ഐപിഎൽ 2027 സീസണിലേക്കുള്ള താരലേലം ഡിസംബർ 16ന് ഗോവയിൽ നടക്കുമെന്ന് റിപ്പോർട്ട്. ലേലത്തിന്റെ തീയതിയും വേദിയും ബിസിസിഐ അന്തിമമാക്കിയതായാണ് വിവരം. പത്ത് ഐപിഎൽ ഫ്രാഞ്ചൈസികൾക്കും ബോർഡ് ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയതായാണ് റിപ്പോർട്ടുകൾ.
ഗോവയിലെ ഐടിസി ഗ്രാൻഡ് ഹോട്ടലാണ് ലേലത്തിന് വേദിയാകുക. ലേലത്തിന് മുന്നോടിയായി ഡിസംബർ 15ന് ഫ്രാഞ്ചൈസികളുടെ പ്രതിനിധികൾക്കായി പ്രത്യേക ബ്രീഫിങ് സെഷനും സംഘടിപ്പിക്കും. ബിസിസിഐയുടെ ലോജിസ്റ്റിക്സ് വിഭാഗം വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ഫ്രാഞ്ചൈസികൾക്ക് പ്രാഥമിക വിവരങ്ങൾ നൽകിയെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇമെയിൽ വഴി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മൂന്ന് സീസണുകളിലും വിദേശത്തായിരുന്നു ഐപിഎൽ താരലേലം നടന്നത്. 2024ൽ ദുബായിലും 2025ൽ സൗദി അറേബ്യയിലെ ജിദ്ദയിലും 2026ൽ അബുദാബിയിലുമായിരുന്നു ലേലം. ഇതോടെ മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം ഐപിഎൽ താരലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്.
ഫ്രാഞ്ചൈസികൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് ഇത്തവണ ലേലം ഇന്ത്യയിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചതെന്നാണ് വിവരം. ഈ വർഷം സെപ്റ്റംബറിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും ഐപിഎൽ ചെയർമാൻ അരുൺ ധുമാലും ഡിസംബർ മധ്യത്തിൽ ഗോവയിൽ ലേലം നടത്താനുള്ള സാധ്യത സൂചിപ്പിച്ചിരുന്നു.


