ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ വ്യാപക കസ്റ്റഡിയുമായി പൊലീസ്. യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽനിന്ന് കസ്റ്റഡിയിലെടുത്തതായി സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് അറിയിച്ചു. കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് പാർട്ടിയുടെ ആരോപണം.
തെറ്റുകൾ ചോദ്യം ചെയ്യുകയും നിശ്ശബ്ദരാകാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന യുവാക്കളെ ഏകാധിപതി ഭയപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട് സിജെപി എക്സിൽ കുറിച്ചു.
സിപിഐഎം നേതാക്കളും കസ്റ്റഡിയിൽ
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് ജന്തർ മന്തറിലേക്ക് പുറപ്പെട്ട സിപിഐഎം നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളാണ് കസ്റ്റഡിയിലായത്.
അതേസമയം, സിജെപി നേതാക്കളായ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവർ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ AI 2428 വിമാനത്തിലാണ് ഇവർ എത്തുകയെന്നാണ് അറിയിപ്പ്. രാവിലെ 10.35-ന് വിമാനം ഡൽഹിയിൽ ഇറങ്ങുമെന്നായിരുന്നു റിപ്പോർട്ട്.
രാവിലെ 10 മണിയോടെ ജന്തർ മന്തറിൽ പ്രതിഷേധക്കാർ എത്തിച്ചേരണമെന്നാണ് സിജെപി ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ, പ്രതിഷേധം തടയുന്നതിനായി ഡൽഹി പൊലീസും കേന്ദ്രസർക്കാരും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു
2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിന് ശേഷം തലസ്ഥാനത്ത് ഒരു പ്രതിഷേധവുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിനായി കേന്ദ്രസേനയെ വിന്യസിക്കുന്നതിലെ ഏറ്റവും വലിയ നടപടികളിലൊന്നാണിതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കേന്ദ്ര സായുധ പൊലീസ് സേനയിലെ 23,000 ഉദ്യോഗസ്ഥരെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ജന്തർ മന്തറിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധവുമായി ബന്ധപ്പെട്ട സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരാഴ്ചയ്ക്കിടെയുള്ള ചില സന്ദർശനങ്ങൾ റദ്ദാക്കി ഡൽഹിയിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്റർനെറ്റ് നിയന്ത്രണം
ജന്തർ മന്തറിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 9 രാത്രി 10 മണി മുതൽ ഒക്ടോബർ 10 രാത്രി 10 മണി വരെയാണ് നിയന്ത്രണം.
വിവിധ തലങ്ങളിലുള്ള ബാരിക്കേഡുകൾ, സിസിടിവി നിരീക്ഷണം, മുഖം തിരിച്ചറിയാനുള്ള സംവിധാനങ്ങൾ എന്നിവയുൾപ്പെടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ട്രെയിൻ, മെട്രോ സർവീസുകൾ ഉൾപ്പെടെയുള്ള ഗതാഗത നിയന്ത്രണങ്ങളെ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നടപടികളെന്നാണ് സിജെപി വിശേഷിപ്പിച്ചത്.
അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയ നിരീക്ഷണവും ശ്രദ്ധേയമാണ്. ‘ഈച്ചയെ കൊല്ലാൻ ചുറ്റികയെടുക്കരുത്’ എന്ന പ്രയോഗത്തിലൂടെ നടപടികളുടെ ആനുപാതികതയെക്കുറിച്ചാണ് കോടതി ചൂണ്ടിക്കാട്ടിയത്.
കോക്രോച്ച് ജനതാ പാർട്ടിക്കൊപ്പം എസ്എഫ്ഐ, എഐഎസ്എഫ്, ഐസ, എഎസ്എപി തുടങ്ങിയ ഇടത് വിദ്യാർഥി സംഘടനകളും സംയുക്ത പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.


