...
Home News Kerala സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് വിമർശനം; തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ തിരുത്തലുണ്ടായില്ല

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് വിമർശനം; തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ തിരുത്തലുണ്ടായില്ല

തിരഞ്ഞെടുപ്പിൽ തോൽവി ഉണ്ടായതിന് ശേഷം മാത്രം 'പാർലമെന്ററി വ്യാമോഹം' എന്ന് വിമർശിച്ചിട്ട് എന്തു കാര്യമാണെന്നും പ്രതിനിധികൾ യോഗത്തിൽ ചോദിച്ചു

2

സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിനിധികൾ. ജനങ്ങളുടെ പ്രശ്നങ്ങളിൽ അപ്പപ്പോൾ ഇടപെട്ട് പരിഹാരം കാണുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല തോറ്റതെന്നും, 2021-ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടി പരാജയപ്പെട്ടെങ്കിലും അപ്പോഴൊന്നും യാതൊരു തിരുത്തലും ഉണ്ടായില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ആദ്യദിനമായ ഇന്നത്തെ ചർച്ചയിൽ അഞ്ച് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

റിപ്പോർട്ടിനെതിരെ കണ്ണൂർ ഘടകത്തിന്റെ രൂക്ഷ വിമർശനം

യോഗത്തിൽ അവതരിപ്പിച്ച സംഘടനാ രേഖ സമഗ്രമല്ലെന്ന് പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. കണ്ണൂർ ഘടകത്തിന് വേണ്ടി ഹരീന്ദ്രനാണ് റിപ്പോർട്ടിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. സെക്രട്ടറിയേറ്റിന്റെ വീഴ്ചകളിൽ സ്വയം വിമർശനമില്ലെന്നും, വീഴ്ചകളുടെ ഉത്തരവാദിത്വം മുഴുവൻ അണികളുടെയും ജില്ലാ നേതൃത്വത്തിന്റെയും തലയിൽ മാത്രം കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും യോഗത്തിൽ വിമർശനമുയർന്നു. അതേസമയം, ഇ.ഡി നീക്കങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെ ദുർബലപ്പെടുത്താനുള്ള ലക്ഷ്യമുണ്ടെന്ന് രേഖയിൽ പരാമർശിക്കുന്നുണ്ട്.

സ്ഥാനാർഥി നിർണയവും പാർലമെന്ററി വ്യാമോഹവും

സ്ഥാനാർഥി നിർണയം പാളിയതിനെക്കുറിച്ച് റിപ്പോർട്ടിൽ വിശദമായ പരാമർശമില്ല. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളുടെ പേരുകൾ എടുത്തുപറയാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

കഴിഞ്ഞ പത്ത് വർഷമായി പാർലമെന്ററി നേട്ടങ്ങൾ മാത്രം ലക്ഷ്യവെച്ചാണ് പാർട്ടി പ്രവർത്തിച്ചതെന്നും, യഥാർത്ഥത്തിൽ ഒരു വിപ്ലവ പാർട്ടി എന്ന സങ്കൽപ്പമാണ് പാർട്ടി കളഞ്ഞുകുളിച്ചതെന്നും പ്രതിനിധികൾ തുറന്നടിച്ചു. ഇപ്പോഴും മൂന്നാം ഭരണം ലക്ഷ്യമിട്ടു മാത്രമാണ് പാർട്ടി പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പിൽ തോൽവി ഉണ്ടായതിന് ശേഷം മാത്രം ‘പാർലമെന്ററി വ്യാമോഹം’ എന്ന് വിമർശിച്ചിട്ട് എന്തു കാര്യമാണെന്നും പ്രതിനിധികൾ യോഗത്തിൽ ചോദിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.