...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National ഗ്രേറ്റ് നിക്കോബാറിന് സമീപം കടലിനടിയിൽ ഖനന നീക്കം; പാരിസ്ഥിതിക ആശങ്കകൾക്കിടെ രണ്ട് ബ്ലോക്കുകൾ ലേലത്തിന്

ഗ്രേറ്റ് നിക്കോബാറിന് സമീപം കടലിനടിയിൽ ഖനന നീക്കം; പാരിസ്ഥിതിക ആശങ്കകൾക്കിടെ രണ്ട് ബ്ലോക്കുകൾ ലേലത്തിന്

കടലിനടിയിലെ ധാതു നിക്ഷേപങ്ങൾ ഖനനം ചെയ്യുന്നത് സമുദ്ര ജൈവവൈവിധ്യത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ദോഷകരമാകുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.

6

പരിസ്ഥിതി ആശങ്കകൾ ശക്തമായി തുടരുന്നതിനിടെ ഗ്രേറ്റ് നിക്കോബാർ ദ്വീപിന് സമീപമുള്ള ആൻഡമാൻ കടലിലെ 1,632 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രണ്ട് ഓഫ്‌ഷോർ ധാതു ബ്ലോക്കുകൾ സംയുക്ത ലൈസൻസിംഗിനായി ലേലം ചെയ്യാൻ കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നീക്കം. കടലിനടിയിലെ ധാതു നിക്ഷേപങ്ങൾ ഖനനം ചെയ്യുന്നത് സമുദ്ര ജൈവവൈവിധ്യത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ദോഷകരമാകുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.

1,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വെസ്റ്റ് സെവെൽ റിഡ്ജ്–01, 632 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സെവെൽ റൈസ്–01 എന്നീ ബ്ലോക്കുകളിലാണ് നിക്കൽ, കൊബാൾട്ട്, മാംഗനീസ്, ചെമ്പ്, അപൂർവ ഭൂമി മൂലകങ്ങൾ തുടങ്ങിയ ലോഹങ്ങൾ അടങ്ങിയ പോളിമെറ്റാലിക് നോഡ്യൂളുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ലേലത്തിൽ വിജയിക്കുന്ന കമ്പനികൾക്ക് ആദ്യം കൂടുതൽ പര്യവേക്ഷണം നടത്തി ധാതു സാന്നിധ്യം സ്ഥിരീകരിക്കേണ്ടതുണ്ട്.

രാജ്യത്തെ ആദ്യ ഓഫ്‌ഷോർ ധാതു ബ്ലോക്ക് ലേലത്തിലും വലിയ തിരിച്ചടിയാണ് നേരിട്ടത്. 2024 നവംബറിൽ ഗ്രേറ്റ് നിക്കോബാറിന് സമീപത്തെ ഏഴ് ബ്ലോക്കുകൾ ഉൾപ്പെടെ 13 ബ്ലോക്കുകൾ ലേലത്തിന് വച്ചെങ്കിലും ആവശ്യമായ നിക്ഷേപകരെ ലഭിച്ചില്ല. തുടർന്ന് 2025 ഡിസംബറിൽ 13 ബ്ലോക്കുകളുടെയും ലേലം റദ്ദാക്കേണ്ടിവന്നു.

ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ തന്നെ ഏകദേശം 72,000 കോടി രൂപയുടെ വൻ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിനിടെയാണ് കടലിലെ ഖനന നീക്കവും. കാർഗോ തുറമുഖം, വിമാനത്താവളം, ഊർജപദ്ധതികൾ, പുതിയ തീരദേശ നഗരങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന പദ്ധതിക്കെതിരെയും പാരിസ്ഥിതിക ആഘാതം ചൂണ്ടിക്കാട്ടി നേരത്തെ വിമർശനം ഉയർന്നിരുന്നു.

പവിഴപ്പുറ്റുകൾ, ലെതർബാക്ക് കടലാമകളുടെ കൂടുകെട്ടൽ കേന്ദ്രങ്ങൾ, നിക്കോബാർ മെഗാപോഡുകളുടെ ആവാസമേഖലകൾ എന്നിവയ്ക്ക് ഉണ്ടാകാവുന്ന ആഘാതവും ഗ്രേറ്റ് നിക്കോബാറീസ് തദ്ദേശീയ സമൂഹത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകളും ഇതിനകം ചർച്ചയായിട്ടുണ്ട്. ഓഫ്‌ഷോർ ഖനനം വ്യാപകമാകുന്നത് സമുദ്ര ആവാസവ്യവസ്ഥയെയും മത്സ്യബന്ധന മേഖലയെയും ബാധിക്കുമെന്ന ആശങ്ക കേരളമുൾപ്പെടെയുള്ള തീരദേശ മേഖലകളിലും ഉയർന്നിട്ടുണ്ട്.

അതേസമയം, പരിസ്ഥിതി സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികളുടെയും പ്രാദേശിക സമൂഹങ്ങളുടെയും താൽപ്പര്യങ്ങൾക്കും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ നിയമത്തിലുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. അംഗീകൃത ഉൽപാദന പദ്ധതിയില്ലാതെ ഖനനം നടത്താൻ കഴിയില്ലെന്നും പരിസ്ഥിതി മാനേജ്‌മെന്റ് പ്ലാനിൽ പ്രാദേശിക സമൂഹങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകൾ പരിഗണിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ കടലിനടിയിലെ ഖനന പ്രവർത്തനങ്ങളുടെ ദീർഘകാല പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എത്രത്തോളം നിയന്ത്രിക്കാനാകുമെന്നതാണ് പുതിയ നീക്കത്തോടെ ഉയരുന്ന പ്രധാന ചോദ്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.