ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ ഇന്ത്യാ സഖ്യം ‘ചലോ ദില്ലി’ പ്രതിഷേധം ദേശീയ തലസ്ഥാനത്ത്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി വിവിധ പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകർ പുലർച്ചെ മുതൽ ഡൽഹിയിലെ രാംലീല മൈതാനിയിലേക്ക് എത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവർത്തകർ കൂട്ടമായി ഒത്തുചേർന്നു.
സമാജ്‌വാദി പാർട്ടി പ്രവർത്തകർ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ വസതിക്ക് മുന്നിലും കോൺഗ്രസ് പ്രവർത്തകർ ഹിമാചൽ ഭവന് സമീപവും ഒത്തുകൂടി. പിന്നീട് ഇവർ പ്രതിഷേധ റാലിയുടെ വേദിയിലേക്ക് നീങ്ങി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പ്രവർത്തകർ ശനിയാഴ്ചയും അതിന് മുമ്പുള്ള ദിവസങ്ങളിലും ഡൽഹിയിലെത്തിയിരുന്നു.
രാഹുൽ ഗാന്ധിയുടെ അഭ്യർഥന
ദീപാവലി, ഛാത്ത്, ഭായ് ദൂജ് ആഘോഷങ്ങൾ അടുത്തിരിക്കെ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുന്നവർ ഡൽഹിയിലെ പ്രാദേശിക വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭ്യർഥിച്ചു. പ്രതിഷേധം വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് രാഹുലിന്റെ അഭ്യർഥന. ലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധത്തിനായി തലസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെറുകിട വ്യാപാരികൾക്ക് പിന്തുണ നൽകാൻ പ്രവർത്തകർ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധ മാർച്ചിലും റാലിയിലും പങ്കെടുക്കുന്നതിനൊപ്പം കുറച്ച് ഷോപ്പിങ്ങും നടത്തണമെന്നായിരുന്നു രാഹുലിന്റെ സന്ദേശം. പ്രതിപക്ഷത്തിന്റെ ജനപങ്കാളിത്തം കണ്ട് ഭയന്നാണ് ബിജെപി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാംലീല മൈതാനിയിൽ പൊതുസമ്മേളനം
മിന്റോ റോഡ്- കൊണാട്ട് പ്ലേസ് ജങ്ഷനിൽ ‘ചലോ ദില്ലി’ മാർച്ച്. തുടർന്ന് രാംലീല മൈതാനിയിൽ ഇന്ത്യാ സഖ്യത്തിന്റെ പൊതുസമ്മേളനത്തിൽ മാർച്ച് സമാപനം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിന്ന് മാർച്ച് ആരംഭിക്കുന്ന സ്ഥലത്തേക്ക് മുതിർന്ന സഖ്യനേതാക്കൾ തുറന്ന ബസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാംലീല മൈതാനിയിൽ മുതിർന്ന പ്രതിപക്ഷ നേതാക്കൾക്കായി വലിയ ത്രിവർണ മേൽക്കൂരയോടു കൂടിയ പ്രധാന വേദി ഒരുക്കിയിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിലെ വിവിധ സംസ്ഥാന ഘടകങ്ങളുടെ പ്രതിനിധികൾക്കായി പ്രത്യേക വേദിയും സജ്ജമാക്കിയിട്ടുണ്ട്.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി മെറ്റൽ ബാരിക്കേഡുകളും താൽക്കാലിക പ്ലാറ്റ്‌ഫോമുകളും സ്ഥാപിച്ചു. വിവിധ വിഭാഗങ്ങളിലുള്ളവർക്കായി പ്രത്യേക പ്രവേശന കവാടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കുടിവെള്ളം, സ്ത്രീകൾക്കായുള്ള പ്രത്യേക ശുചിമുറികൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ സംഘാടകർക്ക് നിർദേശം നൽകിയിട്ടുണ്ട്. വേദിയിൽ രാത്രി തങ്ങാൻ അനുമതിയുണ്ടാകില്ല.
കനത്ത സുരക്ഷ
പ്രതിഷേധത്തിൽ പത്ത് ലക്ഷം പേർ വരെ പങ്കെടുക്കുമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ അറിയിപ്പുണ്ടായത്. മാർച്ച് നടക്കുന്ന വഴിയിലും പ്രതിഷേധ വേദിയിലുമായി 4,000ത്തിലധികം പോലീസുകാരെയും കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൈതാനത്തെ 14 മേഖലകളായി തിരിച്ചാണ് നിരീക്ഷണം നടത്തുന്നത്.
200ലധികം സിസിടിവി ക്യാമറകൾക്കു പുറമേ ഡ്രോണുകളും പോലീസുകാരുടെ ശരീരത്തിൽ ഘടിപ്പിക്കുന്ന ക്യാമറകളും നിരീക്ഷണത്തിനായി ഉപയോഗിക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തി.
ഗ്യാനേഷ് കുമാറിനെതിരെ ആരോപണങ്ങൾ
വിദ്യാർഥികൾ, യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ, സിവിൽ സമൂഹ സംഘടനകൾ എന്നിവരോട് പ്രതിഷേധത്തിൽ പങ്കുചേരാൻ ഇന്ത്യാ സഖ്യം ആഹ്വാനം ചെയ്തിട്ടുണ്ട്. കോക്രോച്ച് ജനതാ പാർട്ടിയും വിവിധ വിദ്യാർഥി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്‌ഐആർ (SIR) നടപടിക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഇതിനെ ‘വോട്ട് ചോരി’ എന്ന് വിശേഷിപ്പിച്ചാണ് ഇന്ത്യാ സഖ്യം പ്രതിഷേധം ശക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യങ്ങൾ.


