Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ശുപാർശ’; രാഷ്ട്രപതിക്ക് കത്തയച്ച് മുൻ ഗവർണർ | Nalamidam
25 October 2026
Home News National ‘പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ശുപാർശ’; രാഷ്ട്രപതിക്ക് കത്തയച്ച് മുൻ ഗവർണർ

‘പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ശുപാർശ’; രാഷ്ട്രപതിക്ക് കത്തയച്ച് മുൻ ഗവർണർ

പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന ഗവർണറുടെ ശുപാർശയിൽ രാഷ്ട്രപതി സ്വീകരിക്കുന്ന തുടർനടപടികളിലേക്കാണ് ശ്രദ്ധ നീളുന്നത്

120

തിരുവനന്തപുരം: സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുമ്പ് പിഎസ്‌സി ചെയർമാൻ എംആർ ബൈജു ഉൾപ്പെടെ 16 അംഗങ്ങളെ പുറത്താക്കണമെന്ന് ശുപാർശ ചെയ്ത് മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് കത്തയച്ചതായി റിപ്പോർട്ട്. പിഎസ്‌സി പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നിർണായക നീക്കം.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകുന്നതെന്നാണ് റിപ്പോർട്ട്. പരാതികളുടെ പകർപ്പുകളും മാധ്യമ വാർത്തകളും ഉൾപ്പെടെയുള്ള രേഖകൾ സഹിതമാണ് ശുപാർശ സമർപ്പിച്ചത്. വിഷയത്തിൽ രാഷ്ട്രപതിയുടെ തീരുമാനം നിർണായകമാകും.

പിഎസ്‌സിയുടെ പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഗവർണർക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. പിഎസ്‌സി ഉദ്യോഗാർഥികൾ നേരിട്ടെത്തിയും പരാതി നൽകിയിരുന്നു. യുവമോർച്ച സംസ്ഥാന അധ്യക്ഷനും വിഷയത്തിൽ പരാതി ഉന്നയിച്ചിരുന്നു. ഈ പരാതികളുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതിക്ക് ശുപാർശ നൽകാൻ ഗവർണർ തീരുമാനിച്ചത്.

പരീക്ഷാ നടത്തിപ്പിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം

ആസൂത്രണ ബോർഡിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയിലടക്കം ക്രമക്കേടുകൾ നടന്നെന്ന ആരോപണം പിഎസ്‌സിക്കെതിരെ ഉയർന്നിരുന്നു. മൂല്യനിർണയം നടത്താതെ 58 ചോദ്യങ്ങൾ വിട്ടുകളഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അഭിമുഖ പരീക്ഷകളിലും ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ പുറത്തുവന്നു. സംഭവങ്ങളിൽ സർക്കാരിനും പിഎസ്‌സിക്കും എതിരെ ഹൈക്കോടതി നേരത്തേ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

അന്വേഷണത്തിൽ അലംഭാവമെന്ന് ഹൈക്കോടതി

പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിൽ സർക്കാർ അലംഭാവം കാട്ടുകയാണെന്ന് ഹൈക്കോടതി വിമർശിച്ചു. പ്രതികളെ പിടികൂടുന്നില്ലെങ്കിൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് മനസിലാക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ കോടതി, പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നിർദേശിച്ചു.

സർക്കാരിനും അന്വേഷണ സംഘത്തിനും മുന്നറിയിപ്പ് നൽകിയ കോടതി, കേസിൽ ഒത്തുകളിയുണ്ടായാൽ മൂന്നാമതൊരു കൂട്ടർ ഇടപെടുന്ന സാഹചര്യമുണ്ടാകാമെന്നും വ്യക്തമാക്കി. ജനങ്ങളുടെ വികാരം മനസിലാക്കണമെന്നും കോടതി ഓർമിപ്പിച്ചു.

ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച്, ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്‌സി സമർപ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു വിമർശനം. സർക്കാർ ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്ന് ആയിരുന്നു പിഎസ്‌സിയുടെ വാദം. അതേസമയം, അന്വേഷണവുമായി പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന ഗവർണറുടെ ശുപാർശയിൽ രാഷ്ട്രപതി സ്വീകരിക്കുന്ന തുടർനടപടികളിലേക്കാണ് ഇനി ശ്രദ്ധ നീളുന്നത്.