...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യ വിവരങ്ങൾ പുറത്ത്; മുൻ വിവരാവകാശ കമ്മീഷണറുടെ പുസ്തകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യ വിവരങ്ങൾ പുറത്ത്; മുൻ വിവരാവകാശ കമ്മീഷണറുടെ പുസ്തകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

മലയാള സിനിമയിലെ ചൂഷണങ്ങളുടെ നേർക്കാഴ്ചയാകുന്ന ഈ പുസ്തകം സാംസ്കാരിക കേരളത്തിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്

2

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍ പുറത്തേക്ക്. മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. അബ്ദുല്‍‍ ഹക്കീമിന്റെ ‘മലയാള സിനിമ, ഹേമ കമ്മിറ്റി പറഞ്ഞതും സര്‍ക്കാര്‍ പറയാത്തതും’ എന്ന പുസ്തകത്തിലാണ് സിനിമാ ലോകത്തെ ഞെട്ടിക്കുന്ന നിർണായക വെളിപ്പെടുത്തലുകളുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടത് അബ്ദുല്‍ ഹക്കീം ആയിരുന്നു. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ഒരു പ്രമുഖ നടന് വഴങ്ങാത്തതിന്റെ പേരില്‍ പ്രമുഖ നടന്‍ ഒരു നടിയുടെ അഭിനയ ജീവിതം പൂര്‍ണ്ണമായി നശിപ്പിച്ചുവെന്നാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. ലൊക്കേഷനില്‍ മദ്യപിച്ച് അഴിഞ്ഞാടിയ ഈ നടന്‍, ”ഇനി നീ സിനിമാ രംഗത്ത് ഉണ്ടാകില്ല” എന്ന് നടിയുടെ മുഖത്തുനോക്കി ആക്രോശിച്ചതായും പുസ്തകം വെളിപ്പെടുത്തുന്നു. മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷയാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്.

പുസ്തകത്തിലെ പ്രമുഖ വെളിപ്പെടുത്തലുകൾ

  • ലൊക്കേഷനിലെ അതിക്രമവും ഭീഷണിയും: ‘അയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ സെറ്റിലെത്തി നിലവിട്ട് സംസാരിക്കാന്‍‍ തുടങ്ങി. തുടര്‍ന്ന് വിവസ്ത്രനായി. ഇത് സെറ്റില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇത്രയും ഉന്നതനും അനുഗ്രഹീത കലാവൈഭവത്തിന് ഉടമയുമെന്ന് പേരുള്ള ഒരാളില്‍ നിന്ന് ആരും ഇതൊന്നും പ്രതീക്ഷിച്ചില്ല. സെറ്റിലെ അഴിഞ്ഞാട്ടത്തിനൊടുവില്‍ അയാള്‍ നടിയുടെ മുന്നിലെത്തിയിട്ട് പറഞ്ഞു: “ഇനി നീ സിനിമാ രംഗത്ത് ഉണ്ടാവില്ല. പറയുന്നത് ഞാനാണ്, ഞാന്‍.” സിനിമയിലെ തമ്പുരാക്കന്മാര്‍ വിചാരിച്ചാല്‍ എത്ര ഭാവനയുള്ള നടിയും ഔട്ടായിപ്പോകും എന്ന് നിറകണ്ണുകളോടെ പറഞ്ഞ അവര്‍, പിന്നീട് അഭിനയിക്കാന്‍ പോയിട്ടില്ല. അവരോടുള്ള പക തീര്‍ക്കാന്‍ ആ നടന്‍, അദ്ദേഹത്തോടൊപ്പം സ്ഥിരമായി നായികമാരായിട്ടുള്ളവര്‍ക്കായി പ്രത്യേക വിരുന്നൊരുക്കുകയും തന്നെ അതിലേക്ക് ബോധപൂര്‍വ്വം ക്ഷണിക്കാതിരിക്കുകയും ചെയ്തു’ എന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്.
  • ലൈംഗികാതിക്രമവും ശാരീരിക പീഡനവും: ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പ്രമുഖനായ ഒരു നടന്‍ തന്റെ നായികയോട് പലതവണ ലൈംഗിക ആവശ്യം ഉന്നയിച്ചു. നടി ഈ ആവശ്യം കര്‍ശനമായി നിരസിച്ചപ്പോള്‍ അയാള്‍ അവരെ ശാരീരികമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് നടിക്ക് ദീര്‍ഘകാലം ആയുര്‍വേദ ചികിത്സ തേടേണ്ടിവന്നതായും പുസ്തകത്തില്‍ പറയുന്നു.
  • തുടർച്ചയായ പീഡനങ്ങൾ: സിനിമ ചിത്രീകരണത്തിനിടെ മനഃപൂര്‍വം വീഴ്ത്തിയതിനെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയിലായ നായികയെ സ്റ്റണ്ട് മാസ്റ്റര്‍ നിരന്തരം ഫോണിലൂടെയും മറ്റും ശല്യം ചെയ്തു. ഇതിനുപുറമേ, പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നായികയോട് ഉച്ചകഴിഞ്ഞ് ഷൂട്ടിങിന് ഹാജരാകണമെന്ന് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് കര്‍ശനമായി നിര്‍ബന്ധിച്ചതായും പുസ്തകത്തിലുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും ഡോ. അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവിന്റെയും നിയമപരവും സാമൂഹികവുമായ വശങ്ങളെക്കുറിച്ചാണ് ജസ്റ്റിസ് കെമാല്‍ പാഷ ആമുഖത്തില്‍ വിശദമാക്കുന്നത്. മലയാള സിനിമയിലെ ചൂഷണങ്ങളുടെ നേർക്കാഴ്ചയാകുന്ന ഈ പുസ്തകം സാംസ്കാരിക കേരളത്തിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.