തിരുവനന്തപുരം: വ്യവസായങ്ങൾക്ക് അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന സരൾ ബിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ നിയമസഭ പാസാക്കി. ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അതേസമയം, ബില്ലിനെച്ചൊല്ലി ഭരണപക്ഷത്തും ഭിന്നാഭിപ്രായങ്ങൾ ഉയർന്നു. അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
സരൾ ബിൽ ഭാവിയിൽ സർക്കാരിന് തന്നെ ബാധ്യതയായി മാറുമെന്നായിരുന്നു സുധാകരന്റെ മുന്നറിയിപ്പ്. വാദപ്രതിവാദത്തിനല്ല, സംസ്ഥാനത്തിന്റെ താൽപര്യം മുൻനിർത്തിയാണ് താൻ ആശങ്ക പങ്കുവയ്ക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ബിൽ വനപ്രദേശങ്ങളുടെ വിസ്തൃതി കുറയുന്നതിനും പരിസ്ഥിതി നാശത്തിനും വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി. സരൾ എന്ന പേരിലുള്ള ബിൽ യഥാർഥത്തിൽ ‘കരാള’ ബില്ലായി മാറുമോ എന്നും അദ്ദേഹം ചോദിച്ചു.
വ്യവസായ അനുമതികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി നെൽവയലുകൾക്കും തണ്ണീർത്തടങ്ങൾക്കും നിലവിലുള്ള സംരക്ഷണം ഉറപ്പാക്കാൻ എന്ത് വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്ന് സുധാകരൻ ചോദിച്ചു. തണ്ണീർത്തടങ്ങൾ, തോടുകൾ, കായലുകൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള കൃത്യമായ മുൻകരുതലുകൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
കുട്ടനാട്ടിൽ നെൽസംരക്ഷണ സമിതി രൂപീകരിക്കുന്നതിൽ പങ്കുവഹിച്ച വ്യക്തിയാണ് താനെന്നും ഈ നിയമം സംസ്ഥാനത്തിന് ദോഷകരമാകുമെന്നും സുധാകരൻ പറഞ്ഞു. ഇതിന് മറുപടിയായി, നെൽവയലുകൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും നിയമലംഘനം ഉണ്ടായാൽ ഇടപെടാൻ ജില്ലാ കളക്ടർക്ക് അധികാരമുണ്ടാകുമെന്നും വ്യവസായ മന്ത്രി വിശദീകരിച്ചു. എന്നാൽ, വാക്കാലുള്ള ഉറപ്പുകൾ പോരെന്നും സംരക്ഷണ വ്യവസ്ഥകൾ ബില്ലിൽ തന്നെ ഉൾപ്പെടുത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
സുധാകരനെ പരിഹസിച്ച് മുഖ്യമന്ത്രി
ജി. സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വി.ഡി. സതീശൻ പരിഹാസരൂപത്തിലാണ് പ്രതികരിച്ചത്. സുധാകരൻ ആവർത്തിച്ച് ആശങ്കകൾ ഉന്നയിച്ചപ്പോൾ അത് പരിസ്ഥിതിയോടുള്ള കരുതലാണെന്നാണ് കരുതിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, പുറക്കാട് പാടശേഖരം നികത്തി എയിംസ് സ്ഥാപിക്കണമെന്ന് രാവിലെ ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടത് സുധാകരൻ തന്നെയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പാടശേഖരം നികത്തി വികസന പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങളായി ചൂണ്ടിക്കാട്ടാനുള്ളത് അടച്ചുപൂട്ടിയ പൊതുമേഖലാ സ്ഥാപനങ്ങളാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കടത്തിലായ സ്ഥാപനങ്ങളുടെ അവസ്ഥ പരിശോധിക്കുമെന്നും എത്ര സ്പിന്നിങ് മില്ലുകളാണ് പൂട്ടിപ്പോയതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പഞ്ചായത്തിലെ ക്ലർക്ക് വിചാരിച്ചാൽ പോലും