ത നഗരവൽക്കരണവും ഈ പ്രതിസന്ധിയുടെ ആഘാതം വർധിപ്പിക്കുന്നു.


