ജീവിതച്ചെലവിന്റെ കുതിച്ചുചാട്ടം, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, സർക്കാർ ചെലവുചുരുക്കൽ നയങ്ങൾ, നിർബന്ധിത സൈനിക സേവനത്തിനുള്ള നീക്കങ്ങൾ… യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ജനരോഷം തെരുവുകളിലേക്ക് ഒഴുകുകയാണ്. ഫ്രാൻസിൽ വിദ്യാർഥികൾക്ക് തുടക്കമിട്ട പ്രതിഷേധം ജർമനിയിലേക്കും ഇറ്റലിയിലേക്കും വ്യാപിച്ചതോടെ വൻ ജനകീയ പ്രക്ഷോഭത്തിനാണ് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്. ഒക്ടോബർ 31 ശനിയാഴ്ച ഫ്രാൻസിലെയും ജർമനിയിലെയും നിരവധി നഗരങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ഇറ്റലിയിൽ വെള്ളിയാഴ്ച തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിനും വിദ്യാർഥികളുടെയും സാധാരണ ജനങ്ങളുടെയും വലിയ പിന്തുണ ലഭിച്ചു.
ഫ്രാൻസിൽ മൂന്നാംഘട്ട പ്രതിഷേധം; പാരീസിൽ മാത്രം 70,000 പേർ
ജീവിതച്ചെലവ് വർധിക്കുന്നതിലും വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതുസേവനങ്ങളുടെ നിലവാരം തകരുന്നതിലും പ്രതിഷേധിച്ച് ഫ്രാൻസിലെ പാരീസ്, മാർസെ, ലിയോൺ, ടുലൂസ് തുടങ്ങിയ നഗരങ്ങളിൽ വൻ റാലികൾ നടന്നു. ഏകദേശം 150 നഗരങ്ങളിലായി നടന്ന പ്രതിഷേധങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ആഭ്യന്തരമന്ത്രി ലോറന്റ് ന്യൂനെസിന്റെ കണക്കനുസരിച്ച് രാജ്യത്താകെ 3.20 ലക്ഷം പേരാണ് സമരത്തിൽ പങ്കെടുത്തത്. മുൻ വാരാന്ത്യത്തിൽ ഇത് 4.10 ലക്ഷമായിരുന്നു. എന്നാൽ സംഘാടകർ പങ്കാളിത്തം ഏകദേശം അഞ്ച് ലക്ഷമായി കണക്കാക്കുന്നു. പാരീസിൽ മാത്രം 70,000 പേർ അണിനിരന്നു.
അടുത്ത ഏപ്രിലിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ വർധിച്ചുവരുന്ന ഇടതുപക്ഷ നേതാവ് ജീൻ-ലൂക് മെലൻഷോൺ പാരീസിലെ പ്രതിഷേധത്തിന് നേതൃത്വം നൽകി. ചില നഗരങ്ങളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. രാജ്യത്താകെ 565 പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ന്യൂനപക്ഷ സർക്കാർ 2027ലെ ചെലവുചുരുക്കൽ ബജറ്റിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചതോടെയാണ് സെപ്റ്റംബർ അവസാനത്തോടെ പ്രതിഷേധം ശക്തമായത്. മെച്ചപ്പെട്ട പഠനസാഹചര്യങ്ങൾ ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന വിദ്യാർഥികൾ, തൊഴിലാളി സംഘടനകൾ, യെല്ലോ വെസ്റ്റ് പ്രക്ഷോഭകർ എന്നിവരെല്ലാം ഒരേ വേദിയിലെത്തി. ജീവിതച്ചെലവിലെ വർധനയും സാമൂഹിക അസമത്വവും ഇവരുടെ പ്രതിഷേധത്തിന്റെ പ്രധാന വിഷയങ്ങളായി. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സ്കൂളുകളിലും സർവകലാശാലകളിലും വീണ്ടും ഉപരോധം സംഘടിപ്പിക്കുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ അഞ്ചിന് കൂടുതൽ പ്രതിഷേധങ്ങൾ നടത്താൻ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്തു.
ജർമനിയിൽ ചെലവുചുരുക്കലിനും നിർബന്ധിത സൈനിക സേവനത്തിനുമെതിരെ വിദ്യാർഥികൾ
ജർമനിയിലെ 30 നഗരങ്ങളിലായി ഏകദേശം രണ്ട് ലക്ഷം വിദ്യാർഥികൾ ശനിയാഴ്ച പ്രതിഷേധിച്ചതായാണ് റിപ്പോർട്ട്. സാമൂഹിക ക്ഷേമമേഖലയിലെ സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും നിർബന്ധിത സൈനിക സേവനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയുമായിരുന്നു സമരം. ‘Gen Z regelt’ എന്ന കൂട്ടായ്മയാണ് രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
തലസ്ഥാനമായ ബെർലിനിൽ ബ്രാൻഡൻബർഗ് ഗേറ്റിന് മുന്നിൽ ആയിരക്കണക്കിന് വിദ്യാർഥികൾ ഒത്തുചേർന്നു. ഇവിടെ ഏകദേശം 5,000 പേർ പങ്കെടുത്തതായാണ് പൊലീസിന്റെ കണക്ക്. ‘ചാൻസലർ മെർസ് രാജിവയ്ക്കണം’, ‘നിങ്ങളുടെ ചെലവുചുരുക്കൽ നയം ഞങ്ങളുടെ ഭാവിയെ തകർക്കുന്നു’, ‘യുദ്ധബജറ്റിനും വെട്ടിക്കുറയ്ക്കലുകൾക്കുമെതിരെ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു.
