...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala കാസര്‍‍കോട് കേന്ദ്ര സര്‍വകലാ ശാലയില്‍ സംഘർഷം; ആര്‍.എസ്.എസ് സൈദ്ധാന്തികന്റെ പ്രഭാഷണത്തിനെതിരെ പ്രതിഷേധം

കാസര്‍‍കോട് കേന്ദ്ര സര്‍വകലാ ശാലയില്‍ സംഘർഷം; ആര്‍.എസ്.എസ് സൈദ്ധാന്തികന്റെ പ്രഭാഷണത്തിനെതിരെ പ്രതിഷേധം

പ്രതിഷേധക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയ സ്റ്റുഡന്റ്‌സ് ഡീന്, വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ഗുരുതരമായ വിമര്‍ശനങ്ങള്‍ക്കൊന്നിനും വ്യക്തമായ മറുപടി നല്‍കാന്‍‍ സാധിച്ചില്ല

3

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികൻ ജെ. നന്ദകുമാറിനെ ‘വന്ദേമാതര സെമിനാറി’ൽ മുഖ്യപ്രഭാഷകനായി ഉള്‍പ്പെടുത്തിയതില്‍ അതിശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ് സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് സര്‍വകലാശാലാ കാമ്പസിൽ പ്രതിഷേധം പ്രകടമാക്കുന്നത്.

ആര്‍.എസ്.എസിനെതിരായ ശക്തമായ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ സെമിനാർ ഹാളിന് മുന്നിൽ അണിനിരന്നു. പ്രക്ഷോഭം തടയാൻ കാമ്പസിൽ കനത്ത പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് വിലക്ക്

സര്‍വകലാശാലയിലെ ഭാഷാ വിഭാഗത്തിന്റെ സഹകരണത്തോടെ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് അതേ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളെ പോലും കടത്തിവിടുന്നില്ലെന്നാണ് പ്രധാന പരാതി. എ.ബി.വി.പിയുടെയും ആർ.എസ്.എസിന്റെയും നേതാക്കള്‍ക്ക് മാത്രമായി സെമിനാർ ചുരുക്കുകയാണെന്നും, ഇത് സര്‍‍വകലാശാലയെ പൂര്‍ണമായും കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും വിദ്യാര്‍ത്ഥി സംഘടനകൾ ആരോപിക്കുന്നു.

ഡിപ്പാര്‍ടിമെന്റുകളിലെ റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കി മുഴുവൻ വിദ്യാര്‍ത്ഥികളും സെമിനാറില്‍ പങ്കെടുക്കണമെന്നായിരുന്നു സര്‍വകലാശാലയുടെ മുൻ നിർദ്ദേശം. എന്നാൽ ഡെലിഗേറ്റുകളായി രജിസ്റ്റർ ചെയ്ത വിദ്യാര്‍ത്ഥികളെ പോലും നിലവില്‍ സെമിനാര്‍ ഹാളിനുള്ളിലേക്ക് കടത്തിവിടാതെ പോലീസ് തടയുകയാണ്. ഡെലിഗേറ്റ് ഐഡി കാര്‍ഡ് കാണിച്ച വിദ്യാര്‍ത്ഥികളോട് പോലും ‘വിസിയുടെ നിര്‍ദ്ദേശപ്രകാരം കടത്തിവിടാനാകില്ലെന്നാണ്’ പോലീസ് വ്യക്തമാക്കിയത്.

ഡീനിന് മറുപടിയില്ല

പോലീസ് വലയത്തിലാണ് ആര്‍.എസ്.എസ് സൈദ്ധാന്തികൻ ജെ. നന്ദകുമാറിനെ സെമിനാര്‍ ഹാളിനുള്ളിലേക്ക് എത്തിച്ചത്. വന്ദേമാതരം പൂര്‍ണമായി ആലപിച്ചാണ് സെമിനാറിന് തുടക്കമായത്. ഇതിനിടയിൽ പ്രതിഷേധക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയ സ്റ്റുഡന്റ്‌സ് ഡീന്, വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ഗുരുതരമായ വിമര്‍ശനങ്ങള്‍ക്കൊന്നിനും വ്യക്തമായ മറുപടി നല്‍കാന്‍‍ സാധിച്ചില്ല. കാമ്പസിൽ സംഘർഷാവസ്ഥ തുടരുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.