കൊച്ചി: മുസ്ലിം വിരുദ്ധ വിദ്വേഷ പരാമർശങ്ങൾ ഉൾപ്പെട്ട വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗിനെതിരെ കേസെടുത്ത് ഫോർട്ട് കൊച്ചി പൊലീസ്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 353(2), 192 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫോർട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
അമൃത് സിംഗിനെതിരെ യൂത്ത് ലീഗും സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. മതസ്പർധ വളർത്തുന്നതും പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് യൂത്ത് ലീഗ് ആവശ്യപ്പെട്ടത്.
ഫോർട്ട് കൊച്ചി പരാമർശം വിവാദത്തിൽ
ഫോർട്ട് കൊച്ചിയിൽ മുസ്ലിംകൾ കൂടുതലാണെന്നും അതിനാൽ കേരളം അപകടത്തിലാണെന്നുമുള്ള പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. പ്രദേശത്തെ ഭൂരിഭാഗം കച്ചവടക്കാരും ടാക്സി, ഓട്ടോറിക്ഷാ ഡ്രൈവർമാരും മുസ്ലിംകളാണെന്നും വീഡിയോയിൽ ഇൻഫ്ലുവൻസർ അവകാശപ്പെടുന്നു.
ഫോർട്ട് കൊച്ചി പൂർണമായും ഇസ്ലാമിക അന്തരീക്ഷത്തിലാണെന്നും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ഈ പരാമർശങ്ങൾ മതസ്പർധ വളർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി ഉയർന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.


