ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള അവസരം ഒരിക്കലും ലഭിക്കില്ലെന്നും അടുത്ത അഞ്ച് വർഷവും ഇൻഡ്യ സഖ്യത്തിന് പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. ചണ്ഡിഗഡിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
പ്രധാനമന്ത്രി ആകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ മോക്ക് പാർലമെന്റിൽ തുടരേണ്ടിവരുമെന്നായിരുന്നു രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടുള്ള ഷായുടെ പരിഹാസം. രാഹുലിന്റെ ‘സ്നേഹത്തിന്റെ കട’ എന്ന പ്രസിദ്ധമായ പ്രയോഗവും തിരിച്ചുപയോഗിച്ച അദ്ദേഹം, ആ കടയിൽ വെറുപ്പല്ലാതെ മറ്റൊന്നുമില്ലെന്നും വിമർശിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇൻഡ്യ മുന്നണി സംഘടിപ്പിച്ച ജനകീയ വിചാരണയ്ക്ക് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. കഴിഞ്ഞ ദിവസം വൈകിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലായിരുന്നു പരിപാടി.
ഇൻഡ്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ റാലിക്കെതിരെയും അമിത് ഷാ രംഗത്തെത്തി. 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകളുടെ മുറിവിൽ ഉപ്പുതേക്കുന്നതിന് തുല്യമാണ് റാലിയെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് തീകൊളുത്തിയ കലാപത്തിൽ ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടുവെന്നും രാഷ്ട്രീയ പാർട്ടിയുടെ പ്രേരണയോടെ നടന്ന ഇത്തരം കലാപങ്ങൾക്ക് രാജ്യം മുമ്പ് സാക്ഷിയായിട്ടില്ലെന്നും ഷാ പറഞ്ഞു.
1984ലെ കലാപത്തിന്റെ ഇരകളോടുള്ള അനാദരവാണ് അതേ ദിവസം റാലി സംഘടിപ്പിക്കുന്നതിലൂടെ ഇൻഡ്യ സഖ്യം കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വാർത്താസമ്മേളനം നടത്തിയിരുന്നുവെന്നും എന്നാൽ വിദേശത്തുനിന്നുള്ള നിർദേശത്തെ തുടർന്നാണ് അതേ ദിവസം തന്നെ റാലി നടത്താൻ തീരുമാനിച്ചതെന്നും അമിത് ഷാ ആരോപിച്ചു.
ഇൻഡ്യ സഖ്യത്തിന്റെ ഈ നീക്കത്തെ ശക്തമായി അപലപിച്ച ഷാ, ഇന്ത്യയ്ക്കും പഞ്ചാബിനും ഈ നടപടികൾ ഒരിക്കലും മറക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു.


