കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സർക്കാർ സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. വിഷയത്തിൽ അതൃപ്തി പരസ്യമാക്കി നേതാക്കൾ രംഗത്തെത്തിയതോടെ കെപിസിസി വാട്സ്ആപ്പ് ഗ്രൂപ്പിലും രൂക്ഷമായ വാഗ്വാദം. ഉമ്മൻചാണ്ടിയോട് സർക്കാർ നീതികേട് കാട്ടിയെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് മറുവിഭാഗം അഭിപ്രായപ്പെട്ടു.
കെപിസിസി വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജു പി. നായരും വി.ആർ. അനൂപും തമ്മിലാണ് വാക്പോര് നടന്നത്. വിഷയത്തിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായവ്യത്യാസമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. കോൺഗ്രസ് എംഎൽഎമാരായ ചാണ്ടി ഉമ്മൻ, സി.ആർ. മഹേഷ്, ജിൻഡോ ജോൺ എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
സർക്കാരിന്റെ നിലപാടിനെതിരെ കുഴൽനാടൻ
അതേസമയം, മാസപ്പടി കേസിൽ പിണറായി വിജയന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന വിമർശനവുമായി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ വീണ്ടും രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട പോരാട്ടത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തുപകർന്നത് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരനാണെന്ന് അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിലെ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ലെന്നും നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവന്നെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. കുടുംബാംഗങ്ങൾക്ക് വീട്ടിലേക്ക് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
പ്രതിസന്ധി ഘട്ടങ്ങളിൽ ചേർത്തുനിർത്തുകയും കരുത്തുപകരുകയും ചെയ്തത് കോൺഗ്രസിന്റെ ധീരനായ നേതാവ് കെ. സുധാകരനാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വിട്ടുവീഴ്ച ചെയ്താൽ എതിർപക്ഷം തലയിൽ കയറി നിരങ്ങുമെന്നായിരുന്നു സുധാകരന്റെ ഉപദേശമെന്നും പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
മാസപ്പടി കേസുമായി ബന്ധപ്പെട്ട നിലപാടുകൾ കോൺഗ്രസിനുള്ളിൽ ചർച്ചകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും വഴിവെച്ചിരിക്കെയാണ് നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ വീണ്ടും ശ്രദ്ധേയമാകുന്നത്.


