ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധം തുടങ്ങുംമുമ്പേ രാജ്യതലസ്ഥാനത്ത് വ്യാപക കസ്റ്റഡി. കൂട്ടംകൂടുന്നവരെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കാൽനടയാത്രക്കാർക്കും നിയന്ത്രണം ഏർപ്പെടുത്തിയതോടെ രാവിലെ ജോലിക്കായി പുറത്തിറങ്ങിയ നിരവധി പേർ വഴിയിൽ കുടുങ്ങി.
കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ കൊണ്ടുപോകുന്ന പൊലീസ് വാനുകൾക്കുള്ളിൽനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സമരത്തിന് മുന്നോടിയായി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്.
‘യുവാക്കളെ ഭയമാണെങ്കിൽ മോദി എന്തിന്?’
രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹം പ്രധാനമന്ത്രി കസേരയിൽ തുടരുന്നതെന്ന് സിജെപി സ്ഥാപകൻ ദീപ്കെ ചോദിച്ചു. പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പുതന്നെ മോദി പരാജയം സമ്മതിച്ചുവെന്നും ദീപ്കെ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ നേരിടാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.
ഡൽഹിയിൽ കനത്ത സുരക്ഷ
സിജെപിയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ്, കേന്ദ്രസേന എന്നിവയിൽനിന്നായി 40,000ത്തിലേറെ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രധാന റോഡുകളിലും പ്രതിഷേധസാധ്യതയുള്ള മേഖലകളിലും ബാരിക്കേഡുകൾ സ്ഥാപിച്ചതിന് പുറമേ താൽക്കാലിക മുള്ളുകമ്പികളും നിരത്തിത്തുടങ്ങി.
വാഹനങ്ങൾ കടന്നുപോകുന്നത് നിയന്ത്രിക്കാനും പ്രതിഷേധക്കാർ നിശ്ചിത മേഖലകളിലേക്ക് എത്തുന്നത് തടയാനുമാണ് പൊലീസിന്റെ നീക്കം. ഇതോടെ നഗരത്തിലെ ഗതാഗതത്തെയും പൊതുജനങ്ങളുടെ യാത്രയെയും നിയന്ത്രണങ്ങൾ ബാധിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന് മുന്നോടിയായി മാൻഡി ഹൗസ് മേഖലയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) ഫ്ലാഗ് മാർച്ചും നടത്തി.
മെട്രോ സ്റ്റേഷന് സമീപം പത്തുപേർ കസ്റ്റഡിയിൽ
അതിനിടെ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പുതന്നെ വിവിധ മേഖലകളിൽ കസ്റ്റഡി നടപടികൾ തുടരുകയാണ്.
ജന്തർ മന്തറിൽ പ്രതിഷേധം നടത്താനുള്ള സിജെപിയുടെ നീക്കവും അതിനെ നേരിടാൻ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും രാജ്യതലസ്ഥാനത്ത് സംഘർഷാവസ്ഥയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങൾ കാരണം സാധാരണ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും ചർച്ചയാകുന്നു.


