ദൈനംദിന ജീവിതത്തിൽ തലച്ചോറിന്റെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഘടകങ്ങളിലൊന്ന് വിട്ടുമാറാത്ത സമ്മർദ്ദമാണെന്ന് പ്രശസ്ത ന്യൂറോളജിസ്റ്റും ന്യൂറോ സയന്റിസ്റ്റുമായ ഡോ. ഫെയ് ബെഗെറ്റി. ശരിയായ ഉറക്കവും ആരോഗ്യകരമായ ജീവിതശീലങ്ങളും തലച്ചോറിന്റെ പ്രവർത്തനം നിലനിർത്തുന്നതിൽ നിർണായകമാണെന്നും അവർ വ്യക്തമാക്കി. ‘വിഷൻ ഓഫ് ഹെൽത്ത്’ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഡോ. ഫെയ്. തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി ധാരണകളെക്കുറിച്ചും അവർ വിശദീകരിച്ചു. ഇതുസംബന്ധിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
സമ്മർദ്ദം ഓർമ്മശക്തിയെ ബാധിക്കും
അമിതമായ ജോലി, കഠിനമായ സമ്മർദ്ദം, മതിയായ വിശ്രമത്തിന്റെ അഭാവം എന്നിവ തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാമെന്ന് ഡോ. ഫെയ് മുന്നറിയിപ്പ് നൽകി. ഹ്രസ്വകാല സമ്മർദ്ദം ജാഗ്രത വർധിപ്പിക്കാൻ സഹായിക്കുമെങ്കിലും, ദീർഘകാല സമ്മർദ്ദം ശരീരത്തിലെ കോർട്ടിസോൾ നില തുടർച്ചയായി ഉയർത്താൻ ഇടയാക്കും.
ഇത് വികാരങ്ങളെ നിയന്ത്രിക്കുന്ന അമിഗ്ഡാല, ഓർമ്മശക്തിക്ക് നിർണായകമായ ഹിപ്പോകാമ്പസ്, ഏകാഗ്രതയുമായി ബന്ധപ്പെട്ട പ്രീഫ്രോണ്ടൽ കോർട്ടെക്സ് തുടങ്ങിയ തലച്ചോറിന്റെ ഭാഗങ്ങളെ ബാധിക്കാം. ചില സാഹചര്യങ്ങളിൽ സമ്മർദ്ദം മൂലമുണ്ടാകുന്ന ഓർമ്മപ്രശ്നങ്ങൾ ഡിമെൻഷ്യയുമായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു.
എട്ട് മണിക്കൂർ ഉറക്കം നിർബന്ധമല്ല
എല്ലാവരും ദിവസവും കൃത്യമായി എട്ട് മണിക്കൂർ ഉറങ്ങണമെന്നത് ഒരു പൊതുവായ ധാരണ മാത്രമാണെന്നും ഓരോരുത്തരുടെയും ഉറക്കാവശ്യം വ്യത്യസ്തമായിരിക്കാമെന്നും ഡോ. ഫെയ് വ്യക്തമാക്കി. ചിലർക്ക് ആറ് മുതൽ ഏഴ് മണിക്കൂർ വരെ മതിയാകുമ്പോൾ മറ്റുചിലർക്ക് കൂടുതൽ സമയം ഉറക്കം ആവശ്യമായി വരാം.
എത്ര മണിക്കൂർ ഉറങ്ങുന്നു എന്നതിനേക്കാൾ ഉറക്കത്തിലെ സ്ഥിരതയ്ക്കാണ് കൂടുതൽ പ്രാധാന്യമെന്നും അവർ പറഞ്ഞു. പ്രത്യേകിച്ച് എല്ലാ ദിവസവും ഏകദേശം ഒരേ സമയത്ത് ഉണരുന്നത് ശരീരത്തിന്റെ ജൈവഘടികാരം ക്രമപ്പെടുത്താൻ സഹായിക്കും.
രാവിലെ 10–15 മിനിറ്റ് സ്വാഭാവിക വെളിച്ചത്തിൽ, സാധ്യമെങ്കിൽ പുറത്തു ചെലവഴിക്കുന്നതും ഉറക്കമില്ലായ്മ, ക്ഷീണം, വിഷാദലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കാമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതായി ഡോ. ഫെയ് ചൂണ്ടിക്കാട്ടി. നല്ല ഉറക്കം തലച്ചോറിൽ അടിഞ്ഞുകൂടുന്ന ചില ദോഷകരമായ പ്രോട്ടീനുകൾ നീക്കം ചെയ്യുന്നതിനും സഹായകരമാണ്.
മദ്യപാനത്തിലും ജാഗ്രത വേണം
മദ്യം തലച്ചോറിനെ ബാധിക്കുന്ന ഒരു ലഹരി പദാർത്ഥമാണെന്നും അതിന്റെ സ്ഥിരമായ ഉപയോഗം തലച്ചോറിന്റെ വിവിധ പ്രവർത്തനങ്ങളെ ബാധിക്കാമെന്നും ഡോ. ഫെയ് പറഞ്ഞു. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്ന സെറിബെല്ലത്തെയും തീരുമാനമെടുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രീഫ്രോണ്ടൽ കോർട്ടെക്സിനെയും മദ്യപാനം ബാധിക്കാമെന്നാണ് മുന്നറിയിപ്പ്.
ദിവസവും അത്താഴത്തോടൊപ്പം ഒന്നോ രണ്ടോ പാനീയങ്ങൾ കഴിക്കുന്ന ശീലം പോലും ദീർഘകാലാടിസ്ഥാനത്തിൽ തലച്ചോറിനെ ബാധിച്ചേക്കാമെന്നും അവർ പറഞ്ഞു. അതിനാൽ മദ്യപാനം സ്ഥിരം ദൈനംദിന ശീലമാക്കാതെ പരമാവധി ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതാണ് ഉചിതമെന്ന നിർദേശവും അവർ മുന്നോട്ടുവച്ചു.
പുതിയ കാര്യങ്ങൾ പഠിക്കുന്നത് തലച്ചോറിന് വ്യായാമം
പ്രായം കൂടുന്നതിനനുസരിച്ച് തലച്ചോറിന്റെ പ്രവർത്തനശേഷി നിലനിർത്തുന്നതിന് ‘കോഗ്നിറ്റീവ് റിസർവ്’ വർധിപ്പിക്കുന്നത് പ്രധാനമാണെന്നും ഡോ. ഫെയ് വ്യക്തമാക്കി. പുതിയ ഭാഷ പഠിക്കുക, വരയ്ക്കുക, പുതിയ കഴിവുകൾ സ്വന്തമാക്കുക, സാമൂഹികമായി സജീവമായി തുടരുക തുടങ്ങിയ പ്രവർത്തനങ്ങൾ തലച്ചോറിനെ നിരന്തരം വെല്ലുവിളിക്കുകയും അതിന്റെ പ്രവർത്തനക്ഷമത നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
നല്ല ഉറക്കവും വൈജ്ഞാനിക ശേഷി നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളും തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാന മുൻഗണനകളായിരിക്കണമെന്നും അവർ പറഞ്ഞു. അതേസമയം, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുള്ള ശ്രമം തന്നെ മറ്റൊരു സമ്മർദ്ദമായി മാറരുതെന്നും ഡോ. ഫെയ് ഓർമിപ്പിച്ചു. ആരോഗ്യത്തെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്നതിനുപകരം ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കുന്നതിനും പ്രാധാന്യം നൽകണമെന്നും അവർ നിർദേശിച്ചു.


