Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘ജെൻ സി പ്രക്ഷോഭം’ ജർമനിയിൽ; 34 നഗരങ്ങളിൽ പ്രതിഷേധം | Nalamidam
1 November 2026
Home News International ‘ജെൻ സി പ്രക്ഷോഭം’ ജർമനിയിൽ; 34 നഗരങ്ങളിൽ പ്രതിഷേധം

‘ജെൻ സി പ്രക്ഷോഭം’ ജർമനിയിൽ; 34 നഗരങ്ങളിൽ പ്രതിഷേധം

വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകുമോയെന്ന ആശങ്കയിലാണ് ജർമൻ ഭരണകൂടം

24

ഫ്രാങ്ക്ഫർട്ട്: ജീവിതച്ചെലവ് വർധനയ്ക്കും നിർബന്ധിത സൈനിക സേവനത്തിനുമെതിരെ ജർമനിയിൽ യുവജന പ്രക്ഷോഭം ശക്തമാകുന്നു. ജെൻ സി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് ഉൾപ്പെടെ രാജ്യത്തെ 34 നഗരങ്ങളിലാണ് ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഹാലോവീൻ ആഘോഷങ്ങൾക്കിടെ പലയിടത്തും സമരങ്ങൾ അക്രമാസക്തമായി. ഫ്രാങ്ക്ഫർട്ടിൽ മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ കടകൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രി നടന്ന അക്രമങ്ങളിൽ കുറഞ്ഞത് രണ്ട് വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടതായും നിരവധി കടകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർ പോലീസിന് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞതായി ഫ്രാങ്ക്ഫർട്ട് പോലീസ് എക്സിലൂടെ അറിയിച്ചു. അക്രമം നിയന്ത്രിക്കാൻ സുരക്ഷാസേന ഏറെ പാടുപെട്ടു. നഗരമധ്യത്തിലെ നിരവധി കടകളുടെ ചില്ലുകളും തകർത്തു.

ഹാംബർഗിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ സഹായം വേണം

‘ജനറേഷൻ ഇസഡ് റീഗൽറ്റ്’ (Gen Z regelt) എന്ന പ്രചാരണ കൂട്ടായ്മയാണ് രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പൊതുവിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുക, വർധിച്ചുവരുന്ന ജീവിതച്ചെലവിന് പരിഹാരം കാണുക, നിർബന്ധിത സൈനിക സേവനം ഒഴിവാക്കുക എന്നിവയാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങൾ.

യുദ്ധത്തിനും ബലപ്രയോഗത്തിനും വേണ്ടിയല്ല, സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് യുവാക്കൾ പോരാടുന്നതെന്ന് ബെർലിനിലെ റാലിയിൽ സംസാരിച്ച പ്രചാരണ വക്താവ് ലിന ഫ്രീഡ്രിക്ക് പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് കൂടുതൽ പിന്തുണ നൽകണമെന്നും നിർബന്ധിത സൈനിക സേവനം അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.

യൂറോപ്പിലെ യുവജന പ്രക്ഷോ തുടർച്ച

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ഈ വർഷം ശക്തിപ്പെട്ട യുവജന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ജർമനിയിലെ പ്രക്ഷോഭത്തെയും വിലയിരുത്തുന്നത്. സെർബിയയിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾ രാഷ്ട്രീയ മാറ്റങ്ങൾക്ക് നിർണായകമായ പശ്ചാത്തലമൊരുക്കിയിരുന്നു. ഫ്രാൻസിലും വിലക്കയറ്റത്തിനും സർക്കാർ നയങ്ങൾക്കുമെതിരെ നടന്ന പ്രതിഷേധങ്ങൾ പല നഗരങ്ങളിലും അക്രമത്തിലും കൊള്ളയിലും കലാശിച്ചിരുന്നു.

ജർമനിയിലെ ഭൂരിഭാഗം നഗരങ്ങളിലും പ്രകടനങ്ങൾ സമാധാനപരമായിരുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ ചില തീവ്രസ്വഭാവമുള്ള സംഘങ്ങൾ പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ലക്ഷം പേർ പങ്കെടുക്കുമെന്ന് സംഘാടകർ

രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിൽ 1,82,000 പേർ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ കണക്ക്. എന്നാൽ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ബെർലിൻ തുടങ്ങിയ പ്രധാന നഗരങ്ങളിലെ പ്രകടനങ്ങളിൽ ഉൾപ്പെടെ ആകെ 18,000ത്തോളം പേർ മാത്രമാണ് പങ്കെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ജീവിതച്ചെലവ് വർധനയും പൊതുസേവനങ്ങളുടെ നിലവാരത്തകർച്ചയും യുവജനങ്ങളുടെ ഭാവിയെ ബാധിക്കുന്നുവെന്ന ആശങ്കയാണ് പ്രതിഷേധത്തിന് പിന്നിൽ. നിർബന്ധിത സൈനിക സേവനത്തിനെതിരായ എതിർപ്പും സമരത്തിന് കൂടുതൽ ജനപിന്തുണ നേടിക്കൊടുക്കുന്നുണ്ട്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകുമോയെന്ന ആശങ്കയിലാണ് ജർമൻ ഭരണകൂടം.