ആരോഗ്യ, പെൻഷൻ സംവിധാനങ്ങളിൽ പരിഷ്കാരം കൊണ്ടുവരാനുള്ള ചാൻസലർ ഫ്രെഡറിക് മെർസിന്റെ നിർദേശങ്ങളെയും കാലാവസ്ഥാ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന രീതിയെയും വിദ്യാർഥി സംഘടനകൾ വിമർശിച്ചു. സൈനിക സേവനവുമായി ബന്ധപ്പെട്ട നിർബന്ധിത മെഡിക്കൽ പരിശോധനകൾ ഏർപ്പെടുത്താനുള്ള നിയമത്തെയും അവർ എതിർത്തു. നിർബന്ധിത സൈനിക റിക്രൂട്ട്മെന്റ് പുനഃസ്ഥാപിക്കുന്നതിലേക്കുള്ള നീക്കമായാണ് വിദ്യാർഥികൾ ഇതിനെ കാണുന്നത്. ചില നഗരങ്ങളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കുരുമുളക് സ്പ്രേയും ഉപയോഗിച്ചു.
ഇറ്റലിയിൽ തൊഴിലാളികളും വിദ്യാർഥികളും കൈകോർത്തു
ഇറ്റലിയിൽ വെള്ളിയാഴ്ച നടന്ന രാജ്യവ്യാപക പൊതുപണിമുടക്കിനും വിദ്യാർഥി പ്രക്ഷോഭത്തിനും വലിയ ജനപങ്കാളിത്തമുണ്ടായി. ജീവിതച്ചെലവിലെ വർധനയും സ്കൂളുകൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭിക്കാത്തതുമായിരുന്നു പ്രതിഷേധത്തിന്റെ പ്രധാന വിഷയങ്ങൾ. യു.എസ്.ബി തൊഴിലാളി യൂണിയന്റെ ആഹ്വാനപ്രകാരം ട്രക്ക് ഡ്രൈവർമാർ, ടാക്സി തൊഴിലാളികൾ, കർഷകർ എന്നിവർ പണിമുടക്കിൽ പങ്കെടുത്തു. ഇന്ധനവില വർധനയ്ക്കും പ്രതിരോധ ചെലവുകൾ ഉയർത്തുന്നതിനുമെതിരെ നേരത്തേ പ്രതിഷേധിച്ചിരുന്ന ഇവർക്കൊപ്പം വിദ്യാർഥികളും അധ്യാപകരും പെൻഷൻകാരും അണിനിരന്നു.
ബൊളോണ, ജെനോവ, നേപ്പിൾസ്, ടൂറിൻ തുടങ്ങിയ നഗരങ്ങളിൽ റാലികൾ നടന്നു. ടൂറിനിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായതായും റിപ്പോർട്ടുണ്ട്. റോമിൽ ടെർമിനി റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിച്ച റാലി കൊളോസിയത്തിന് സമീപത്തുകൂടി നീങ്ങി. രണ്ട് ട്രാക്ടറുകളും ഒരു ടാക്സിയും റാലിയുടെ ഭാഗമായി.
‘ബോംബുകൾക്കു പകരം വീടുകൾ’ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രതിഷേധക്കാർ ഗാസയിലെ സാധാരണക്കാർ നേരിടുന്ന ദുരിതങ്ങൾ ചിത്രീകരിക്കുന്ന തെരുവുനാടകവും അവതരിപ്പിച്ചു. പ്രധാന നഗരങ്ങളിലെ റാലികളിൽ പലസ്തീൻ പതാകകളും വ്യാപകമായി ഉയർന്നു.
ജീവിതച്ചെലവ്, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, സൈനികവൽക്കരണം, യുദ്ധച്ചെലവ് തുടങ്ങിയ വിഷയങ്ങളാണ് വ്യത്യസ്ത രാജ്യങ്ങളിലെ പ്രതിഷേധങ്ങളെ ഒരുമിപ്പിക്കുന്നത്. വിദ്യാർഥികളും തൊഴിലാളികളും വിവിധ സാമൂഹിക വിഭാഗങ്ങളും ഒരേ ആവശ്യങ്ങളുമായി തെരുവിലിറങ്ങുന്നത് യൂറോപ്പിലെ ഭരണകൂടങ്ങൾക്ക് പുതിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രതിഷേധം വരും ദിവസങ്ങളിലും ശക്തമായി തുടരാനാണ് സംഘടനകളുടെ നീക്കം.


