12 September 2026
Home News National ‘എല്‍ നിനോ പ്രതിഭാസം’ കടലിലെ മത്സ്യസമ്പത്തിനെ ബാധിക്കും; മുന്നറിയിപ്പുമായി ഐഎസ്ആര്‍ഒ

‘എല്‍ നിനോ പ്രതിഭാസം’ കടലിലെ മത്സ്യസമ്പത്തിനെ ബാധിക്കും; മുന്നറിയിപ്പുമായി ഐഎസ്ആര്‍ഒ

പഞ്ഞമാസ ആനുകൂല്യങ്ങൾ വൈകുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ മത്സ്യത്തൊഴിലാളി സമൂഹത്തിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്

3

എല്‍ നിനോ പ്രതിഭാസം കടലിലെ മത്സ്യസമ്പത്തില്‍ വൻ കുറവുണ്ടാക്കുമെന്ന് ഐഎസ്ആര്‍ഒയുടെ മുന്നറിയിപ്പ്. ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഓഷ്യന്‍സാറ്റ്-3 ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. എല്‍ നിനോ മൂലം കാറ്റിന്റെ ദിശയിലുണ്ടായ മാറ്റം കടലിലെ സൂക്ഷ്മ സസ്യങ്ങളുടെ (ഫൈറ്റോപ്ലാങ്ക്ടൺ) വളര്‍ച്ചയെ തടഞ്ഞതായും ഇത് സമുദ്രജീവികളുടെ ഭക്ഷണലഭ്യതയെ പ്രതികൂലമായി ബാധിച്ചതായും വിദഗ്ധർ വ്യക്തമാക്കുന്നു.

ഭൂമധ്യരേഖയോട് ചേർന്നുള്ള പസഫിക് സമുദ്രഭാഗത്തെ താപനില വർദ്ധനവാണ് എല്‍ നിനോയ്ക്ക് കാരണം. ഇത് അന്തരീക്ഷത്തിലെ കാറ്റിന്റെയും സമുദ്രജലപ്രവാഹങ്ങളുടെയും രീതികളെ മാറ്റുന്നു. 2026 ജൂണിലെ നിരീക്ഷണങ്ങൾ പ്രകാരം സമുദ്രോപരിതലത്തിലെ ക്ലോറോഫിൽ-എയുടെ അളവിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വർഷം സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ അതിശക്തമായ എൽ നിനോ രൂപപ്പെടുമെന്നും ഇത് 2027 ഫെബ്രുവരി വരെ നീണ്ടുനിൽക്കുമെന്നുമാണ് ആഗോള കാലാവസ്ഥാ ഏജൻസികളുടെ മുന്നറിയിപ്പ്.

കടലിലെ ഉൽപ്പാദനക്ഷമത കുറയുന്നത് തീരദേശ മേഖലയെയും മത്സ്യത്തൊഴിലാളികളെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾക്ക് ഇതുവരെയും അർഹമായ വേതനം ലഭിച്ചിട്ടില്ലെന്നും, കാലാവസ്ഥ വ്യതിയാനം മൂലമുള്ള നഷ്ടത്തിന് സർക്കാർ എത്ര രൂപ ധനസഹായം നൽകുമെന്ന് വ്യക്തമാക്കണമെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. പഞ്ഞമാസ ആനുകൂല്യങ്ങൾ വൈകുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ മത്സ്യത്തൊഴിലാളി സമൂഹത്തിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്.