ഫ്രാൻസിലെ 500ലധികം സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേഷൻ സംവിധാനങ്ങൾ ഹാക്കർമാർ വിദൂരമായി നിയന്ത്രിച്ച് ചൂടാക്കിയതിനെത്തുടർന്ന് വൻതോതിൽ ഭക്ഷ്യവസ്തുക്കൾ നശിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ ചില്ലറ വ്യാപാരികൾക്ക് ദശലക്ഷക്കണക്കിന് യൂറോയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ.
ലെ മോണ്ട് റിപ്പോർട്ട് പ്രകാരം, ഇന്റർമാർഷെ, നെറ്റോ, കാരിഫോർ, മോണോപ്രിക്സ്, കോഓപ്പറേറ്റീവ് യു തുടങ്ങിയ സൂപ്പർമാർക്കറ്റ് ശൃംഖലകളെയാണ് ആക്രമണം ബാധിച്ചത്. മൊത്തവ്യാപാര സ്ഥാപനമായ മെട്രോയും ചില മാംസവ്യാപാര സ്ഥാപനങ്ങളും ആക്രമണത്തിന്റെ പരിധിയിൽപ്പെട്ടിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
ഡാനിഷ് കമ്പനിയായ ഡാൻഫോസ് നിർമിച്ച റഫ്രിജറേഷൻ കൺട്രോളറുകളെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടതെന്നാണ് വിവരം. ഉപകരണങ്ങളിലെ ഡീഫ്രോസ്റ്റ് സംവിധാനങ്ങളിൽ മാറ്റം വരുത്തി താപനില ഉയർത്തിയതോടെ ശീതീകരിച്ചും ഫ്രഷായും സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗശൂന്യമായി. കിഴക്കൻ ഫ്രാൻസിലെ ഒരു ഇന്റർമാർഷെ സ്റ്റോറിൽ മാത്രം ഏകദേശം 50,000 യൂറോയുടെ ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ നഷ്ടമായതായും മറ്റൊരു സ്റ്റോറിൽ 2.2 ലക്ഷം യൂറോയുടെ ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കേണ്ടിവന്നതായും റിപ്പോർട്ടിലുണ്ട്.
പഴയ മോഡൽ കൺട്രോളറുകളിലെ സുരക്ഷാ ദൗർബല്യങ്ങൾ ആക്രമണത്തിന് വഴിയൊരുക്കിയിരിക്കാമെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ. ഇന്റർനെറ്റിലൂടെ നേരിട്ട് പ്രവേശിക്കാവുന്ന ഇത്തരം ഉപകരണങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്ന് ഫ്രാൻസിന്റെ സൈബർ സുരക്ഷാ ഏജൻസി നിർദേശിച്ചു.
ആക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളില്ല. സംഭവത്തിൽ കൃത്യമായ നഷ്ടം എത്രയാണെന്നതും വ്യക്തമല്ല.


