തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ വിദ്യാർത്ഥികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വൻ സംഘർഷം. തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നടത്തിയ ‘റെസിസ്റ്റൻസ് മാർച്ചിനിടയാണ് തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമുണ്ടായത്. സംഘർഷത്തിനിടയിലേക്ക് കടന്നുവന്ന പൊലീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ ലാത്തിച്ചാർജ് ചെയ്തു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
സംഘർഷത്തിലേക്ക് നയിച്ച കാരണങ്ങൾ
യൂത്ത് കോൺഗ്രസ് മാർച്ചിനിടയിൽ പ്രവർത്തകർ ഹോസ്റ്റൽ വളപ്പിലേക്ക് പന്തം എറിയുകയും, ഇതിനെതിരെ വിദ്യാർത്ഥികൾ കല്ലും കുപ്പികളും എറിയുകയും ചെയ്തതാണ് വലിയ സംഘർഷത്തിന് വഴിവെച്ചത്. തുടർന്ന് കോളേജ് ക്യാമ്പസിൽ അതിക്രമിച്ചു കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവിടെ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിച്ചു.
ഈ സംഭവത്തോടെ സംഘർഷം കൂടുതൽ രൂക്ഷമാകുകയും ക്യാമ്പസ് യുദ്ധക്കളമായി മാറുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാനെന്ന പേരിൽ ഹോസ്റ്റലിൽ പ്രവേശിച്ച പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായി ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
എസ്എഫ്ഐയുടെ പ്രതിഷേധം
ഏകപക്ഷീയമായി ഹോസ്റ്റലിൽ കയറി പൊലീസ് വിദ്യാർത്ഥികളെ തലയ്ക്ക ഉൾപ്പെടെ അടിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സജ്ജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥലത്തെ സംഘർഷം അവസാനിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിദ്യാർത്ഥികൾ പിന്മാറിയത്.
എന്നാൽ പ്രകോപനം സൃഷ്ടിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെറുതെവിട്ട് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രവർത്തകരെ പിരിച്ചുവിട്ടാൽ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട ചർച്ചയാകാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.
സിപിഐഎം റോഡ് ഉപരോധം
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പൊലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് സമരം ആരംഭിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയും ഉപരോധ സമരത്തിൽ പങ്കെടുത്തു വരുന്നുണ്ട്.
പരിക്കേറ്റ വിദ്യാർത്ഥികളുമായി പോയ ആംബുലൻസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിട്ടും പൊലീസ് നോക്കുകുത്തിയായി നിന്നു എന്ന ഗുരുതരമായ ആരോപണവും സിപിഐഎം നേതാക്കൾ ഉന്നയിക്കുന്നുണ്ട്. നിലവിൽ തലസ്ഥാനത്ത് രാഷ്ട്രീയ രംഗം അതീവ കലുഷിതമായി തുടരുകയാണ്.


