12 September 2026
Home News National ഇന്ത്യൻ മണ്ണിൽ നിന്ന് ‘യൂറോപ്പിന് പുടിന്റെ മുന്നറിയിപ്പ്’; ഉക്രെയ്നിൽ സൈന്യത്തെ അയച്ചാൽ നേരിട്ടുള്ള യുദ്ധം

ഇന്ത്യൻ മണ്ണിൽ നിന്ന് ‘യൂറോപ്പിന് പുടിന്റെ മുന്നറിയിപ്പ്’; ഉക്രെയ്നിൽ സൈന്യത്തെ അയച്ചാൽ നേരിട്ടുള്ള യുദ്ധം

.ബ്രിക്സ് ഉച്ചകോടി വേദിയിൽ നിന്ന് യൂറോപ്പിന് പുടിൻ നൽകിയ ഈ മുന്നറിയിപ്പ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്

5

റഷ്യ-ഉക്രെയ്ൻ സംഘർഷം കൂടുതൽ സങ്കീർണ്ണമാകുന്നതിനിടെ, ന്യൂഡൽഹിയിൽ വെച്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ അദ്ദേഹം, ഉക്രെയ്ൻ അതിർത്തിക്കുള്ളിൽ യൂറോപ്യൻ സൈന്യത്തെ വിന്യവിച്ചാൽ അത് റഷ്യക്കെതിരെയുള്ള നേരിട്ടുള്ള യുദ്ധമായി കണക്കാക്കുമെന്ന് വ്യക്തമാക്കി. ഉക്രേനിയൻ മണ്ണിലെ വിദേശ സൈനിക സാന്നിധ്യം സംഘർഷത്തിന്റെ സ്വഭാവം തന്നെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യൂറോപ്യൻ രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യക്ക് പദ്ധതികളൊന്നുമില്ലെന്നും അവരുമായി ഒരു സംഘർഷത്തിന് തങ്ങൾക്ക് ആഗ്രഹമില്ലെന്നും പുടിൻ ഉറപ്പുനൽകി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആഗോള ക്രമവും സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിനു ശേഷമുള്ള കരാറുകളും റഷ്യയുടെ പൂർണ്ണ സമ്മതത്തോടെയാണ് നടപ്പിലാക്കിയതെന്നും, ഇതിന് വിരുദ്ധമായ നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നാലു വർഷം പിന്നിട്ട് അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് പരിഹാരം കാണാൻ അമേരിക്കയും മധ്യസ്ഥശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യുഎസ് പ്രത്യേക ദൂതൻമാരും മോസ്കോയും കീവും സന്ദർശിച്ചു ചർച്ചകൾ നടത്തിയിരുന്നു.

ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് പുടിനും തമ്മിൽ ന്യൂഡൽഹിയിൽ സുപ്രധാന ഉഭയകക്ഷി കൂടിക്കാഴ്ച നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘2030 ലെ സാമ്പത്തിക സഹകരണ പരിപാടി’ നടപ്പിലാക്കാൻ നേതാക്കൾ ധാരണയായി. ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും ചർച്ചയിൽ തീരുമാനമായി. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മോദിയും പുടിനും കൂടിക്കാഴ്ച നടത്തുന്നത്. ബ്രിക്സ് ഉച്ചകോടി വേദിയിൽ നിന്ന് യൂറോപ്പിന് പുടിൻ നൽകിയ ഈ മുന്നറിയിപ്പ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.