പശ്ചിമേഷ്യൻ യുദ്ധകാലത്ത് രാജ്യം നേരിട്ട കനത്ത സാമ്പത്തിക ഉപരോധ വേളയിൽ ഇന്ത്യ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ബ്രിക്‌സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയ്ക്കും അദ്ദേഹം പ്രത്യേക കൃതജ്ഞത രേഖപ്പെടുത്തിയത്. അംഗരാജ്യങ്ങളുടെ സാമ്പത്തിക വലിപ്പത്തിനപ്പുറം പരസ്പരമുള്ള വ്യാപാരവും നിക്ഷേപവും സംയുക്ത ധനസഹായവുമാണ് ബ്രിക്‌സിന്റെ യഥാർത്ഥ ശക്തിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിലെ ആഗോള സാഹചര്യം ഏറെ സങ്കീർണ്ണമാണെന്നും ചരക്ക് വ്യവസായത്തെയും വിതരണ ശൃംഖലകളെയും ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും പെസഷ്‌കിയാൻ ചൂണ്ടിക്കാട്ടി. ‘ഭൗമരാഷ്ട്രീയത്തിലെ അനിശ്ചിതത്വം, വിതരണ ശൃംഖലകളിലെ തടസ്സങ്ങൾ, രാഷ്ട്രീയ സമ്മർദ്ദം എന്നിവ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിരിക്കുന്നു. ഈ വെല്ലുവിളികളോടുള്ള ബ്രിക്‌സിന്റെ പ്രതികരണം എന്താണ്?’ എന്നും അദ്ദേഹം ഫോറത്തിൽ സംശയമുന്നയിച്ചു.
അതേസമയം, ആഗോള പ്രശ്‌നങ്ങളുടെ പരിഹാര കേന്ദ്രമായി ഇന്ത്യ മാറിയെന്ന് ബ്രിക്‌സ് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. എല്ലാ അന്താരാഷ്ട്ര മേഖലകളിലും ബ്രിക്‌സ് സജീവമായി ഇടപെടുന്നുണ്ടെന്നും, ലോക ജിഡിപിയുടെ 40 ശതമാനവും ഇപ്പോൾ ബ്രിക്‌സ് രാജ്യങ്ങളുടെ കൈവശമാണെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ചൂണ്ടിക്കാട്ടി. ജി7 രാജ്യങ്ങളുടെ പങ്ക് ഇതിൽ 29 ശതമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഇറാനിലെയും യുക്രെയ്നിലെയും യുദ്ധങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കുന്ന നിർണ്ണായക പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഉച്ചകോടി പുരോഗമിക്കുന്നത്.


