...
Home News National 2029-ന് മുമ്പ് എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും: അമിത് ഷാ

2029-ന് മുമ്പ് എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും: അമിത് ഷാ

ഏക സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നതോടെ അനന്തരാവകാശ നിയമം, ബഹുഭാര്യത്വം, വിവാഹ നിയമങ്ങള്‍, ലിവ്-ഇന്‍ റിലേഷന്‍, ദത്തെടുക്കല്‍ തുടങ്ങിയ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്

4

2029-ന് മുൻപ് എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (UCC) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും ഇത് ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. “മുത്തലാഖ് നിർത്തലാക്കപ്പെട്ടു, മുസ്ലിം സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ ലഭിച്ചു. നിരവധി സംസ്ഥാനങ്ങളിൽ ഞങ്ങൾ ഏകീകൃത സിവിൽ കോഡ് അവതരിപ്പിച്ചു.

ബിജെപി- എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029-ന് മുമ്പ് ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. 2029ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം എന്നത് ഏറെ ശ്രദ്ധേയമാണ്.

ക്രിമിനൽ നീതിന്യായ വ്യവസ്ഥയും ആർട്ടിക്കിൾ 370

ഭാരതീയ ന്യായ സംഹിതയിലൂടെ രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ സർക്കാർ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അമിത് ഷാ അവകാശപ്പെട്ടു. ഇതിലൂടെ നിരവധി സംസ്ഥാനങ്ങളിൽ ഒറ്റ വർഷം കൊണ്ട് ശിക്ഷാ നിരക്കിൽ 30 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ദേശീയ സുരക്ഷയെക്കുറിച്ച് സംസാരിക്കവെ, ഒരു തുള്ളി രക്തം പോലും ചൊരിയാതെയും ഒരു വെടിയുണ്ട പോലും പൊട്ടാതെയുമാണ് ആർട്ടിക്കിൾ 370-ഉം 35എ-യും റദ്ദാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മീർ ഇപ്പോൾ ഇന്ത്യയുമായി പൂർണ്ണമായും സംയോജിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാരുകൾ നേരത്തെ തന്നെ ഏകസിവിൽ കോഡ് കൊണ്ടുവന്നിരുന്നു. ഇതിന് പുറമെ, കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ കഴിഞ്ഞ ജൂലൈയിൽ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ് നിയമസഭയും ഏക സിവിൽ കോഡ് ബിൽ പാസാക്കിയിരുന്നു.

ഏകീകൃത സിവിൽ കോഡ്: പ്രധാന മാറ്റങ്ങൾ

ഏക സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുന്നതോടെ അനന്തരാവകാശ നിയമം, ബഹുഭാര്യത്വം, വിവാഹ നിയമങ്ങള്‍, ലിവ്-ഇന്‍ റിലേഷന്‍, ദത്തെടുക്കല്‍ തുടങ്ങിയ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും, ഗോത്രവര്‍ഗക്കാരെ ഈ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്; ഇവര്‍ക്ക് ഈ നിയമങ്ങള്‍ ബാധകമായിരിക്കില്ല.

  • വിവാഹ രജിസ്ട്രേഷൻ: എല്ലാ വിവാഹങ്ങളും നിയമപരമായി രജിസ്റ്റർ ചെയ്തിരിക്കണം. മതപരമായ ആചാരങ്ങൾ അനുസരിച്ച് വിവാഹം നടത്താമെങ്കിലും 60 ദിവസത്തിനുള്ളിൽ അത് രജിസ്ട്രേഷൻ ചെയ്യണം. സ്ത്രീകൾക്ക് 18 വയസും പുരുഷന്മാർക്ക് 21 വയസുമാണ് കുറഞ്ഞ വിവാഹപ്രായം.
  • വ്യവസ്ഥകളും ഇളവുകളും: സൈനികര്‍ക്കും യുദ്ധ മേഖലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിയമത്തില്‍ പ്രത്യേക ഇളവുകളുണ്ടാകും. ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും പൂർണ്ണമായി നിരോധിക്കപ്പെടും. മറ്റൊരു പങ്കാളിയുണ്ടായിരിക്കെ വീണ്ടും വിവാഹിതരാകാൻ നിയമം അനുവദിക്കില്ല. എല്ലാ മത വിഭാഗങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും.
  • വിവാഹമോചനം: വിവാഹമോചനത്തിനായി എല്ലാ വിഭാഗങ്ങൾക്കും ഒരേ നിയമമായിരിക്കും ബാധകമാകുക. പുരുഷനും സ്ത്രീയ്ക്കും വിവാഹമോചനം നേടാനുള്ള കാരണങ്ങളും തുല്യമായിരിക്കും.
  • ലിവ്-ഇൻ റിലേഷൻഷിപ്പ്: 104 പേജുള്ള ബില്ലിൽ ലിവ്-ഇൻ റിലേഷനുകൾ സംബന്ധിച്ചും നിർണായക വ്യവസ്ഥകളുണ്ട്. പങ്കാളികൾ താമസിക്കുന്ന ജില്ലയിൽ തന്നെ തങ്ങളുടെ ബന്ധം നിർബന്ധമായും രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. ലിവ്-ഇൻ ബന്ധം വേർപിരിയുകയാണെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കണം. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് വിവാഹിതരെ പോലെ ജീവനാംശത്തിനുള്ള അവകാശവും ഈ ബില്ല് ഉറപ്പുനൽകുന്നുണ്ട്.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.