മീററ്റ്: ഭർത്താവ് സൗരഭ് രജ്പുതിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി നീല ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച കേസിൽ പ്രതികളായ മുസ്കാൻ റസ്തോഗിക്കും പങ്കാളി സാഹിൽ ശുക്ലയ്ക്കും വധശിക്ഷ. ബുധനാഴ്ചയാണ് മീററ്റിലെ കോടതി ശിക്ഷ വിധിച്ചത്. രാജ്യത്തെ നടുക്കിയ കൊലപാതകക്കേസിൽ 13 മാസം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി.
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത് 2025 മാർച്ച് മൂന്നിനാണ് കൊല്ലപ്പെട്ടത്. രണ്ടാഴ്ചയ്ക്കുശേഷം മീററ്റിലെ പ്രതികളുടെ വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹം കഷണങ്ങളാക്കി നീല ഡ്രമ്മിൽ നിക്ഷേപിച്ചശേഷം സിമന്റ് നിറച്ച് ഒളിപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നാണ് കേസ്.
126 തവണ വാദം കേട്ടശേഷം വിധി
‘ബ്ലൂ ഡ്രം കേസ്’ എന്നറിയപ്പെടുന്ന കേസിൽ 126 തവണ വാദം കേട്ടശേഷമാണ് ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്ര വിധി പ്രസ്താവിച്ചത്. ഏഴ് വയസും പത്ത് മാസവും പ്രായമുള്ള രണ്ട് പെൺമക്കളുടെ മാതാപിതാക്കളായ മുസ്കാനെയും സാഹിലിനെയും വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്.
ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരുവരോടും എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചു. ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള തെളിവുകളുമായി ബന്ധപ്പെട്ട് ജഡ്ജി പ്രതികളോട് ചോദ്യങ്ങൾ ഉന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്.
ശിക്ഷാവിധിക്ക് മുമ്പുള്ള ദിവസങ്ങളിൽ ഇരുവരും അസ്വസ്ഥരായിരുന്നുവെന്നും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും കുറഞ്ഞിരുന്നുവെന്നും ജയിൽ സൂപ്രണ്ട് ഡോ. വിരേഷ് രാജ് ശർമ പറഞ്ഞു.
സെപ്റ്റംബർ 30ന് കുറ്റക്കാരെന്ന് കണ്ടെത്തി
കൊലപാതകത്തിനും മൃതദേഹം മറച്ചുവെക്കാൻ ശ്രമിച്ചതിനും സെപ്റ്റംബർ 30നാണ് മുസ്കാനും സാഹിലും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. സൗരഭിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം കഷണങ്ങളാക്കി നീല ഡ്രമ്മിനുള്ളിൽ നിക്ഷേപിക്കുകയും തെളിവുകൾ മറയ്ക്കുന്നതിനായി സിമന്റ് നിറയ്ക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.
വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 22 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ഡ്രം, കത്തി, മറ്റ് വസ്തുക്കൾ എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ടവരും സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. പ്രതികളുടെ സഞ്ചാരവിവരങ്ങൾ കണ്ടെത്തുന്നതിനായി ഹോട്ടൽ മാനേജർമാരുടെയും ക്യാബ് ഡ്രൈവർമാരുടെയും മൊഴികളും പരിശോധിച്ചു.
മക്കളുടെ ഭാവിയിൽ ആശങ്കയെന്ന് മുസ്കാൻ
ശിക്ഷാവിധിക്ക് പിന്നാലെ മുസ്കാന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നു. കഴിഞ്ഞ മൂന്ന് നാല് ദിവസമായി മൂത്ത മകളെ കാണാൻ അനുവദിക്കണമെന്ന് മുസ്കാൻ ആവശ്യപ്പെട്ടിരുന്നതായി ജയിൽ അധികൃതർ പറഞ്ഞു. ഇളയ മകൾ നിലവിൽ മുസ്കാനൊപ്പം ജയിലിലാണ്. കുട്ടിയുടെ ഭാവിയെക്കുറിച്ച് മുസ്കാൻ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
വിധി പ്രസ്താവിക്കുന്ന സമയത്ത് സൗരഭിന്റെ അമ്മ രേണുവും അമ്മായിയും സഹോദരനും മറ്റ് കുടുംബാംഗങ്ങളും കോടതിയിൽ സന്നിഹിതരായിരുന്നു. മകന് നീതി ലഭിക്കുന്നതിനായി എല്ലാ തലങ്ങളിലും പോരാടിയെന്നും നിയമനടപടികളിൽ പിന്തുണ നൽകിയ ഭരണകൂടത്തിനും മറ്റുള്ളവർക്കും നന്ദിയുണ്ടെന്നും രേണു പ്രതികരിച്ചു.
സൗരഭ് രജ്പുതിന്റെ കൊലപാതകവും മൃതദേഹം നീല ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച സംഭവവും രാജ്യവ്യാപകമായി വലിയ ചർച്ചയായിരുന്നു. കേസിൽ വധശിക്ഷ വിധിച്ചതോടെ നിർണായകമായ നിയമനടപടികൾ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.


