പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ. കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെനി നൈനാന്റെയും നേതൃത്വത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജൂലൈ 11ന് രാത്രി 10.15 മുതൽ 12 മണി വരെയുള്ള ദൃശ്യങ്ങളിൽ ഇരുപതിലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിക്കുന്നതും കസ്റ്റഡിയിലായിരുന്ന രാജൻ ജോസഫിനെ ആക്രമിക്കുന്നതും വ്യക്തമാണ്.
ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് രാജൻ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് വാഹനത്തിൽനിന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗേറ്റ് മുതൽ സ്റ്റേഷൻ പരിസരം വരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘം ചേർന്ന് മർദിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. സംഭവസമയത്ത് പൊലീസ് ഉദ്യോഗസ്ഥർ കാര്യമായി ഇടപെടാതെ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിവരാവകാശ നിയമപ്രകാരമാണ് റിപ്പോർട്ടർ ചാനലിന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.
ലോക്കപ്പിൽ കഴിഞ്ഞിരുന്ന രാജൻ ജോസഫിനെ ശ്രീനാദേവി കുഞ്ഞമ്മ നേരിട്ടെത്തി കാണുന്നതും ഭീഷണിപ്പെടുത്തുന്നതായുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവരോട് സ്റ്റേഷനിൽനിന്ന് മടങ്ങിപ്പോകാൻ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതും സ്റ്റേഷൻ കോമ്പൗണ്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിനെ വെല്ലുവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
രാത്രി ഏറെ വൈകിയും പ്രവർത്തകർ പൊലീസ് സ്റ്റേഷൻ പരിസരത്ത് തമ്പടിച്ചു. ഇതിനിടെ പൊലീസ് വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ കാര്യമായ തുടർനടപടികളുണ്ടായിട്ടില്ലെന്നും ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് ഉയരുന്ന ആരോപണം. അടൂർ കേന്ദ്രീകരിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ തുടർച്ചയായി സംഘർഷങ്ങൾ ഉണ്ടാകുന്നതായുള്ള വിവാദങ്ങളും നേരത്തെ ഉയർന്നിരുന്നു.
അടൂർ പൊലീസിനെതിരെ സിപിഐഎം
സംഭവത്തിൽ അടൂർ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം അടൂർ ഏരിയ സെക്രട്ടറി എസ്. മനോജ് രംഗത്തെത്തി. ശ്രീനാദേവി കുഞ്ഞമ്മയ്ക്കും ഗുണ്ടാസംഘത്തിനും കുടപിടിക്കുന്ന നിലപാടിലേക്ക് അടൂർ പൊലീസ് മാറരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കയറി യൂട്യൂബർ രാജൻ ജോസഫിനെ മർദിച്ചെന്നും പൊലീസ് ജീപ്പ് വളഞ്ഞ് നടത്തിയ ആക്രമണത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റെന്നും മനോജ് ആരോപിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ശ്രീനാദേവി കുഞ്ഞമ്മയ്ക്കും ഗുണ്ടാസംഘത്തിനും മുന്നിൽ പൊലീസ് പഞ്ചപുച്ഛമടക്കി നിൽക്കുകയാണ്. സഹപ്രവർത്തകരായ പൊലീസുകാരുടെ സുരക്ഷയെങ്കിലും ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഗുണ്ടാസംഘത്തിൽനിന്ന് രക്ഷപ്പെടുത്തിയാണ് രാജൻ ജോസഫിനെ സ്റ്റേഷനിലെത്തിച്ചത്. ലോക്കപ്പിലാക്കിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് ഇയാളെ കാണാൻ പൊലീസ് അവസരം നൽകി. രാത്രി 11നും 12നും പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്ന സാഹചര്യം കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്,’ എസ്. മനോജ് പറഞ്ഞു.
പൊലീസ് വാഹനം തടഞ്ഞ് രാജൻ ജോസഫിനെ ആക്രമിച്ചവരുടെ ദൃശ്യങ്ങൾ സിസിടിവിയിലുണ്ടെന്നും പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന പൊലീസിന്റെ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ പക്ഷപാതപരമായ സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മനോജ് പറഞ്ഞു.
‘എൽഡിഎഫ് അധികാരത്തിലിരുന്ന പത്ത് വർഷത്തിനിടെ തങ്ങൾ ആരും പൊലീസ് സ്റ്റേഷൻ ആക്രമിച്ചിട്ടില്ല. മൃദുഭാവേ ദൃഢകൃത്യേ എന്നതിന് പകരം വിധേയഭാവേ ദുർബലകൃത്യേ എന്ന നിലയിലേക്ക് അടൂർ പൊലീസ് മാറിയിരിക്കുന്നു. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ നടപടി സ്വീകരിക്കണം,’ എന്നും എസ്. മനോജ് ആവശ്യപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അടൂർ പൊലീസ് സ്റ്റേഷനിലെ സംഭവത്തിൽ പൊലീസിന്റെ ഇടപെടലും തുടർനടപടികളുടെ അഭാവവും വീണ്ടും ചർച്ചയായിരിക്കുകയാണ്.


