ന്യൂഡൽഹി: കാറ്റിന്റെ ശക്തി മാത്രം ആശ്രയിച്ച് ചെറുപായ് വഞ്ചിയിൽ എട്ട് മാസം നീണ്ട സാഹസിക യാത്ര. നാല് ഭൂഖണ്ഡങ്ങളും മൂന്ന് സമുദ്രങ്ങളും മൂന്ന് വൻ മുനമ്പുകളും താണ്ടി ലോകം ചുറ്റിയ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരായ ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, ലെഫ്റ്റനന്റ് കമാൻഡർ രൂപ എ എന്നിവർക്ക് രാജ്യത്തിന്റെ ആദരം. സമാധാനകാലത്തെ ധീരതയ്ക്കുള്ള മൂന്നാമത്തെ ഉയർന്ന ബഹുമതിയായ ശൗര്യചക്രയാണ് ഇരുവർക്കും ലഭിച്ചത്.
ഗോവയിൽനിന്ന് ആരംഭിച്ച ചരിത്രയാത്രയിൽ ദിൽന കെക്കും രൂപ എയ്ക്കും ആശ്രയം കാറ്റിന്റെ കരുത്തും സ്വന്തം നാവിക വൈദഗ്ധ്യവുമായിരുന്നു. ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമുദ്രപാതകളിലൂടെ സഞ്ചരിച്ച ഇരുവരും, നാവികയാത്രയിലെ ഏറ്റവും ദുഷ്കരമായ വെല്ലുവിളികളിലൊന്നായി കണക്കാക്കപ്പെടുന്ന കേപ് ഹോൺ ചുറ്റിയും യാത്ര പൂർത്തിയാക്കി.
ഭൂമിയിലെ ഏറ്റവും വിദൂര സമുദ്രബിന്ദുവായ പോയിന്റ് നെമോയിലെത്തിയ ആദ്യ ഇന്ത്യക്കാരെന്ന നേട്ടവും യാത്രയ്ക്കിടെ ഇവർ സ്വന്തമാക്കി. ലോകത്തെ ചുറ്റിയുള്ള ഈ ദൗത്യം ഇന്ത്യൻ നാവികചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമായി മാറി.
ഇന്ത്യൻ സായുധ സേനയിൽ ശൗര്യചക്ര ലഭിച്ച വനിതാ ഉദ്യോഗസ്ഥരെന്ന നിലയിലും ഇരുവരുടെയും നേട്ടം ശ്രദ്ധേയമാണ്.
കൊടുങ്കാറ്റുകളും കൂറ്റൻ തിരമാലകളും
യാത്രയ്ക്കിടെ മൂന്ന് ദിശകളിൽനിന്നുള്ള ശക്തമായ കാറ്റുകളും പർവതനിരകളെപ്പോലെ ഉയർന്ന തിരമാലകളും ഇരുവർക്കും വെല്ലുവിളിയായി. പസഫിക് സമുദ്രത്തിന്റെ മധ്യത്തിൽ കൊടുങ്കാറ്റിനെ നേരിടുന്നതിനിടെ ബോട്ടിലെ സംവിധാനങ്ങൾ തകരാറിലായതുപോലുള്ള ഗുരുതരമായ അടിയന്തര സാഹചര്യങ്ങളെയും അവർ അതിജീവിച്ചു.
യാത്രയിലെ അനുഭവങ്ങൾ പങ്കുവെച്ച ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, കടലിലെ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പിന്നിലെ നിരവധി കൗതുകകരമായ സംഭവങ്ങൾ വിവരിച്ചു.
കടലിലെ ജീവിതം; ഭക്ഷണവും അതിജീവനവും
എട്ടുമാസം നീണ്ട യാത്രയിൽ ഭക്ഷണം എങ്ങനെ കണ്ടെത്തി, പാകം ചെയ്തു, തണുത്തുറഞ്ഞ കാലാവസ്ഥയെ എങ്ങനെ അതിജീവിച്ചു തുടങ്ങിയ കാര്യങ്ങളും ദിൽന പങ്കുവെച്ചു. കടലിൽ ശരീരക്ഷമത നിലനിർത്താൻ സ്വീകരിച്ച മാർഗങ്ങളും യാത്രയ്ക്കിടെ നേരിട്ട വ്യത്യസ്ത സാഹചര്യങ്ങളും അവരുടെ അനുഭവ വിവരണത്തിലുണ്ട്.
യാത്രയ്ക്കിടെ ബോട്ടിനരികിലെത്തിയ കടൽജീവികളും പറന്നെത്തുന്ന മത്സ്യങ്ങൾ പലപ്പോഴും ബോട്ടിലേക്കും യാത്രികർക്കു നേരെയും പതിച്ചതുമെല്ലാം സാഹസിക യാത്രയിലെ കൗതുകകരമായ അനുഭവങ്ങളായി മാറി.
കഠിനമായ കാലാവസ്ഥയെയും ഒറ്റപ്പെടലിനെയും സാങ്കേതിക വെല്ലുവിളികളെയും അതിജീവിച്ച് ലക്ഷ്യത്തിലെത്തിയ ദിൽനക്കും രൂപയ്ക്കും ലഭിച്ച ശൗര്യചക്ര അംഗീകാരം അവരുടെ അസാധാരണമായ ധൈര്യത്തിന്റെയും നാവിക വൈദഗ്ധ്യത്തിന്റെയും അടയാളമാണ്.


