തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടില്‍ പൊലീസ് അതിക്രമിച്ചു കയറിയതായി പരാതി. പേട്ട കല്ലിൻമൂട്ടിലെ വീട്ടില്‍ അമ്മ മാത്രമുള്ള സമയത്താണ് പൊലീസ് അതിക്രമിച്ചുകയറിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നന്ദനെ കന്റോൺമെന്റ് എസ്.ഐ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, ഇതിൽ എസ്.എഫ്.ഐ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയതെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു. കന്റോൺമെന്റ് സ്റ്റേഷനിലെ പൊലീസും ഡി.സി.പിയുടെ സ്പെഷ്യൽ സ്ക്വാഡിലെ ഉദ്യോഗസ്ഥരുമാണ് വീട്ടിലെത്തിയത്.
വാര്‍ത്തയുടെ വിവരങ്ങള്‍
- വീട്ടില്‍ അതിക്രമം: മാതാവ് മാത്രമായിരുന്ന സമയത്ത് പൊലീസ് സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് പ്രധാന ആരോപണം.
- ഭീഷണിപ്പെടുത്തല്‍: കഴിഞ്ഞ ദിവസം കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഔദ്യോഗിക ഫോണിൽ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും, ഇതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് നടപടിയെന്നും നന്ദൻ വ്യക്തമാക്കി.
- സി.ഐക്കെതിരെ വ്യക്തിവൈരാഗ്യ ആരോപണം: കന്റോൺമെന്റ് സി.ഐ തനിക്കെതിരെ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകളാണ് സി.ഐ ഇടുന്നതെന്നും നന്ദന്‍ ആരോപിച്ചു. ഔദ്യോഗിക ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
നന്ദന്റെ മറ്റ് പ്രതികരണങ്ങള്‍:
- പൊലീസ് വേട്ടയാടുന്നു: എന്തിനാണ് പൊലീസ് തന്നെ ഇങ്ങനെ വേട്ടയാടുന്നത്? ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടാണോ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പെരുമാറേണ്ടത്? യൂണിഫോം ശരീരത്തിൽ കയറിയാൽ എന്തും ചെയ്യാം എന്ന നിലപാട് അംഗീകരിക്കാനാവില്ല.
- കന്റോൺമെന്റ് സ്റ്റേഷനെതിരെ ഗുരുതര ആരോപണം: കേരള പോലീസിനെ ആകെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും, മറ്റു സ്റ്റേഷനുകളിലൊന്നുമില്ലാത്ത സമീപനമാണ് കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നുണ്ടാകുന്നത്. ഈ സ്റ്റേഷന്‍ ഭരിക്കുന്നത് കോണ്‍ഗ്രസ് സംഘടനയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
- യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ ലിസ്റ്റ് വിവാദം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ ലിസ്റ്റ് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നതാണ് ഇപ്പോഴത്തെ വലിയ ചര്‍ച്ചാവിഷയം. സമരം ഇവിടംകൊണ്ട് അവസാനിപ്പിക്കില്ലെന്നും നന്ദൻ വ്യക്തമാക്കി.


