Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘എൽഎൽബി പ്രവേശന പരീക്ഷ മലയാളത്തിലും’; ദ്വിഭാഷാ രീതിക്ക് സർക്കാർ അനുമതി | Nalamidam
14 October 2026
Home News Kerala ‘എൽഎൽബി പ്രവേശന പരീക്ഷ മലയാളത്തിലും’; ദ്വിഭാഷാ രീതിക്ക് സർക്കാർ അനുമതി

‘എൽഎൽബി പ്രവേശന പരീക്ഷ മലയാളത്തിലും’; ദ്വിഭാഷാ രീതിക്ക് സർക്കാർ അനുമതി

ചോദ്യപേപ്പറിന്റെ കൃത്യതയും പരീക്ഷയുടെ നിലവാരവും രഹസ്യസ്വഭാവവും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ഇതോടൊപ്പം നടപ്പാക്കും

2

തിരുവനന്തപുരം: സംസ്ഥാനത്തെ എൽഎൽബി പ്രവേശന പരീക്ഷ അടുത്ത അധ്യയന വർഷം മുതൽ മലയാളത്തിലും ഇംഗ്ലീഷിലും നടത്താൻ സർക്കാർ അനുമതി നൽകി. ഇതോടെ വിദ്യാർഥികൾക്ക് ഇഷ്ടാനുസരണം മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ വായിച്ച് പരീക്ഷയെഴുതാനാകും. വിദ്യാർഥികളുടെ ദീർഘകാല ആവശ്യവും മാതൃഭാഷാ നയവും പരിഗണിച്ചാണ് തീരുമാനം.

എൽഎൽബി പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ മലയാളത്തിൽ കൂടി ലഭ്യമാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നേരത്തേ നിർദേശം നൽകിയിരുന്നു. മലയാളം ഐക്യവേദി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പരീക്ഷയുടെ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ കൂടുതൽ വിദ്യാർഥിസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.

വിവർത്തനത്തിന്റെ കൃത്യത ഉറപ്പാക്കാൻ വിദഗ്ധ സമിതി

ചോദ്യപേപ്പർ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ കൃത്യത ഉറപ്പാക്കുന്നതിനും പരീക്ഷയുടെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനുമായി പ്രത്യേക വിദഗ്ധ പാനൽ രൂപീകരിക്കും. നിയമപരിജ്ഞാനമുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയാകും പാനൽ തയ്യാറാക്കുക.

വിവർത്തനത്തിലെ പിഴവുകൾ മൂലം ചോദ്യങ്ങളുടെ അർഥത്തിൽ വ്യത്യാസമോ ആശയക്കുഴപ്പമോ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കും.

ഇംഗ്ലീഷ് ചോദ്യത്തിന് അന്തിമ പരിഗണന

മലയാളം, ഇംഗ്ലീഷ് ചോദ്യങ്ങൾ തമ്മിൽ അർഥവ്യത്യാസമോ ആശയക്കുഴപ്പമോ ഉണ്ടായാൽ ഇംഗ്ലീഷിലുള്ള ചോദ്യമായിരിക്കും അന്തിമമായി പരിഗണിക്കുക. ഇതുസംബന്ധിച്ച വ്യവസ്ഥ പരീക്ഷയുടെ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തും.

പുതിയ തീരുമാനം മലയാളം മാധ്യമത്തിൽ പഠിച്ച വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷയിൽ കൂടുതൽ സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ചോദ്യപേപ്പറിന്റെ കൃത്യതയും പരീക്ഷയുടെ നിലവാരവും രഹസ്യസ്വഭാവവും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ഇതോടൊപ്പം നടപ്പാക്കും.