ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണുകളും പവർ ബാങ്കുകളും ചാർജ് ചെയ്യുന്നത് ഇനി രാത്രിയിൽ നിയന്ത്രണവിധേയമാകും. തീപിടിത്ത സാധ്യതകൾ ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും രാത്രി 11 മുതൽ പുലർച്ചെ 5 വരെ ട്രെയിനുകളിലെ മൊബൈൽ ചാർജിംഗ് പോയിന്റുകൾ ഓഫ് ചെയ്യാൻ റെയിൽവേ മന്ത്രാലയം നിർദേശം നൽകി. ആറു മണിക്കൂർ നീളുന്ന ഈ നിയന്ത്രണം എല്ലാ റെയിൽവേ സോണുകളിലും കർശനമായി നടപ്പാക്കണമെന്നാണ് ഉത്തരവ്.
സൗത്ത് ഈസ്റ്റേൺ റെയിൽവേ മേഖലയിൽ ചാർജിംഗ് പോയിന്റുകൾ രാത്രി ഓഫ് ചെയ്യുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതിനെത്തുടർന്ന് ഒരു യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് പുക ഉയർന്ന സംഭവമാണ് നടപടി കർശനമാക്കാൻ കാരണമായത്. ഒക്ടോബർ 26ന് എല്ലാ റെയിൽവേ സോണുകളിലെയും പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എൻജിനീയർമാർക്ക് അയച്ച കത്തിലൂടെയാണ് റെയിൽവേ ബോർഡ് നിർദേശം നൽകിയത്. രാത്രി 11നും പുലർച്ചെ 5നും ഇടയിൽ ചാർജിംഗ് പോയിന്റുകൾ നിർബന്ധമായും ഓഫ് ചെയ്തിരിക്കണം. ഇക്കാര്യത്തിൽ യാതൊരു ഇളവും അനുവദിക്കരുതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിർദേശം നടപ്പാക്കുന്നതിൽ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകാനും റെയിൽവേ നിർദേശിച്ചിട്ടുണ്ട്. ചാർജിംഗ് പോയിന്റുകൾ കൃത്യസമയത്ത് ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും അപ്രതീക്ഷിത പരിശോധനകൾ നടത്തണം. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വമുണ്ട്.
ട്രെയിനുകളിൽ മൊബൈൽ ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ചാർജ് നൽകുന്നതിനിടെയുണ്ടാകുന്ന അപകടങ്ങൾ പുതിയ ആശങ്കയല്ല. 2025 ഒക്ടോബർ 24ന് ബിഹാറിലെ സഹർസ ജില്ലയിലെ സോൻബർസ ഖച്ചഹാരി സ്റ്റേഷന് സമീപം അമൃത്സർ–പൂർണിയ കോർട്ട് ജൻ സേവാ എക്സ്പ്രസിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ജനറൽ കോച്ചിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് തീപിടിത്തമുണ്ടായത്. വൈകിട്ട് 6.10ഓടെയായിരുന്നു സംഭവം.
യാത്രക്കാരനായ രാംകുമാറും സഹയാത്രികരും നൽകിയ വിവരമനുസരിച്ച് ഫോൺ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരുന്നു. തീ ഉടൻ അണച്ചതിനാൽ ജീവഹാനി ഒഴിവാക്കാനായി.
ട്രെയിനുകളിലെ വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് രാത്രികാല ചാർജിംഗ് നിയന്ത്രണം കൃത്യമായി പാലിക്കണമെന്ന് റെയിൽവേ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.


