കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) സിബിഐയെയും രാഷ്ട്രീയ എതിരാളികൾക്കെതിരെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായി നേതാക്കൾ. തിരുവനന്തപുരത്ത് എകെജി സെന്റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസ് സംഘടിപ്പിച്ച ‘കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പകപോക്കൽ’ എന്ന സെമിനാറിലാണ് ബിജെപി സർക്കാരിനെതിരെ വിമർശനം ഉയർന്നത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ആം ആദ്മി പാർട്ടി നേതാവും മുൻ ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, ന്യൂസ്ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്ഥ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ്, നീതിന്യായ വ്യവസ്ഥ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവ നിലനിർത്തിക്കൊണ്ടുതന്നെ അവയെ നിയന്ത്രണത്തിലാക്കുന്ന നവഫാസിസ്റ്റ് രീതിയാണ് രാജ്യത്ത് നടപ്പാക്കുന്നതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.
ഇഡിയെ ‘ഇലക്ഷൻ ഡക്കോയിറ്റ്സ്’ എന്ന് പരിഹസിച്ച മനീഷ് സിസോദിയ, രാഷ്ട്രീയക്കാരെയും വ്യവസായികളെയും ഭീഷണിപ്പെടുത്താൻ അന്വേഷണ ഏജൻസിയെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചു. ഇഡി കേസുകളിൽ ആം ആദ്മി പാർട്ടിക്കൊപ്പം നിന്ന കേരളത്തിനും സിപിഐഎമ്മിനും അദ്ദേഹം നന്ദി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും (PMLA), യുഎപിഎയും കുറ്റാരോപിതർക്ക് സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് പ്രബീർ പുരകായസ്ഥ പറഞ്ഞു. കേസന്വേഷണത്തിന്റെ നടപടികൾതന്നെ ശിക്ഷയായി മാറുകയും രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ സാധാരണ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യവും സമത്വവും സംരക്ഷിക്കാൻ ജനങ്ങൾ ഒരുമിച്ച് മുന്നോട്ടുവരണമെന്ന് സെമിനാറിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തു.


