രാവിലെ ഉണരുന്നത് മുതൽ കുടുംബത്തിന്റെ കാര്യങ്ങൾ, ജോലി, സാമ്പത്തിക ഉത്തരവാദിത്തങ്ങൾ എന്നിവയുടെ തിരക്കുകളിൽ മുഴുകുന്ന പലരും സ്വന്തം ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും സമയം കണ്ടെത്താൻ മറന്നുപോകാറുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുമ്പോഴും സ്വന്തം ശാരീരിക അസ്വസ്ഥതകളും മാനസിക സംഘർഷങ്ങളും പുറത്തുപറയാതെ അവഗണിച്ച് ജീവിക്കുന്ന ഒരു രീതി ആളുകളിൽ സാധാരണമാണ്. സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനും മുൻഗണന നൽകുന്നത് സ്വാർത്ഥതയാണെന്ന തെറ്റായ സാമൂഹിക മനോഭാവം നിലനിൽക്കുന്നുണ്ടെങ്കിലും, സ്വന്തം വ്യക്തിത്വത്തെ അംഗീകരിക്കലും ശാരീരിക-മാനസിക ആവശ്യങ്ങൾക്ക് അർഹമായ പരിഗണന നൽകലും സ്വാർത്ഥതയല്ല മറിച്ച് ആരോഗ്യകരമായ സ്വയം സ്നേഹത്തിന്റെ (Self-love) അടിസ്ഥാനമാണ്.
‘സ്വയം സ്നേഹവും’ (Self-love) ‘സ്വയം പരിചരണവും’ (Self-care) ഒരേ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും അവ തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. സ്വന്തം വ്യക്തിത്വത്തോടും ജീവിതത്തോടും പുലർത്തുന്ന ആരോഗ്യകരമായ സമീപനമാണ് സ്വയം സ്നേഹമെങ്കിൽ, ആ സമീപനം ദൈനംദിന ജീവിതത്തിലെ പ്രവൃത്തികളിലൂടെ നടപ്പിലാക്കുന്നതാണ് സ്വയം പരിചരണം. ആഡംബര ജീവിതമോ വിലകൂടിയ സൗന്ദര്യ സംരക്ഷണ മാർഗ്ഗങ്ങളോ മാത്രമല്ല സ്വയം പരിചരണം; കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും, ആവശ്യത്തിന് ഉറങ്ങുന്നതും, ക്ഷീണമുള്ളപ്പോൾ വിശ്രമിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
സ്വന്തം ചെറിയ വീഴ്ചകളിൽ സ്വയം കുറ്റപ്പെടുത്തുന്നതിന് പകരം സ്വയം കരുണയോടെ (Self-compassion) സമീപിക്കുന്നത് മാനസികസമ്മർദ്ദവും വിഷാദലക്ഷണങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്ന് മനഃശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാൻ സ്വന്തം താല്പര്യങ്ങൾ മാറ്റിവെക്കുന്നതിന് പകരം മാന്യമായ രീതിയിൽ ‘നോ’ പറയാൻ ശീലിക്കുന്നത് വ്യക്തിപരമായ അതിരുകൾ (Boundaries) നിശ്ചയിക്കാൻ സഹായിക്കും. ഇത്തരത്തിൽ സ്വന്തം സമയത്തിനും ഊർജ്ജത്തിനും അർഹമായ പരിഗണന നൽകുന്നത് മാനസികാരോഗ്യം കൂടുതൽ മെച്ചപ്പെടുത്തും.
മാനസികാരോഗ്യ സംരക്ഷണം ചിന്തകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല, അതിന് ശരീരത്തിന്റെ ആരോഗ്യവും നിർണ്ണായകമാണ്. മുതിർന്നവർക്ക് രാത്രിയിൽ കുറഞ്ഞത് ഏഴ് മണിക്കൂർ ഉറക്കം അനിവാര്യമാണെന്നും ഉറക്കത്തിന് തൊട്ടുമുമ്പുള്ള മൊബൈൽ ഉപയോഗവും കഫീൻ ഉപയോഗവും കുറയ്ക്കണമെന്നും നിർദ്ദേശിക്കപ്പെടുന്നു. ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ മിതമായ രീതിയിലുള്ള വ്യായാമത്തിൽ ഏർപ്പെടാനും, പോഷകസമൃദ്ധമായ ഭക്ഷണം കൃത്യസമയത്ത് കഴിക്കാനും ശ്രദ്ധിക്കുന്നത് വഴി മാനസികവും ശാരീരികവുമായ ക്ഷമത ഉറപ്പാക്കാം.
ഡിജിറ്റൽ ലോകത്തെ അമിത ഉപയോഗം അനാവശ്യ താരതമ്യങ്ങൾക്കും മാനസികസമ്മർദ്ദത്തിനും കാരണമാകാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയ പൂർണ്ണമായും ഉപേക്ഷിക്കുന്ന ഡിജിറ്റൽ ഡിറ്റോക്സിന് പകരം അതിൻ്റെ ഉപയോഗത്തിന്റെ അളവും സ്വഭാവവും ക്രമീകരിക്കുകയാണ് വേണ്ടത്. അനാവശ്യ നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുകയും, ഭക്ഷണസമയത്തും ഉറങ്ങുന്നതിന് മുമ്പും ഫോൺ മാറ്റിവെക്കുകയും ചെയ്യുന്നത് മനസ്സിന് സ്വസ്ഥത നൽകാൻ സഹായിക്കും.
സ്വയം സ്നേഹം എന്നാൽ മറ്റുള്ളവരിൽ നിന്ന് അകന്നുനിൽക്കലല്ല, മറിച്ച് അർത്ഥവത്തായ സാമൂഹികബന്ധങ്ങൾ നിലനിർത്തുന്നതാണ്. 2025 ജൂണിലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ആറിലൊരാൾ ഏകാന്തത അനുഭവിക്കുന്നുണ്ട്. അതിനാൽ വിശ്വസിക്കാവുന്ന ആളുകളുമായി ബന്ധം സ്ഥാപിക്കുകയും സങ്കടം, ദേഷ്യം തുടങ്ങിയ വികാരങ്ങളെ സ്വാഭാവികമായി അംഗീകരിക്കുകയും വേണം. കൂടാതെ, തൊഴിലിടങ്ങളിലെ അമിത ജോലിഭാരവും വിശ്രമമില്ലായ്മയും മാനസികാരോഗ്യത്തെ ബാധിക്കുമെന്നതിനാൽ വിശ്രമം അലസതയല്ലെന്ന ബോധ്യം അത്യന്താപേക്ഷിതമാണ്.
ജീവിതശൈലിയിൽ പെട്ടെന്നുള്ള വലിയ മാറ്റങ്ങൾക്ക് പകരം ദിവസവും മനസ്സിനെയും ശരീരത്തെയും വിലയിരുത്തുന്ന ചെറിയ നല്ല ശീലങ്ങൾ വളർത്തിയെടുക്കാം. എന്നാൽ തുടർച്ചയായ സങ്കടം, അമിതമായ ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്. മറ്റുള്ളവരെ സ്നേഹിക്കുന്നതിനൊപ്പം തന്നെ സ്വന്തം വ്യക്തിത്വവും ആരോഗ്യവും സംരക്ഷിക്കാൻ ഓരോ വ്യക്തിക്കും പൂർണ്ണ അവകാശമുണ്ട്.


