എൽജി സ്മാർട്ട് ടിവികൾ ഉപയോക്താക്കളുടെ വിവരങ്ങൾ വ്യാപകമായി ചോർത്തുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എൽജി രംഗത്തെത്തി. മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എൽജി വ്യക്തമാക്കി. ഗേമേഴ്സ് നെക്സസ്, ലെവൽ1ടെക്സ് പോലുള്ള സ്വതന്ത്ര സുരക്ഷാ ഗവേഷകരാണ് എൽജി സ്മാർട്ട് ടിവികൾക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
എൽജി സ്മാർട്ട് ടിവികൾ ഓഫ്ലൈനായോ സ്റ്റാൻഡ്ബൈ മോഡിലോ ആയിരിക്കുമ്പോൾ പോലും ഉപയോക്താക്കളുടെയും വീടുകളുടെയും വിവരങ്ങൾ തുടർച്ചയായി ലോഗ് ചെയ്യുകയും അപ്ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് ഗവേഷകർ ആരോപിക്കുന്നത്. ടിവിയിലെ മൈക്രോഫോൺ വഴി ചുറ്റുപാടുമുള്ള ശബ്ദങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ട്. ഇന്റർനെറ്റ് വിച്ഛേദിച്ചാലും ഈ ഓഡിയോ ഫയലുകൾ ടിവിയിൽ ഓഫ്ലൈനായി സൂക്ഷിക്കുകയും കണക്ഷൻ പുനഃസ്ഥാപിക്കുമ്പോൾ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ഇവർ പറയുന്നു. എഐ അസിസ്റ്റന്റ് പ്രവർത്തനം നിർത്തിയ ശേഷവും ചുറ്റുമുള്ള സംഭാഷണങ്ങളുടെ ലോഗുകൾ ടിവി സൂക്ഷിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഇതിന് പുറമെ ടിവി സ്ഥിതിചെയ്യുന്ന വൈഫൈ നെറ്റ്വർക്കുകൾ സ്കാൻ ചെയ്ത് സമീപത്തുള്ള ഫോണുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയുടെ വിവരങ്ങളും ലൊക്കേഷൻ വിവരങ്ങളും ശേഖരിച്ച് എൽജി ആഡ് സൊല്യൂഷൻസിന്* കൈമാറുന്നുണ്ടെന്നും ഗവേഷകർ ആരോപിച്ചു. ആപ്പുകൾ വഴിയും എച്ച്ഡിഎംഐ പോർട്ടുകൾ വഴിയും ഉപയോക്താക്കൾ കാണുന്ന കാര്യങ്ങൾ തിരിച്ചറിയാൻ ഓട്ടോമാറ്റിക് കണ്ടെന്റ് റെക്കഗ്നിഷൻ (ACR) സാങ്കേതികവിദ്യ ഉപയോഗിച്ച് ഓഡിയോ, വീഡിയോ വിവരങ്ങൾ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളിയ എൽജി വിശദീകരണവുമായി രംഗത്തെത്തി. എൽജി ടിവികൾ ഉപയോക്താക്കളുടെ സംഭാഷണങ്ങൾ തുടർച്ചയായി റെക്കോർഡ് ചെയ്യുകയോ അയക്കുകയോ ചെയ്യുന്നില്ലെന്ന് കമ്പനി അവകാശപ്പെട്ടു. വോയ്സ് അസിസ്റ്റന്റിന് വേണ്ടിയുള്ള വേക്ക് വേഡ് (‘Hi LG’) തിരിച്ചറിയാനുള്ള പരിശോധന ടിവിക്കുള്ളിൽ തന്നെയാണ് പ്രോസസ് ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. ഓട്ടോമാറ്റിക് കണ്ടന്റ് റെക്കഗ്നിഷൻ (ACR), വോയ്സ് റെക്കഗ്നിഷൻ, പരസ്യങ്ങൾ എന്നിവയ്ക്കുള്ള ഫീച്ചറുകൾ ഡിഫോൾട്ടായി ഓൺ ചെയ്തിട്ടില്ലെന്നും ഉപയോക്താക്കൾക്ക് വേണമെങ്കിൽ മാത്രം തിരഞ്ഞെടുക്കാവുന്നവയാണെന്നും എൽജി അറിയിച്ചു. എസിആർ ഫീച്ചർ ഓണാക്കിയിട്ടുള്ള സന്ദർഭങ്ങളിൽ, ടിവിയുടെ ഏകദേശ ലൊക്കേഷൻ മനസ്സിലാക്കുന്നതിനായി മാത്രമാണ് തൊട്ടടുത്തുള്ള വൈഫൈ ആക്സസ് പോയിന്റുകളുടെ വിവരങ്ങളും സിഗ്നൽ കരുത്തും ടിവി പ്രൊസസ് ചെയ്യുന്നത്.
സെറ്റ്-ടോപ്പ് ബോക്സുകൾ, ഗെയിമിംഗ് കൺസോളുകൾ, IoT ഉപകരണങ്ങൾ എന്നിവ ടിവിയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് സമീപത്തുള്ള ഉപകരണങ്ങൾ സ്കാൻ ചെയ്യുന്നതെന്ന് എൽജി തങ്ങളുടെ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ഇതുവഴി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും ടാർഗറ്റഡ് പരസ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നില്ലെന്നും എൽജി പറയുന്നു. കൂടാതെ എൽജി ടിവികൾ സ്ക്രീൻഷോട്ടുകളോ, വീഡിയോ അല്ലെങ്കിൽ ശബ്ദ റെക്കോർഡിംഗുകളോ ശേഖരിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.
എൽജി ആരോപണങ്ങൾ നിഷേധിച്ചെങ്കിലും, ശേഖരിക്കുന്ന ഡാറ്റയുടെ ആകെ അളവ്, ഡാറ്റ ആരുമായി പങ്കിടുന്നു, സുരക്ഷാ ഭീഷണികൾ, തെറ്റിദ്ധരിപ്പിക്കുന്ന പ്രൈവസി ഓപ്ഷനുകൾ തുടങ്ങിയ ഗുരുതരമായ ആശങ്കകൾക്ക് കമ്പനി കൃത്യമായ മറുപടി നൽകിയിട്ടില്ല. എസിആർ, വോയ്സ് ഡിറ്റക്ഷൻ തുടങ്ങിയ ഫീച്ചറുകൾ ഉപയോക്താക്കളുടെ സമ്മതത്തോടെ മാത്രമാണ് പ്രവർത്തിക്കുന്നതെന്നാണ് എൽജി വ്യക്തമാക്കുന്നത്.


