ഇന്ത്യൻ എസ്യുവി വിപണിയിൽ വീണ്ടും സാന്നിധ്യം ശക്തമാക്കാൻ റെനോ ഡസ്റ്റർ എത്തുന്നു. മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന സ്ട്രോങ് ഹൈബ്രിഡ് ഇ-ടെക് 160 പവർട്രെയിനുമായാണ് പുതിയ ഡസ്റ്ററിന്റെ വരവ്. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) കണക്കനുസരിച്ച് ലിറ്ററിന് 29 കിലോമീറ്റർ മൈലേജാണ് വാഹനത്തിന് ലഭിക്കുക. 2026 ഒക്ടോബർ 17ന് എസ്യുവി ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ ഡസ്റ്ററിന്റെ ബുക്കിംഗ് ഒക്ടോബർ ഒമ്പതിന് ആരംഭിച്ചു. റെനോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ഡീലർഷിപ്പുകൾ വഴിയോ 21,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. പുതിയ മോഡലിനായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇതോടെ വാഹനം മുൻകൂട്ടി റിസർവ് ചെയ്യാനുള്ള അവസരം ലഭിക്കും.
പുതിയ ഡസ്റ്ററിന്റെ പ്രധാന ആകർഷണം ഇ-ടെക് 160 സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിനാണ്. 1.8 ലിറ്റർ പെട്രോൾ എൻജിൻ, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ, 1.4 kWh ബാറ്ററി പായ്ക്ക് എന്നിവ സംയോജിപ്പിച്ച സംവിധാനത്തിന് 160 PS കരുത്ത് ഉൽപ്പാദിപ്പിക്കാനാകും. ഡ്രൈവിങ് സാഹചര്യങ്ങൾക്കനുസരിച്ച് ഇലക്ട്രിക്, ഹൈബ്രിഡ്, പെട്രോൾ പ്രവർത്തനരീതികൾക്കിടയിൽ സിസ്റ്റം സ്വയം മാറും.
സെൽഫ് ചാർജിങ് ഹൈബ്രിഡ് സംവിധാനമായതിനാൽ ബാറ്ററി ചാർജ് ചെയ്യാൻ പുറമേനിന്ന് വൈദ്യുതി ബന്ധിപ്പിക്കേണ്ടതില്ല. ബ്രേക്കിങ് സമയത്ത് ലഭിക്കുന്ന ഊർജം ഉപയോഗിച്ച് ബാറ്ററി റീചാർജ് ചെയ്യുന്ന റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്.
ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ പരമ്പരാഗത പെട്രോൾ, ഡീസൽ എസ്യുവികൾക്ക് പകരമായി ഹൈബ്രിഡ് മോഡലുകൾക്ക് ലഭിക്കുന്ന സ്വീകാര്യത മുതലെടുക്കാനാണ് റെനോയുടെ ശ്രമം. 160 PS കരുത്തും ഉയർന്ന ഇന്ധനക്ഷമതയും ഒരുമിച്ചെത്തിക്കുന്ന പുതിയ ഡസ്റ്റർ എസ്യുവി വിപണിയിൽ എങ്ങനെ മത്സരിക്കുമെന്നത് വാഹനപ്രേമികൾ ഉറ്റുനോക്കുകയാണ്.