വ്യവസായം ആരംഭിക്കാനെത്തുന്ന ഒരാളെ തടഞ്ഞുനിർത്താൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, അനുമതികൾ ലളിതമാക്കുന്നതിനെതിരായ പ്രതിഷേധത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വിമർശിച്ചു. മൂന്നര വർഷത്തോളം അനുമതികളില്ലാതെ വ്യവസായങ്ങൾ ആരംഭിക്കാൻ അവസരം നൽകിയവരാണ് ഇപ്പോൾ സരൾ ബില്ലിനെതിരെ പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യമായ ഇടങ്ങളിലെ മുദ്രാവാക്യം വിളികളല്ല നാടിന്റെ യഥാർഥ പ്രശ്നമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തണ്ണീർത്തട നിയമം സംരക്ഷിക്കണം
ജി. സുധാകരനുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം ഉന്നയിച്ച പരിസ്ഥിതി ആശങ്കകളോട് യോജിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാട്. തണ്ണീർത്തട സംരക്ഷണ നിയമം നിലനിർത്തണമെന്നും സരൾ ബിൽ ത്രിതല സമിതികളുടെ അധികാരം ഇല്ലാതാക്കുമെന്നും അദ്ദേഹം ആരോപിച്ചു.
തദ്ദേശസ്ഥാപനങ്ങളുടെ അധികാരവികേന്ദ്രീകരണം കവർന്നെടുക്കുന്ന ജനവിരുദ്ധ നിയമമാണിതെന്നും ബില്ലിലൂടെ ഉദ്യോഗസ്ഥ സമിതികൾക്ക് അമിതാധികാരം നൽകുകയാണെന്നും പിണറായി പറഞ്ഞു. സാധാരണ പൗരന് സിവിൽ കോടതിയെപ്പോലും സമീപിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
പഴയ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയമനിർമാണമാണ് സർക്കാർ നടത്തുന്നതെന്നും രഹസ്യ അജണ്ടകളിലൂടെ ബിൽ നടപ്പാക്കാനാണ് ശ്രമമെന്നും പിണറായി ആരോപിച്ചു. ഇത് വലിയ സാമൂഹിക-പരിസ്ഥിതി ആഘാതങ്ങൾക്ക് കാരണമാകുമെന്നും കേരളത്തിന്റെ വിവിധ മേഖലകളെ തകർക്കുന്ന നടപടികളുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ മേഖലയുടെ പ്രശ്നങ്ങൾക്കു പിന്നാലെ ഇപ്പോൾ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിൽ നടപ്പിലായാൽ നിലവിലുള്ള പല നെൽവയലുകളുടെയും സ്വഭാവം തന്നെ മാറിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഉദ്യോഗസ്ഥ സമിതികൾക്ക് അധികാരം
നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനുള്ള അധികാരം ഉദ്യോഗസ്ഥ സമിതികൾക്ക് കൈമാറുന്നതിലൂടെ ഭൂമാഫിയകൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ത്രിതല സമിതികളാണോ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്ന ചോദ്യവും സഭയിൽ ഉയർന്നിരുന്നു. എന്നാൽ, യഥാർഥത്തിൽ ഉദ്യോഗസ്ഥ സമിതികൾക്കാണ് അധികാരം കൈമാറുന്നതെന്ന് പിണറായി ആരോപിച്ചു.
എല്ലാ മാഫിയകൾക്കും ഭൂമി കൈമാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും ഇത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു. ഏകജാലക സംവിധാനത്തിലൂടെ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നിലവിലെ സംവിധാനത്തെയും ബിൽ അട്ടിമറിക്കുമെന്നും പിണറായി പറഞ്ഞു.
സരൾ എന്ന പേരിൽ അവതരിപ്പിച്ച ബിൽ സംസ്ഥാനത്തിന്റെ പ്രകൃതിവിഭവങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷം ഉയർത്തുന്നത്. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും പിണറായി വ്യക്തമാക്കി.


