...
Home News National ‘വോട്ടർ പട്ടികയിൽ പേര് ഒഴിവായോ’? ഫോം 6 വഴി വീണ്ടും ചേർക്കാം; അറിയിപ്പുമായി കർണാടക മുഖ്യ...

‘വോട്ടർ പട്ടികയിൽ പേര് ഒഴിവായോ’? ഫോം 6 വഴി വീണ്ടും ചേർക്കാം; അറിയിപ്പുമായി കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

പേര് ഒഴിവായവർ ആവശ്യമായ രേഖകളോടെ ഫോം 6 വഴി അപേക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് അധികൃതർ നിർദേശിക്കുന്നു

45

ബെംഗളൂരു: കർണാടകയിൽ എസ്‌ഐആറിന് (SIR) പിന്നാലെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് ഫോം 6 വഴി വീണ്ടും അപേക്ഷിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അൻബുകുമാർ അറിയിച്ചു. അപേക്ഷകൾ പരിശോധിച്ച ശേഷം അർഹരായവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ പേരില്ലാത്തവർ എത്രയും വേഗം ഫോം 6 പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. 18 വയസ്സ് പൂർത്തിയായവരും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും പേര് ചേർക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അവബോധം നൽകാനുള്ള ക്രമീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്‌ഐആർ നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം പുറത്തുവന്നത്.

അന്തിമ പട്ടികയിൽ 4.55 കോടി വോട്ടർമാർ

എസ്‌ഐആറിന് മുമ്പ് കർണാടകയിലെ വോട്ടർ പട്ടികയിൽ 5,54,32,314 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ പരിഷ്‌കരിച്ച അന്തിമ പട്ടികയിൽ വോട്ടർമാരുടെ എണ്ണം 4,55,00,011 ആയി കുറഞ്ഞു. ഇതോടെ ഏകദേശം 99.32 ലക്ഷം വോട്ടർമാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കരട് വോട്ടർ പട്ടികയിൽ നിന്ന് 1.07 കോടിയിലധികം പേരുകളാണ് ഒഴിവാക്കിയിരുന്നത്. തുടർന്ന് പുതിയ വോട്ടർമാരുടെ അപേക്ഷകൾ ഉൾപ്പെടെ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. ആകെ 7,87,534 അപേക്ഷകളാണ് തിരഞ്ഞെടുപ്പ് അധികൃതർക്ക് ലഭിച്ചത്.

കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ അന്തിമ പട്ടികയിൽ 8.64 ലക്ഷം വോട്ടർമാരെ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം.

സ്ത്രീ വോട്ടർമാർ കൂടുതൽ

അന്തിമ വോട്ടർ പട്ടികയിലെ കണക്കുകൾ പ്രകാരം കർണാടകയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണുള്ളത്. പട്ടികയിൽ 2.25 കോടി പുരുഷ വോട്ടർമാരും 2.29 കോടി സ്ത്രീ വോട്ടർമാരുമുണ്ട്.

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പേര് ഒഴിവായവർ ആവശ്യമായ രേഖകളോടെ ഫോം 6 വഴി അപേക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് അധികൃതർ നിർദേശിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.