ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധം അതീവ സംഘര്‍ഷഭരിതം. നിരോധനാജ്ഞ ലംഘിച്ച് ജന്തര്‍ മന്തറിലേക്ക് നടത്തിയ മാര്‍ച്ചില്‍ തലസ്ഥാനം കലുഷിതമായി. കനത്ത പൊലീസ് സന്നാഹത്തെയും ബാരിക്കേഡുകളെയും മറികടന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് മുന്നേറുന്നത്.
സമരത്തിന് നേതൃത്വം നല്‍കിയ സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം, ബൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ പ്രവര്‍ത്തകര്‍ക്ക് നേരെ കടുത്ത നടപടിയാണ് ഡല്‍ഹി പൊലീസ് സ്വീകരിച്ചത്. അഞ്ച്ായിരത്തോളം പൊലീസുകാരെയാണ് ജന്തര്‍ മന്തറിലും പരിസരത്തുമായി വിന്യസിപ്പിച്ചിരിക്കുന്നത്. ഇടത് എംപിമാര്‍ അടക്കമുള്ളവരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കേരളത്തില്‍ നിന്നടക്കം മൂവായിരത്തിലധികം പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരന്നിരിക്കുന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം, ജനറല്‍ സെക്രട്ടറി ഹിമാഘ്‌നരാജ് ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടറി എം. വിജിന്‍, പ്രസിഡന്റ് ചിന്താ ജെറോം തുടങ്ങിയവരും സമരമുഖത്തുണ്ട്.
പൊലീസ് വാഹനങ്ങള്‍ തടഞ്ഞും പല ഭാഗങ്ങളില്‍ നിന്നും കൂട്ടമായി എത്തിയും പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഡിവൈഎഫ്‌ഐക്ക് പുറമെ ജനാധിപത്യ മഹിളാ അസോസിയേഷന്‍, യൂത്ത് ലീഗ്, എഐഎസ്എഫ്, ഐസ, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഷിബു മീരാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമരത്തെ പൂര്‍ണ്ണമായി അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി സമര മേഖലയില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കുകയും ന്യൂഡല്‍ഹി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി പതിനൊന്നോളം മെട്രോ സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണ്. എന്തുവന്നാലും ഗ്യാനേഷ് കുമാറിന്റെ രാജി ഉണ്ടാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.


