കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായവരെ മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ നിയമഭേദഗതിക്ക് ഒരുങ്ങുന്നു. കാണാതായ 5,285 പേരുടെ മരണം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. കാണാതായവരുടെ പട്ടികയില്‍ ഏഴ് മലയാളികളും ഉള്‍പ്പെടുന്നുണ്ട്.
ഇതുസംബന്ധിച്ച നിയമപരമായ തടസ്സങ്ങള്‍ നീക്കുന്നതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നേപ്പാള്‍ മന്ത്രിസഭ ബുധനാഴ്ച ശുപാര്‍ശ ചെയ്തു. സിംഘാ ദര്‍ബാറില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ നിര്‍ണായക തീരുമാനമെടുത്തത്. നിലവിലെ നിയമപ്രകാരം ഒരാളെ മരിച്ചതായി പ്രഖ്യാപിക്കണമെങ്കില്‍ 12 വര്‍ഷം കാണാതായിരിക്കണം. എന്നാല്‍ ഈ കാലാവധി വെറും 45 ദിവസമായി കുറച്ചുകൊണ്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
പ്രളയകാരണവും നാശനഷ്ടങ്ങളും
കഴിഞ്ഞ ആഗസ്റ്റ് 26ന് പുലർച്ചെയാണ് നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്ത് മിന്നൽ പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ.
- ദുരന്തത്തില്‍ ഇതുവരെ 1,455 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
- ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും വെള്ളപ്പൊപ്പത്തില്‍ ഒലിച്ചുപോയി.
- നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ തകര്‍ന്നു.
- ഏകദേശം 70,000 ആളുകളെ ദുരന്തം നേരിട്ട് ബാധിച്ചു.
ദുരന്തഭൂമിയിലെ തെരച്ചില്‍ സര്‍ക്കാര്‍ ഇതിനകം അവസാനിപ്പിച്ചിട്ടുണ്ട്. ഇനിയും കണ്ടെത്താനാകാത്തവരുടെ കുടുംബങ്ങള്‍ക്ക് നിയമപരമായ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ അടിയന്തര നിയമഭേദഗതിക്ക് മുതിരുന്നത്.


