...
Home News National ടോൾ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവർക്ക് വാർഷിക ഫാസ്റ്റ് ടാഗ് പാസ്; നിരക്ക് 1,500 രൂപ മുതൽ

ടോൾ പ്ലാസയ്ക്ക് സമീപം താമസിക്കുന്നവർക്ക് വാർഷിക ഫാസ്റ്റ് ടാഗ് പാസ്; നിരക്ക് 1,500 രൂപ മുതൽ

ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് വാർഷിക പാസിന് അപേക്ഷിക്കാം. വാഹനത്തിൽ സാധുതയുള്ളതും പ്രവർത്തനക്ഷമവുമായ വാണിജ്യേതര ഫാസ്റ്റ് ടാഗ് ഉണ്ടായിരിക്കണം.

28

ദേശീയപാതകളിലെ ടോൾ പ്ലാസകളിലൂടെ പതിവായി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി വാർഷിക ഫാസ്റ്റ് ടാഗ് ലോക്കൽ പാസ് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്കാണ് ഈ സൗകര്യം ലഭിക്കുക. ടോൾ പ്ലാസയുടെ സ്ഥാനം അനുസരിച്ച് പ്രതിവർഷം 1,500 രൂപയോ 3,000 രൂപയോ അടച്ച് പാസ് സ്വന്തമാക്കാം. നവംബർ ഒന്നുമുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിപ്പ്.

ആർക്കൊക്കെ പാസ് ലഭിക്കും?

ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് വാർഷിക പാസിന് അപേക്ഷിക്കാം. വാഹനത്തിൽ സാധുതയുള്ളതും പ്രവർത്തനക്ഷമവുമായ വാണിജ്യേതര ഫാസ്റ്റ് ടാഗ് ഉണ്ടായിരിക്കണം. എന്നാൽ, ഈ യോഗ്യതകൾ പാലിക്കുന്ന എല്ലാവർക്കും പാസ് ലഭിക്കണമെന്നില്ല. സർവീസ് റോഡോ ബദൽ റോഡോ ലഭ്യമായ ടോൾ പ്ലാസകളിൽ ഈ ഇളവ് ബാധകമല്ല. അടച്ച ടോൾ പിരിവ് സംവിധാനമുള്ള ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും വാർഷിക ലോക്കൽ പാസ് ഉപയോഗിക്കാനാവില്ല.

പാസിന്റെ നിരക്ക് എത്ര?

ടോൾ പ്ലാസ മുനിസിപ്പൽ അല്ലെങ്കിൽ പ്രാദേശിക പട്ടണ പരിധിക്ക് പുറത്താണെങ്കിൽ വാർഷിക പാസിന് 1,500 രൂപയാണ് നിരക്ക്. ടോൾ പ്ലാസ ഇത്തരം പരിധിക്കുള്ളിലാണെങ്കിൽ 3,000 രൂപ നൽകണം. പാസ് അനുവദിച്ച ടോൾ പ്ലാസയിൽ മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ. മറ്റൊരു ടോൾ പ്ലാസയിലേക്ക് പാസ് മാറ്റാനാവില്ല. നിലവിലുള്ള പ്രതിമാസ പാസ് സംവിധാനവും വാഹന ഉടമകൾക്ക് തിരഞ്ഞെടുക്കാം.

എങ്ങനെ അപേക്ഷിക്കാം?

നവംബർ ഒന്നുമുതൽ യോഗ്യമായ ടോൾ പ്ലാസകളിൽ വാർഷിക പാസ് ലഭ്യമാകും. ഡിസംബർ ഒന്നുമുതൽ രാജ്മാർഗ് യാത്ര ആപ്പ് വഴിയും അപേക്ഷിക്കാനാകും.

പാസിന് അപേക്ഷിക്കുന്നതിന് മുമ്പ് താമസസ്ഥലം ടോൾ പ്ലാസയുടെ നിർദിഷ്ട 20 കിലോമീറ്റർ പരിധിക്കുള്ളിലാണെന്ന് ഉറപ്പാക്കണം. അതോടൊപ്പം, ബന്ധപ്പെട്ട ടോൾ പ്ലാസയിൽ വാർഷിക പാസ് ഇളവ് ബാധകമാണോയെന്നും പരിശോധിക്കണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.