ബ്രിട്ടനിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ വംശീയ അധിക്ഷേപവും ഭീഷണിയും ഉണ്ടായതായി റിപ്പോർട്ട്. വെസ്റ്റ് മിഡ്ലാൻഡ്സിലെ മെറിഡൻ പാർക്കിൽ രാത്രിയിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ ‘ചെംസ്ലി വുഡ് പാട്രിയറ്റ്സ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനെന്ന പേരിൽ രാത്രി പട്രോളിംഗ് നടത്തുകയാണെന്ന് അവകാശപ്പെട്ടാണ് സംഘം പാർക്കിലെത്തിയത്. അവിടെയുണ്ടായിരുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ വളഞ്ഞ സംഘം, അവർ എന്തിനാണ് ഇംഗ്ലണ്ടിലെത്തിയതെന്ന് ചോദ്യം ചെയ്യുകയും ‘വീട്ടിലേക്ക് മടങ്ങണം’ എന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
താൻ ബർമിംഗ്ഹാമിലാണ് താമസിക്കുന്നതെന്നും അന്ന് മാത്രമാണ് ഈ പ്രദേശത്ത് എത്തിയതെന്നും ഒരു വിദ്യാർത്ഥി വിശദീകരിച്ചു. മാസ്റ്റേഴ്സ് ബിരുദം നേടുന്നതിനായി കഴിഞ്ഞ രണ്ടുവർഷമായി യുകെയിൽ താമസിക്കുന്നയാളാണ് താനെന്ന് മറ്റൊരു വിദ്യാർത്ഥിയും വ്യക്തമാക്കി. എന്നാൽ, വിദ്യാർത്ഥികളുടെ വിശദീകരണങ്ങൾ പരിഗണിക്കാതെ സംഘം ഭീഷണിപ്പെടുത്തുന്നത് തുടർന്നെന്നാണ് ആരോപണം.
കുട്ടികളുടെ പാർക്കിൽനിന്ന് മാറിനിൽക്കണമെന്നും പ്രദേശത്ത് വീണ്ടും കണ്ടാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സംഘം മുന്നറിയിപ്പ് നൽകിയതായി പുറത്തുവന്ന ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നു. സംഭവത്തിന്റെ വീഡിയോ സംഘം തന്നെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായാണ് റിപ്പോർട്ട്. പിന്നീട് വീഡിയോ നീക്കം ചെയ്തെങ്കിലും അതിന്റെ പകർപ്പുകൾ മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമായി പ്രചരിച്ചു.
സംഭവത്തിനെതിരെ പ്രാദേശിക സാമൂഹിക പ്രവർത്തകനും മുൻ കൗൺസിലറുമായ ശേഷേഷ് ശേഷർ രംഗത്തെത്തി. വിദ്യാർത്ഥികൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവരുടെ വംശീയ പശ്ചാത്തലത്തിന്റെ പേരിലാണ് ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. അയൽക്കാരെ ഭയപ്പെടുത്തുന്നത് ദേശസ്നേഹമല്ലെന്നും സഹായം ആവശ്യമുള്ളവർക്കൊപ്പം നിൽക്കുന്നതാണ് യഥാർഥ ദേശസ്നേഹമെന്നും അദ്ദേഹം പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായി വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസും സോളിഹൾ പോലീസും അറിയിച്ചു. സാധാരണക്കാരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യാനുള്ള നിയമപരമായ അധികാരം പോലീസിനാണെന്നും ഇത്തരം സംഘങ്ങൾക്ക് പോലീസ് പിന്തുണ നൽകുന്നില്ലെന്നും ഇൻസ്പെക്ടർ ജെന്നി വില്ലെറ്റ്സ് വ്യക്തമാക്കി. സമാനമായ സംഭവങ്ങൾ നേരിടുന്നവർ പോലീസിന്റെ വെബ്സൈറ്റ് വഴിയോ 101 എന്ന നമ്പറിൽ വിളിച്ചോ പരാതി നൽകണമെന്നും അധികൃതർ നിർദേശിച്ചു.
സംഭവം വംശീയ ആക്രമണത്തിന്റെ സാധ്യത പരിഗണിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. ബ്രിട്ടനിൽ പഠനത്തിനും ജോലിക്കുമായി കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും കുടിയേറ്റക്കാർക്കെതിരായ വിദ്വേഷപരമായ പെരുമാറ്റവും സംബന്ധിച്ച ആശങ്കകൾക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്.


