...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം; സര്‍ക്കാരിന് ഹൈക്കോടതിയുടെ തിരിച്ചടി, ഉത്തരവ് റദ്ദാക്കി

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം; സര്‍ക്കാരിന് ഹൈക്കോടതിയുടെ തിരിച്ചടി, ഉത്തരവ് റദ്ദാക്കി

പുനഃക്രമീകരണത്തെ അനുകൂലിച്ച് അഡ്ഹോക് കമ്മിറ്റിയംഗം ജി.ആര്‍. അജിത് നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അത് തള്ളിക്കളയുകയും ചെയ്തു

3

കേരള പൊലീസിലെ സംഘടനാ പുനഃക്രമീകരണ നടപടികളില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. പൊലീസില്‍ സംഘടനാ പ്രവര്‍ത്തനം ഭരണഘടനാപരമായ അവകാശമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ആഭ്യന്തര വകുപ്പിന്റെ പുനഃക്രമീകരണ ഉത്തരവ് പൂര്‍ണ്ണമായി റദ്ദാക്കി. സംഘടന രൂപീകരിക്കാന്‍ മാത്രമല്ല, സംഘടനാ പ്രവര്‍ത്തനം തുടരാനും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. പൊലീസ് സംഘടനകള്‍ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച സര്‍ക്കാര്‍ നടപടിയും ഹൈക്കോടതി തള്ളി. പൊലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിക്കാനോ നിര്‍ത്തലാക്കാനോ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി വിധിയിലെ നിരീക്ഷണങ്ങള്‍

  • ഭരണഘടനാ അവകാശം: പൊലീസിലെ സംഘടനാ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(സി) പ്രകാരം സംഘടന രൂപീകരിക്കാനും സ്വമേധയാ ഉള്ള ഘടനയോടെ മുന്നോട്ട് പോകാനുമുള്ള സ്വാതന്ത്ര്യം അംഗങ്ങള്‍ക്ക് ഉണ്ടെന്നും കോടതി വ്യക്തമാക്കി. ‘സംഘടനാ പ്രവര്‍ത്തനം ഭരണഘടനാ അവകാശമാണ്’ എന്ന നിലപാടാണ് കോടതി ആവര്‍ത്തിച്ചത്.
  • സര്‍ക്കാരിന് അധികാരമില്ല: 1966ലെ പൊലീസ് അവകാശങ്ങളുടെ നിയന്ത്രണം നിയമപ്രകാരം സംഘടനകള്‍ക്ക് അംഗീകാരം നല്‍കാനോ റദ്ദാക്കാനോ ഉള്ള അധികാരം സംസ്ഥാന സര്‍ക്കാരിനല്ല, മറിച്ച് സംസ്ഥാന പൊലീസ് മേധാവിക്കാണ് ഉള്ളത്.
  • ന്യായമായ അവസരം ലഭിച്ചില്ല: അംഗീകാരം റദ്ദാക്കുന്നതിന് മുന്‍പ് സംഘടനയ്ക്ക് മറുപടി നല്‍കാന്‍ ന്യായമായ അവസരം നല്‍കണമെന്ന നിയമം ഇവിടെ ലംഘിക്കപ്പെട്ടു. അസോസിയേഷനുകള്‍ക്ക് ഇതിനുള്ള അവസരം പോലും സര്‍ക്കാര്‍ നല്‍കിയില്ല.
  • വിദഗ്ധ നിര്‍ദേശം തള്ളി: മൂന്ന് അസോസിയേഷനുകളും നിലനിര്‍ത്തണമെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ വിദഗ്ധ റിപ്പോര്‍ട്ടിലെ ശുപാർശ. എന്നാല്‍ ഈ ശുപാര്‍ശ തള്ളി സംഘടനകളുടെ എണ്ണം സര്‍ക്കാര്‍ രണ്ടായി ചുരുക്കുകയായിരുന്നു.
  • അംഗത്വ മാനദണ്ഡങ്ങളിലെ ഇടപെടല്‍: അംഗങ്ങളുടെ അനുമതിയില്ലാതെ കേരള പൊലീസ് അസോസിയേഷന്റെ ബൈലോ ലംഘിച്ച് അംഗത്വ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടത് സംഘടനാ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

ജൂലൈയിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കേരള പൊലീസ് അസോസിയേഷന്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കുകയും അക്കൗണ്ടുകളിലെ തുകയും ബാധ്യതകളും മറ്റ് രണ്ട് അസോസിയേഷനുകളിലേക്ക് മാറ്റുകയുമായിരുന്നു. ഇതിനെതിരെ പുനഃക്രമീകരണത്തെ അനുകൂലിച്ച് അഡ്ഹോക് കമ്മിറ്റിയംഗം ജി.ആര്‍. അജിത് നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അത് തള്ളിക്കളയുകയും ചെയ്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.