ഒരുകാലത്ത് ഇന്ത്യൻ മാധ്യമലോകത്ത് അന്വേഷണാത്മക റിപ്പോർട്ടിങ്ങിലൂടെയും വിവാദങ്ങൾ സൃഷ്ടിച്ച വാർത്തകളിലൂടെയും വലിയ ചർച്ചകൾക്ക് വഴിവെച്ച പേരായിരുന്നു ‘തെഹൽക്ക’. അധികാരകേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയ അന്വേഷണങ്ങളും വ്യത്യസ്തമായ വാർത്താവതരണശൈലിയും കൊണ്ട് ശ്രദ്ധ നേടിയ മാധ്യമസ്ഥാപനം ഇപ്പോൾ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്. ഹിന്ദി പത്രമായ ‘സൺമാർഗ്’ പ്രസിദ്ധീകരിക്കുന്ന സൺമാർഗ് പ്രൈവറ്റ് ലിമിറ്റഡ്, തെഹൽക്കയുടെ മുഴുവൻ ഓഹരികളും ഏറ്റെടുത്തു. ഇതോടെ മാഗസിൻ, ഡിജിറ്റൽ മാധ്യമ മേഖലകളിലേക്കും സൺമാർഗ് ഗ്രൂപ്പ് സാന്നിധ്യം വ്യാപിപ്പിച്ചു.
തെഹൽക്ക.കോം പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുത്തതായി സൺമാർഗ് ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വർഷം ഒക്ടോബറിലാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായത്. നിലവിൽ രണ്ടാഴ്ചയിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന തെഹൽക്കയെ കൂടുതൽ നിക്ഷേപത്തോടെ വാരികയാക്കി മാറ്റാനാണ് പുതിയ ഉടമകളുടെ പദ്ധതി. അച്ചടി, ഡിജിറ്റൽ പതിപ്പുകൾ തുടർന്നും പ്രസിദ്ധീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
2017ലെ ഉടമസ്ഥതയിൽനിന്ന് പുതിയ കൈകളിലേക്ക്
2017ൽ തെഹൽക്കയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത നിക്ഷേപകസംഘത്തിൽനിന്നാണ് സൺമാർഗ് ഓഹരികൾ സ്വന്തമാക്കിയത്. അതിന് മുമ്പ് തരുൺ തേജ്പാലിന്റെയും മറ്റ് ചെറുകിട നിക്ഷേപകരുടെയും ഓഹരികൾ വാങ്ങി അവരെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയിരുന്നു. ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് എഡിറ്റർ സ്ഥാനം രാജിവച്ച തരുൺ തേജ്പാലിന് നിലവിലെ സ്ഥാപനവുമായോ അതിന്റെ പ്രവർത്തനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് പുതിയ ഉടമകൾ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
മുതിർന്ന പത്രപ്രവർത്തകൻ അരവിന്ദ് ചതുർവേദിയെ തെഹൽക്കയുടെ പുതിയ ചീഫ് എഡിറ്ററായി നിയമിച്ചതായും സൺമാർഗ് അറിയിച്ചു. അതേസമയം, തെഹൽക്കയ്ക്കെതിരായ പഴയ വ്യവഹാരങ്ങളുടെയും മറ്റ് ഗ്യാരണ്ടികളുടെയും ബാധ്യതകൾ മുൻ ഉടമയായ അനന്ത് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുമെന്നാണ് കരാറിലെ വ്യവസ്ഥ.
വരിക്കാർക്ക് ഉറപ്പുമായി പുതിയ മാനേജ്മെന്റ്
തെഹൽക്കയുടെ ആജീവനാന്ത വരിക്കാർക്ക് പതിവുപോലെ അച്ചടി, ഡിജിറ്റൽ പതിപ്പുകൾ ലഭിക്കുമെന്ന് സൺമാർഗ് ഉറപ്പുനൽകിയിട്ടുണ്ട്. സർക്കാർ നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് അർഥവത്തും ഗൗരവമേറിയതുമായ പത്രപ്രവർത്തനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സൺമാർഗ് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദി മാധ്യമ ശൃംഖലകളിലൊന്നായാണ് അറിയപ്പെടുന്നത്. തെഹൽക്കയുടെ ഏറ്റെടുക്കലിലൂടെ പത്രപ്രവർത്തന രംഗത്ത് പുതിയൊരു മേഖലയിലേക്ക് കൂടി ഗ്രൂപ്പ് കടക്കുകയാണ്. ഒരുകാലത്ത് അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ ശ്രദ്ധേയമായ മുഖമായിരുന്ന തെഹൽക്കയെ പുതിയ ഉടമകൾ എങ്ങനെയാണ് പുനർനിർമിക്കുന്നതെന്നതിലേക്കാണ് ഇനി മാധ്യമലോകത്തിന്റെ ശ്രദ്ധ.


