മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നിയമത്തോടും കോടതി നടപടികളോടും കമ്മീഷന്‍ പൂര്‍ണ്ണമായി സഹകരിക്കുമെന്നാണ് കരുതുന്നതെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികൾ പരിഗണിച്ചത്.
പത്ത് ദിവസത്തിനകം മറുപടി സമര്‍പ്പിക്കണമെന്ന് കമ്മീഷനോട് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഗ്യാനേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഏകപക്ഷീയമായ നടപടികളില്‍ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ച കോടതി, ഫോം 6-ല്‍ വരുത്തിയ മാറ്റങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. മാറ്റം വരുത്തിയ ഫോം 6 തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എടുത്തുപറഞ്ഞു.
പ്രധാന വിവരങ്ങൾ
- കോടതിയുടെ നിരീക്ഷണം: ഏതെങ്കിലും തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നില്ലെന്ന് രേഖകൾ വ്യക്തമാക്കുകയാണെങ്കിൽ അവ റദ്ദാക്കുമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
- രാജ്യവ്യാപക പ്രതിഷേധം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ശനിയാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കുന്ന സി.ജെ.പിയുടെ (CJP) സമരം ഗ്യാനേഷ് കുമാര്‍ രാജി വെക്കുന്നത് വരെ തുടരുമെന്ന് മുഖ്യവക്താവ് സൗരവ് ദാസ് റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റങ്ങളില്‍ ഒന്നായിരിക്കും ഈ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- രാഷ്ട്രീയ പിന്തുണ: ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന സിവില്‍ സൊസൈറ്റിക്കും യുവജന സംഘടനകള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. സമരം ചെയ്യുന്നതിനിടെ ഡല്‍ഹിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ബിജെപി ഉപദ്രവിച്ചതായും ഖർഗെ ആരോപിച്ചു.


