...
Home News Kerala ഉത്പാദനച്ചെലവും വിലയും തമ്മിൽ വലിയ അന്തരം: ക്ഷീരമേഖലയെ സംരക്ഷിക്കാൻ 18 കോടിയുടെ ‘ക്ഷീരശ്രീ’ ഉൾപ്പെടെയുള്ള നൂതന...

ഉത്പാദനച്ചെലവും വിലയും തമ്മിൽ വലിയ അന്തരം: ക്ഷീരമേഖലയെ സംരക്ഷിക്കാൻ 18 കോടിയുടെ ‘ക്ഷീരശ്രീ’ ഉൾപ്പെടെയുള്ള നൂതന പദ്ധതികളുമായി സർക്കാർ

സംസ്ഥാനത്തെ മൂവായിരത്തി അഞ്ഞൂറിലധികം വരുന്ന ക്ഷീരസംഘങ്ങളിൽ 3.87 ലക്ഷത്തിലധികം കർഷകർ നേരിട്ട് പാൽ നൽകുന്നുണ്ടെങ്കിലും, ഇതിന്റെ ഇരട്ടിയിലധികം ആളുകൾ പൊതുവിപണിയിലാണ് പാൽ വിൽക്കുന്നത്.

121

കേരളത്തിലെ ക്ഷീരകർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികളും ഉൽപാദനച്ചെലവിലെ വർധനവും നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി എം.ആർ. ബൈജു എംഎൽെ. സംസ്ഥാനത്ത് പ്രതിവർഷം 33.85 ലക്ഷം മെട്രിക് ടൺ പാൽ ഉൽപാദനം ആവശ്യമായിരിക്കെ, നിലവിൽ 25.61 ലക്ഷം മെട്രിക് ടൺ പാൽ മാത്രമാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. പാലിന്റെ വിലയും ഉൽപാദനച്ചെലവും തമ്മിലുള്ള വലിയ അന്തരം കർഷകരെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാക്കുന്നുണ്ട്. സംസ്ഥാനത്തെ മൂവായിരത്തി അഞ്ഞൂറിലധികം വരുന്ന ക്ഷീരസംഘങ്ങളിൽ 3.87 ലക്ഷത്തിലധികം കർഷകർ നേരിട്ട് പാൽ നൽകുന്നുണ്ടെങ്കിലും, ഇതിന്റെ ഇരട്ടിയിലധികം ആളുകൾ പൊതുവിപണിയിലാണ് പാൽ വിൽക്കുന്നത്.

കാലിത്തീറ്റ, മരുന്ന്, വൈദ്യുതി, കൃത്രിമബീജസങ്കലനം, തൊഴുത്തുകളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്കായി കർഷകർക്ക് വൻ തുകയാണ് ചെലവാകുന്നത്. കൃഷിക്കൊപ്പം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ഉപജീവനമാർഗമായി വീടുകളിൽ പശുക്കളെ വളർത്തുന്നുണ്ട്. എന്നാൽ പച്ചപ്പുല്ലിന്റെയും വൈക്കോലിന്റെയും ലഭ്യതക്കുറവും, കാലിത്തീറ്റയുടെയും പിണ്ണാക്കിന്റെയും വിലവർധനവും കർഷകരെ നേരിട്ട് ബാധിക്കുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് പാലിന് ലിറ്ററിന് വർധിപ്പിക്കുമ്പോൾ, കാലിത്തീറ്റയ്ക്ക് വില വർധിക്കുന്നത് കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും ക്ഷീരമേഖലയുടെ നിലനിൽപ്പിനുമായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. കേരളത്തിലെ ക്ഷീരമേഖല പ്രധാനമായും ചെറുകിട കർഷകരെ കേന്ദ്രീകരിച്ചുള്ളതായതിനാൽ ഉയർന്ന ഉൽപാദനച്ചെലവും തീറ്റപ്പുല്ലിന്റെ ക്ഷാമവുമാണ് പ്രധാന വെല്ലുവിളികൾ. ഇത് പരിഹരിക്കുന്നതിനായി ക്ഷീരസഹകരണ സംഘങ്ങൾ മുഖേന കർഷകർക്ക് തീറ്റപ്പുല്ല്, സൈലേജ്, വൈക്കോൽ, ഉണക്കപ്പുല്ല്, ടി.എം.ആർ എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.

തീറ്റ ഘടകങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്ന ഈ പദ്ധതിക്കായി സർക്കാർ 6 കോടി 8 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സഹകരണ സംഘങ്ങൾ വഴി നേരിട്ട് തീറ്റ ലഭ്യമാക്കുന്നതിലൂടെ ഇടനിലക്കാരുടെ ചെലവുകൾ പരമാവധി കുറയ്ക്കാനും കർഷകർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള തീറ്റ ലഭ്യമാക്കാനും സാധിക്കും. ഇത് പാൽ ഉൽപാദനച്ചെലവ് നിയന്ത്രിക്കുന്നതിനും വേനൽക്കാലത്തെ തീറ്റ ലഭ്യത ഉറപ്പുവരുത്തുന്നതിനും സഹായിക്കും.

ക്ഷീരസഹകരണ സംഘങ്ങളിലെ പ്രവർത്തനം കൂടുതൽ സുതാര്യവും കൃത്യവുമാക്കാൻ ‘ക്ഷീരശ്രീ’ ഡിജിറ്റൽ പദ്ധതിക്കായി 18 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. മുൻപ് പ്രാദേശിക സോഫ്റ്റ്‌വെയറുകളോ മാനുവൽ രീതികളോ ഉപയോഗിച്ച് നടത്തിയിരുന്ന പാൽ സംഭരണം, അളവും ഗുണനിലവാരവും രേഖപ്പെടുത്തൽ, വില കണക്കാക്കൽ, അക്കൗണ്ടിങ് എന്നിവ ഇനി ഒരേ രീതിയിലുള്ള ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. കൂടാതെ, എം.എസ്.ഡി.പി പദ്ധതി വഴി 2026-27 സാമ്പത്തിക വർഷത്തിൽ അധികമായി 65 ഉരുക്കളെ വാങ്ങുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.