1 November 2026
Home News Kerala വിദ്യാർത്ഥി സമരത്തെ അപരിഷ്‌കൃതമെന്ന് മന്ത്രി; റോജി എം ജോണിനോട് ചോദ്യങ്ങളുയർത്തി നഫീസത്തുല്‍ മിസ്രിയ

വിദ്യാർത്ഥി സമരത്തെ അപരിഷ്‌കൃതമെന്ന് മന്ത്രി; റോജി എം ജോണിനോട് ചോദ്യങ്ങളുയർത്തി നഫീസത്തുല്‍ മിസ്രിയ

പ്രതിഷേധം കനത്തതോടെ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി വേദി വിടുകയായിരുന്നു.

366

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് മന്ത്രിയോട് ചോദ്യങ്ങളുയർത്തിയതാണെന്ന് മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണും എസ്എഫ്ഐ നേതാവുമായ നഫീസത്തുല്‍ മിസ്രിയ. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന വിദ്യാർത്ഥികളെ അപരിഷ്‌കൃതരെന്ന് വിശേഷിപ്പിച്ച മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു.

കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികൾ 60 ദിവസമായി സസ്പെൻഷനിൽ കഴിയുകയാണ്. ഇവരുടെ തുടർവിദ്യാഭ്യാസവും ഭാവിയും ആശങ്കയിലാണെന്നും വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവനയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നും മിസ്രിയ ചൂണ്ടിക്കാട്ടി.

മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിനിടെ മന്ത്രിയെ സമീപിച്ചത് മുൻ പ്രസ്താവനയിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് ചോദിക്കാനായിരുന്നുവെന്ന് അവർ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരങ്ങളെ അപരിഷ്‌കൃതമെന്ന് വിശേഷിപ്പിക്കുന്ന നിലപാട് ശരിയാണോയെന്നും എന്തുകൊണ്ടാണ് മന്ത്രി വിദ്യാർത്ഥികൾക്കൊപ്പം നിൽക്കാത്തതെന്നും ചോദിക്കാനായിരുന്നു ശ്രമം.

ചടങ്ങ് അലങ്കോലപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിരുന്നില്ലെന്നും മിസ്രിയ പറഞ്ഞു. മന്ത്രി വേദിയിലെത്തിയപ്പോഴോ ഉദ്ഘാടന പ്രസംഗം നടത്തിയപ്പോഴോ തടസ്സമുണ്ടാക്കിയിട്ടില്ല. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തത്. പ്രസംഗത്തിനുശേഷം ചോദ്യം ചോദിക്കാനുണ്ടെന്ന് അറിയിച്ചാണ് മന്ത്രിയുടെ അടുത്തേക്ക് പോയത്. മന്ത്രിക്ക് ഭീഷണിയാകുന്ന തരത്തിലായിരുന്നില്ല ഇടപെടലെന്നും അവർ വിശദീകരിച്ചു.

ബിരുദദാന ചടങ്ങ് തടസ്സപ്പെട്ടെന്ന ആരോപണവും മിസ്രിയ നിഷേധിച്ചു. ചടങ്ങ് പൂർത്തിയാവുകയും വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം അറിയിച്ചെങ്കിലും പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

വിദ്യാർത്ഥി സമരങ്ങളെ അപരിഷ്‌കൃതമെന്ന് വിശേഷിപ്പിക്കുന്ന മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. ജന്തർ മന്തർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിദ്യാർത്ഥികൾ നടത്തിയ സമരങ്ങളും അപരിഷ്‌കൃതമാണെന്നാണോ മന്ത്രിയുടെ നിലപാടെന്നും മിസ്രിയ ചോദിച്ചു. പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.

മന്ത്രിയുടെ സംഘപരിവാർ അനുകൂല നിലപാട് ഇന്നത്തെ സംഭവത്തിലൂടെ കൂടുതൽ വ്യക്തമാകുകയായിരുന്നുവെന്നും വിദ്യാർത്ഥികളുടെ ചോദ്യങ്ങളെ മന്ത്രി ഗൗരവത്തിലെടുത്തില്ലെന്നും മിസ്രിയ ആരോപിച്ചു. പരിപാടി കഴിഞ്ഞ് മറുപടി നൽകാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ ഇതുവരെ പ്രതികരിക്കാത്ത മന്ത്രിയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, മഹാരാജാസ് കോളേജിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബിരുദദാന ചടങ്ങ് ആരംഭിച്ചത്. മന്ത്രി റോജി എം ജോൺ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടി സംബന്ധിച്ച് സദസ്സിൽ നിന്ന് ചോദ്യങ്ങളുയർന്നു. പിന്നാലെ നഫീസത്തുല്‍ മിസ്രിയയും മന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചു.

‘വിദ്യാർത്ഥികളെ എന്തിന് സസ്പെൻഡ് ചെയ്തു?’, ‘കാലടിയിലെ വിദ്യാർത്ഥികളെ നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല’ തുടങ്ങിയ സന്ദേശങ്ങളടങ്ങിയ ബാനറുകളുമായി എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഇതിനിടെ സുരക്ഷാ ജീവനക്കാർ മിസ്രിയയെ മാറ്റാൻ ശ്രമിച്ചതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് പ്രതിഷേധം കനത്തതോടെ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി വേദി വിടുകയായിരുന്നു.