പശ്ചിമ ബംഗാളിൽ വർഷങ്ങളായി രാഷ്ട്രീയ എതിരാളികളായ തൃണമൂൽ കോൺഗ്രസും സി.പി.എമ്മും തമ്മിൽ ആശയവിനിമയം ആരംഭിച്ചത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവും വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആറും സംബന്ധിച്ച ആശങ്കകളാണ് ഇരു പാർട്ടികളുടെയും നേതാക്കൾ ചർച്ച ചെയ്തതെന്നാണ് റിപ്പോർട്ട്.
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി മമത ബാനർജി ഫോണിൽ സംസാരിച്ചതായും പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നീങ്ങേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തതായുമാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ‘ഇന്ത്യ’ മുന്നണി നേതാക്കളുടെ യോഗം ഉടൻ വിളിക്കണമെന്നും മമത ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരു പാർട്ടികളും ‘ഇന്ത്യ’ മുന്നണിയുടെ സ്ഥാപക അംഗങ്ങളാണെങ്കിലും പശ്ചിമ ബംഗാളിലെ ദീർഘകാല രാഷ്ട്രീയ വൈര്യത്തെ തുടർന്ന് ഇതുവരെ ഔപചാരിക ആശയവിനിമയം ഒഴിവാക്കിയിരുന്നു. ഇപ്പോഴത്തെ നീക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും തിരഞ്ഞെടുപ്പ് പ്രക്രിയയും സംബന്ധിച്ച സംയുക്ത പ്രതിഷേധത്തിലേക്ക് നീങ്ങുമോ എന്നതാണ് ശ്രദ്ധേയം.
സി.പി.എം നേതൃത്വവും തൃണമൂലും തമ്മിലുള്ള ഈ ആശയവിനിമയം ഭാവിയിൽ രാഷ്ട്രീയ സഹകരണത്തിലേക്ക് മാറുമെന്ന തരത്തിലുള്ള ചർച്ചകളും ഉയരുന്നുണ്ട്. എന്നാൽ ഇരു പാർട്ടികളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തിൽ സി.പി.എം വീണ്ടും ശക്തിപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്.


